ഐപിഎല്ലിന്റെ 16ാം സീസണില്‍ ക്ലൈമാക്‌സിലേക്കു അടുക്കുകയാണ്. ലീഗ് ഘട്ടത്തിലെ അവസാന റൗണ്ട് മല്‍സരങ്ങളും പ്ലേഓഫുകളും ഫൈനലും മാത്രമാണ് ഇനി ബാക്കിയുള്ളത്. ടൂര്‍ണമെന്റ് കഴിയുന്നതോടെ വീണ്ടും ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ സഞ്ജു സാംസണും ഇന്ത്യന്‍ ടീമുമെല്ലാം വീണ്ടും ചൂടേറിയ ചര്‍ച്ചകള്‍ക്കു വഴിയൊരുക്കും. അദ്ദേഹത്തിനെതിരേ സെല്കറ്റര്‍മാരുടെ ഭാഗത്തു നിന്നും അവഗണന തുടരുമോ, അല്ലെങ്കില്‍ ഇനിയെങ്കിലും സമയം തെളിയുമോയെന്നു കാത്തിരുന്നു തന്നെ കാണണം.
ഏഷ്യാ കപ്പും അതിനു പിന്നാലെ ഐസിസിയുടെ ഏകദിന ലോകകപ്പുമെല്ലാം ഈ വര്‍ഷം നടക്കാനിരിക്കുകയാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം അത്ര ഗംഭീരമായ ഒരു സീസണായിരുന്നില്ല അദ്ദേഹത്തിനു ഇത്തവണത്തേത്. പക്ഷെ ഇതിന്റെ പേരില്‍ മാത്രം സഞ്ജുവിനെ അവഗണിക്കുന്നത് ഉചിതവുമല്ല. ഏകദിന ക്രിക്കറ്റില്‍ നിലവില്‍ 66 ബാറ്റിങ് ശരാശരിയുള്ള താരം കൂടിയാണ് സഞ്ജു സാംസണ്‍.

അതുകൊണ്ടു തന്നെ ഈ വര്‍ഷം ഏകദിനത്തില്‍ അദ്ദേഹത്തിനു പരമാവധി അവസരങ്ങള്‍ നല്‍കാനായിരിക്കണം ഇന്ത്യ ശ്രമിക്കേണ്ടത്. ഇതു ലോകകപ്പില്‍ ടീമിനു വലിയ മുതല്‍ക്കൂട്ടായി മാറിയേക്കുകയും ചെയ്യും. ഏകദിനത്തില്‍ ഇന്ത്യന്‍ മധ്യനിരയില്‍ സ്ഥാനമര്‍ഹിക്കുന്നുവെന്നു സഞ്ജു തെളിയിച്ച ആറ് ഇന്നിങ്‌സുകളെക്കുറിച്ച് അറിയാം.
ഒന്നാമത്തേത് ശ്രീലങ്കയുമായിട്ടാണ്. ടീം ഒന്നിനു 28 റണ്‍സില്‍ നില്‍ക്കെ ക്രീസിലെത്തിയ സഞ്ജു 46 ബോളില്‍ 46 റണ്‍സ് സ്‌കോര്‍ ചെയ്തു. പൃഥ്വി ഷായ്‌ക്കൊപ്പം 74 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും അദ്ദേഹത്തിനു സാധിച്ചു. സഞ്ജുവിന്റെ മികച്ച രണ്ടാമത്തെ ഇന്നിങ്‌സ് വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ്.
311 റണ്‍സ് ചേസ് ചെയ്യവെ ടീം മൂന്നിന് 79ല്‍ നില്‍ക്കെയാണ് അദ്ദേഹം ബാറ്റിങിന് എത്തിയത്. ശ്രേയസ് അയ്യര്‍ക്കൊപ്പം 99 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ സഞ്ജു നിര്‍ഭാഗ്യകരമായ രീതിയില്‍ റണ്ണൗട്ടാവുകയായിരുന്നു. 51 ബോളില്‍ മൂന്നു ഫോറും മൂന്നു സിക്‌സറുമടക്കം 54 റണ്‍സാണ് അദ്ദേഹം സ്കോര്‍ ചെയ്തത്.
മൂന്നാമത്തെ മികച്ച പ്രകടനം സിംബാബ്‌വെയ്‌ക്കെതിരേയാണ്. 162 റണ്‍സ് ചേസ് ചെയ്യവെ ടീം 14 ഓവറില്‍ നാലിന് 97 നില്‍ക്കെയാണ് സഞ്ജുവിന്റെ വരവ്. 39 ബോളില്‍ പുറത്താവാതെ 43 റണ്‍സെടുത്ത അദ്ദേഹം സിക്‌സറിലൂടെ വിജയറണ്‍സും കുറിച്ചു. കൂടാതെ മൂന്നു ക്യാച്ചുമെടുത്ത സഞ്ജു പ്ലെയര്‍ ഓഫ് ദി മാച്ചുമായിരുന്നു.
സഞ്ജുവിന്റെ നാലാമത്തെ മികച്ച ഇന്നിങ്‌സ് സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തിലാണ്. 40 ഓവര്‍ മാച്ചില്‍ ഇന്ത്യ 250 റണ്‍സ് ചേസ് ചെയ്യവെ 17.4 ഓവറിലാണ് അദ്ദേഹം ക്രീസിലെത്തുന്നത്. ടീം അപ്പോള്‍ നാലിന് 51 റണ്‍സെടുത്തിരുന്നു. 22 ഓവറില്‍ 200 റണ്‍സ് ഇന്ത്യക്കു ജയിക്കാന്‍ വേണ്ടിയിരുന്നു. സൗത്താഫ്രിക്കയുടെ ശക്തമായ ബൗളിങ് ആക്രമണത്തിനെതിരേ 63 ബോളില്‍ പുറത്താവാതെ 86 റണ്‍സ് സഞ്ജു സ്‌കോര്‍ ചെയ്തു.

പക്ഷെ ഒമ്പതു റണ്‍സിനു ഇന്ത്യ പൊരുതിത്തോല്‍ക്കുകയായിരുന്നു. സഞ്ജുവിന്റെ അഞ്ചാമത്തെ മികച്ച ഇന്നിങ്‌സും ഇതേ പരമ്പരയില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേയായിരുന്നു. പുറത്താവാതെ 30 റണ്‍സെടുത്ത അദ്ദേഹം മല്‍സരം ഫനിഷ് ചെയ്യുകയായിരുന്നു. പരമ്പയിലുടനീളം നോട്ടൗട്ടായി ക്രീസില്‍ നില്‍ക്കുകയും ചെയ്തു.
ആറാമത്തെ മികച്ച ഇന്നിങ്‌സ് ന്യൂസിലാന്‍ഡിനെതിരേയായിരുന്നു. 33 ഓവറില്‍ ഇന്ത്യ നാലിനു 160 റണ്‍സില്‍ നില്‍ക്കുമ്പോഴായിരുന്നു സഞ്ജു ക്രീസിലേക്കു വരുന്നത്. 12 ഓവറുകളില്‍ നിന്നും ശ്രേയസ് അയ്യര്‍ക്കൊപ്പം 95 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 36 റണ്‍സെടുത്ത് സഞ്ജു ക്രീസ് വിടുകയായിരുന്നു. ഏകദിനത്തില്‍ വളരെ കുറച്ച് അവസരങ്ങള്‍ മാത്രമേ ലഭിച്ചുള്ളൂവെങ്കിലും അവ നന്നായി മുതലാക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.
ആകെ 10 ഇന്നിങ്‌സുകളില്‍ ഇതുവരെ കളിച്ച സഞ്ജു 66 ശരാശിയില്‍ 105 സ്‌ട്രൈക്ക് റേറ്റോടെ നേടിയിരിക്കുന്നത് 330 റണ്‍സാണ്. 10ല്‍ ആറ് ഇന്നിങ്‌സുകളിലും ഇംപാക്ടുണ്ടാക്കിയ സഞ്ജു അഞ്ചെണ്ണത്തില്‍ നോട്ടൗട്ടുമായിരുന്നു. ഇത്രയും മികച്ച റെക്കോര്‍ഡുള്ള അദ്ദേഹത്തെ എങ്ങനെ ഇന്ത്യക്കു മാറ്റി നിര്‍ത്താന്‍ സാധിക്കും?