ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തുകയെന്നത് മലയാളി താരം സഞ്ജു സാംസണിനു ഇനിയത്ര എളുപ്പമായിരിക്കില്ല. കാരണം മികച്ച പ്രകടനങ്ങളിലൂടെ സെലക്ടര്‍മാരുടെയും കോച്ച് ഗൗതം ഗംഭീറിന്റെയും മതിപ്പ് നേടിയെടുക്കാനുള്ള രണ്ടു അവസരങ്ങള്‍ അദ്ദേഹത്തിനു ഇപ്പോള്‍ നഷ്ടമായിരിക്കുകയാണ്. വരാനിരിക്കുന്ന ദുലീപ് ട്രോഫിക്കുള്ള ടീമുകളില്‍ നിന്നും തഴയപ്പെട്ട സഞ്ജു, പ്രഥമ കേരള ക്രിക്കറ്റ് ലീഗിലും (KCL) കളിക്കുന്നില്ല. ഇതോടെ അദ്ദേഹത്തിനു നിലവില്‍ മല്‍സങ്ങളൊന്നുമില്ലാതെ ഒതുങ്ങേണ്ടിയും വന്നിരിക്കുകയാണ്.
ഇതു വരാനിരിക്കുന്ന പരമ്പരകളില്‍ സഞ്ജുവിനു വലിയ തിരിച്ചടി തന്നെയായിരിക്കും. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു മുന്നില്‍ ഇനിയുള്ള ഒരേയൊരു വഴി ഇന്ത്യ വിടുകയെന്നതാണ്. ഇംഗ്ലണ്ടില്‍ പോയി അവിടെ കൗണ്ടി ക്രിക്കറ്റില്‍ കളിച്ച് ഫോം നിലനിര്‍ത്തുകയാണ് സഞ്ജു ചെയ്യേണ്ടത്. എങ്കില്‍ മാത്രമേ ഭാവി പരമ്പരകളിലേക്കു അദ്ദേഹം ടീമിലേക്കു പരിഗണിക്കപ്പെടുകയുള്ളൂ.

നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലാത്ത പല താരങ്ങളുടെയും പുതിയ തട്ടകമായി ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് മാറിക്കഴിഞ്ഞു. ഇംഗ്ലണ്ടില്‍ നടക്കുന്ന വണ്‍ഡേ കപ്പില്‍ (ONE DAY CUP) സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍, യുവ താരവും വെടിക്കെട്ട് ഓപ്പണറുമായ പൃഥ്വി ഷാ, യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ എന്നിവരെല്ലാം ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുകയാണ്. ശ്രദ്ധേയമായ പ്രകടനം മൂന്നു പേരും കാഴ്ചവയ്ക്കകയും ചെയ്യുന്നുണ്ട്.
ഇന്ത്യയുടെ മൂന്നു ഫോര്‍മാറ്റുകളിലും സ്ഥാനം നഷ്ടമായ ചഹല്‍ തന്റെ കരിയര്‍ വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലണ്ടിലേക്കു പറന്നത്. നോര്‍ത്താംപ്റ്റണ്‍ഷെയര്‍ സ്റ്റീല്‍ബാക്‌സിനായി കളിക്കാനിറങ്ങിയ അദ്ദേഹം അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ അഞ്ചു വിക്കറ്റുകളുമായി കസറുകയും ചെയ്തു. പൃഥ്വി നേരത്തേ തന്നെ കൗണ്ടി ക്രിക്കറ്റില്‍ സജീവമാണ്. ചഹലിനൊപ്പം ഈ സീസണിലാണ് വെങ്കടേഷ് ഇംഗ്ലണ്ടില്‍ അരങ്ങേറിയത്. താരം മികച്ച പ്രകടനം നടത്തുകയും ചെയ്യുന്നുണ്ട്.
രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന്റെ സഹതാരം മാത്രമല്ല അടുത്ത സുഹൃത്തും കൂടിയാണ് ചഹല്‍. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വഴിയെ കൗണ്ടി ക്രിക്കറ്റില്‍ കളിക്കുന്നതിനെക്കുറിച്ച് സഞ്ജുവിനും ഗൗരവമായി തന്നെ ആലോചിക്കാവുന്നതാണ്. ആഭ്യന്തര ക്രിക്കറ്റിലൊന്നും നിലവില്‍ അവസരമില്ലാത്തതിനാല്‍ തന്നെ അദ്ദേഹത്തിനു മുന്നില്‍ ഇപ്പോള്‍ ഈ വഴി മാത്രമേയിള്ളൂ.
കൗണ്ടി ക്രിക്കറ്റില്‍ ബാറ്റിങില്‍ മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ സാധിച്ചാല്‍ അതു സഞ്ജുവിനു ഏറെ ഗുണം ചെയ്യും. ഇതു സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കാനും അതു വഴി ദേശീയ ടീമില്‍ ഇടം പിടിക്കാനും അദ്ദേഹത്തെ സഹായിക്കുകയും ചെയ്യും.

ദേശീയ ടീമിന്റെ ഭാഗമല്ലാത്ത താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്നത് നിര്‍ബന്ധമാണ്. സെലക്ടര്‍മാര്‍ ഇത്തവണ ഇക്കാര്യം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സീനിയര്‍ ടീമിലെ ഭൂരിഭാഗം കളിക്കാരും ദുലീപ് ട്രോഫി റെഡ് ബോള്‍ ക്രിക്കറ്റില്‍ കളിക്കാന്‍ തയ്യാറായത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരൊഴികെ ഭൂരിഭാഗം കളിക്കാരും ദുലീപ് ട്രോഫിയില്‍ വിവിധ ടീമുകളുടെ ഭാഗമാണ്.
ബംഗ്ലാദേശുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പര അടുത്ത മാസം പകുതിയോടെ ആരംഭിക്കാനിരിക്കെ താരങ്ങളെ സംബന്ധിച്ച് തയ്യാറെടുപ്പിനുള്ള മികച്ച അവസരം കൂടിയായിരിക്കും ദുലീപ് ട്രോഫി. ഈ ടൂര്‍ണമെന്റില്‍ കളിച്ച് അതു വഴി ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടംനേടുകയെന്ന ലക്ഷ്യത്തോടെയാണ് കേരള ക്രിക്കറ്റ് ലീഗില്‍ നിന്നും സഞ്ജു വിട്ടുനിന്നത്. പക്ഷെ ഇതു വലിയ മണ്ടത്തരമായെന്നു ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. ദുലീപ് ട്രോഫിയില്‍ നിന്നും തഴയപ്പെട്ടതോടെ ഈ ടൂര്‍ണമെന്റ് മാത്രമല്ല, കെസിഎല്ലില്‍ കൂടിയാണ് അദ്ദേഹത്തിനു അവസരം നഷ്ടമായത്.