ടി20 ഫോര്‍മാറ്റില്‍ ഇന്ത്യക്കു വേണ്ടി സഞ്ജു സാംസണ്‍ തുടര്‍ന്നും ഓപ്പണറായി കളിക്കണമെന്ന ആവശ്യം ശക്തമാകവെ ഇതേക്കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് സൗത്താഫ്രിക്കന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്. ബംഗ്ലാദേശുമായി സമാപിച്ച മൂന്നു ടി20കളിലും സഞ്ജു ഓപ്പണറായാണ് കളിച്ചത്.
150 റണ്‍സോടെ അദ്ദേഹം പരമ്പരയിലെ ടോപ്‌സ്‌കോററായി മാറുകയും ചെയ്തിരുന്നു. ആദ്യ രണ്ടു മല്‍സരങ്ങളില്‍ 29, 10 എന്നിങ്ങനെ സ്‌കോറുകള്‍ക്കു പുറത്തായ സഞ്ജു അവസാന കളിയില്‍ സെഞ്ച്വറിയുമായി ഇതിന്റെ ക്ഷീണം തീര്‍ക്കുകയായിരുന്നു. 47 ബോളില്‍ 111 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.
ടി20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയെന്ന റെക്കോര്‍ഡും സഞ്ജു തന്റെ പേരിലാക്കിയിരുന്നു. 360യെന്ന സ്വന്തം യൂട്യൂബ് ചാനലില്‍ ആരാധകരുമായി സംവദിക്കവെയാണ് സഞ്ജു സ്ഥിരം ഓപ്പണറാവുന്നതിനെക്കുറിച്ച് എബിഡി സംസാരിച്ചത്.

സഞ്ജു - ജയ്സ്വാള്‍ ഓപ്പണിങ്?
ബംഗ്ലാദേശിനെതിരേ സമാപിച്ച ടി20 പരമ്പരയിലെ പ്രകടനം വിലയിരുത്തുമ്പോള്‍ തുടര്‍ന്നും ഈ ഫോര്‍മാറ്റില്‍ സഞ്ജു സാംസണ്‍ ഓപ്പണറായി തന്നെ കളിക്കണമെന്നാണ് ആഗ്രഹമെന്നു എബിഡില്ലിയേഴ്‌സ് വ്യക്തമാക്കി. യശസ്വി ജയ്‌സ്വാള്‍ തിരിച്ചുവരുമ്പോള്‍ സഞ്ജു സാംസണിനു ഓപ്പണിങില്‍ സ്ഥിരമായി അവസരം ലഭിക്കുമെന്നു കരുതുന്നുണ്ടോയെന്നായിരുന്നു ഒരു ആരാധകന്‍ എബിഡിയോടു ചോദിച്ചത്.
ഇതു വളരെ കടുപ്പമേറിയ ചോദ്യമാണെന്നായിരുന്നു എബിഡിയുടെ ആദ്യത്തെ മറുപടി. 'ഇന്ത്യന്‍ ടീമിനെയും സെലക്ടര്‍മാരെയും സംബന്ധിച്ച് വലിയ തലവേദനയായിരിക്കും ഇത്. ടീം നന്നായി പെര്‍ഫോം ചെയ്യുകയും ടീമിനു നല്ല ആഴവുമുണ്ടെങ്കില്‍ അതു വളരെ മികച്ച കാര്യമാണ്'.
ഇന്ത്യയുടെ കാര്യത്തില്‍ ടീം സെലക്ഷന്‍ കോച്ചിനു കടുപ്പം തന്നെയായിരിക്കും. നിലവില്‍ ഇന്ത്യക്കു രണ്ടു മികച്ച ടീമുകളെ ഒരേ സമയത്തു ഇറക്കാനുള്ള ശേഷിയുണ്ട്. ലോകത്തിന്റ വിവിധ ഭാഗങ്ങളിലെ ഏറെക്കുറെ എല്ലാ ടീമുകളെയും തോല്‍പ്പിക്കാന്‍ അവര്‍ക്കു സാധിക്കുകയും ചെയ്യുമെന്നും എബിഡി നിരീക്ഷിച്ചു.
ബാറ്റിങില്‍ ഏറ്റവുമധികം ആത്മവിശ്വാസമുള്ള പൊസിഷനില്‍ ഒരു താരത്തെ കളിപ്പിക്കേണ്ടതു പ്രധാനപ്പെട്ട കാര്യമാണെന്നു ഞാന്‍ കരുതുന്നു. വിരാട് കോലിയെപ്പോലെയുള്ള താരങ്ങള്‍ നമുക്കു മുന്നിലുണ്ട്. ഇന്ത്യക്കു വേണ്ടി എല്ലായ്‌പ്പോഴും മൂന്നാം നമ്പറിലാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. ഐപിഎല്ലില്‍ വിരാട് പിന്നീട് ഓപ്പണറായും ബാറ്റ് ചെയ്തു. പക്ഷെ അദ്ദേഹത്തെ മൂന്നാം നമ്പറില്‍ കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവിടെയാണ് വിരാട് ഏറ്റവും അപകടകാരിയെന്നും എബിഡി ചൂണ്ടിക്കാട്ടി.

സഞ്ജു ഓപ്പണ്‍ ചെയ്യണം
ഇന്ത്യക്കു വേണ്ടി സഞ്ജു സാംസണിനു ഏതു പൊസിഷനിലാണോ ഏറ്റവുമധികം ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുക അവിടെയാണ് കോച്ച് കളിപ്പിക്കേണ്ടതെന്നാണ് എബി ഡിവില്ലിയേഴ്‌സിന്റെ അഭിപ്രായം. സഞ്ജു ഓപ്പണറായി കളിക്കുന്നതു കാണാനാണ് ഞാന്‍ എല്ലായ്‌പ്പോഴും ആഗ്രഹിക്കുന്നത്. ഈ പൊസിഷനില്‍ അദ്ദേഹത്തിനു വളരെ മികച്ച ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുമെന്നും ഞാന്‍ കരുതുന്നു.
ന്യൂബോളിനെതിരേ വളരെ അനായാസമാണ് സഞ്ജു ബാറ്റ് ചെയ്യുന്നത്. നല്ല നിയന്ത്രണത്തോടെയുള്ള ഷോട്ടുകളാണ് അദ്ദേഹം കളിക്കുന്നത്. ഒരുപാട് കരുത്തും സഞ്ജുവിന്റെ ഷോട്ടുകള്‍ക്കുണ്ട്. പക്ഷെ അദ്ദേഹത്തെ ടി20യില്‍ തുടര്‍ന്നും ഓപ്പണറായി കളിപ്പിക്കണമോയെന്നതു ടീം മാനേജ്‌മെന്റിനെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയ തീരുമാനമായിരിക്കും.
സഞ്ജുവും ജയ്‌സ്വാളും വളരെ മികച്ച ബാറ്റര്‍മാരാണ്. ഇവരെ ഓപ്പണര്‍മാരായി കളിപ്പിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കോച്ചിങ് സ്റ്റാഫുമാരാണ്. ഞാന്‍ സഞ്ജുവിനെ തന്നെ ഓപ്പണറായി നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നയാളാണ്. ഇതുപോലെയൊരു സെഞ്ച്വറി പ്രകടനത്തിനു ശേഷം അദ്ദേഹത്തെ മാറ്റി പകരം മറ്റൊരാളെക്കുറിച്ച് ചിന്തിക്കാന്‍ സാധിക്കില്ല. ഓപ്പണിങിലായിരിക്കും സഞ്ജു കൂടുതല്‍ അപകടകാരിയെന്നു തനിക്കു തോന്നുന്നതായും എബിഡി കൂട്ടിച്ചേര്‍ത്തു.