സഞ്ജുവിനെ സെഞ്ച്വറിയും രക്ഷിക്കില്ല! മൂന്നില്‍ കൂടുതല്‍ അവസരം കിട്ടില്ല? ഇതാ കാരണം
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു അകത്തും പുറത്തുമായി തുടരുന്ന മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ഈ വര്‍ഷമെങ്കിലും തന്റെ സമയം തെളിയുമെന്ന പ്രതീക്ഷയിലാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ അവസരങ്ങള്‍ തനിക്കു ലഭിക്കുമെന്നു അദ്ദേഹം സ്വപ്‌നം കാണുന്നു. പക്ഷെ അതു യാഥാര്‍ഥ്യമാവാനുള്ള സാധ്യത വളരെ കുറവാണെന്നു തന്നെ പറയേണ്ടി വരും. വളരെ കുറച്ചു മല്‍സരങ്ങളില്‍ മാത്രമേ സഞ്ജുവിനു ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കാന്‍ സാധ്യതയുള്ളൂ. ഇതിന്റെ കാരണം എന്താണെന്നു നമുക്കു പരിശോധിക്കാം.
നിലവില്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ടി20യില്‍ സഞ്ജു പിന്തള്ളപ്പെട്ടു കഴിഞ്ഞു. ഏകദിന ഫോര്‍മാറ്റില്‍ മാത്രമേ അടുത്തിടെയായി അദ്ദേഹം പരിഗണിക്കപ്പെട്ടിട്ടുള്ളൂ. സഞ്ജുവിനു വില്ലനാവുന്നതും ഇതു തന്നെയാണ്. ഈ വര്‍ഷം ഇന്ത്യന്‍ ടീം ആകെ കളിക്കുന്നത് വെറും മൂന്നു ഏകദിന മല്‍സരങ്ങളില്‍ മാത്രമാണ്. ടെസ്റ്റ്, ടി20 എന്നിവയിലാണ് ഇന്ത്യക്കു കൂടുതലായി മല്‍സരങ്ങളുള്ളത്.

അതുകൊണ്ടു തന്നെ സഞ്ജുവിനു തന്റെ മിടുക്ക് തെളിയിക്കാന്‍ പരിമിതമായ അവസരങ്ങള്‍ മാത്രമേ ഈ വര്‍ഷം ലഭിക്കാനിടയുള്ളൂ. ജൂലൈ- ആഗസ്റ്റ് മാസങ്ങളിലായി ഇന്ത്യന്‍ ടീം ശ്രീലങ്കയില്‍ പര്യനം നടത്തുന്നുണ്ട്. ഈ പര്യടനത്തിലാണ് ഈ വര്‍ഷത്തെ ഇന്ത്യയുടെ ഒരേയൊരു ഏകദിന പരമ്പര. മൂന്നു ഏകദിനങ്ങളാണ് ലങ്കയില്‍ ഇന്ത്യന്‍ ടീം കളിക്കുക. നിലവിലെ സാഹചര്യത്തില്‍ ഈ പരമ്പരയില്‍ മാത്രമേ സഞ്ജുവിനു ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കാനിടയുള്ളൂ.
ടി20യില്‍ തനിക്കു ലഭിച്ച അവസരങ്ങള്‍ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കാതെ പോയതാണ് സഞ്ജുവിനു തിരിച്ചടിയായത്. അടുത്തിടെ സഞ്ജുവിനെ പിന്തള്ളി ജിതേഷ് ശര്‍മ ടി20യില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ റോളിലേക്കു ഉയര്‍ന്നു വന്നിരുന്നു.
ഇഷാന്‍ കിഷനും ജിതേഷുമാണ് നിലവില്‍ ടി20യില്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍മാര്‍. മുന്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഈ വര്‍ഷം പരിക്കില്‍ നിന്നും മോചിതനായി കളിക്കളത്തിലേക്കു മടങ്ങിയെത്താന്‍ തയ്യാറെടുക്കുകയാണ്.
റിഷഭ് പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കുകയും പഴയ ഫോമിലേക്കു മടങ്ങിയെത്തുകയും ചെയ്താല്‍ ടി20യില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു ത്രികോണ പോരാട്ടമായിരിക്കും നടക്കുക. റിഷഭിനൊപ്പം ഇഷാനും ജിതേഷുമായിരിക്കും ഈ റോളിനായി പോരടിക്കുക. ഇവിടെ സഞ്ജുവിനു യാതൊരു പ്രതീക്ഷയും വേണ്ട. അതുകൊണ്ടു തന്നെ ഏകദിനത്തില്‍ മാത്രമേ ഇനി അദ്ദേഹത്തിനു പ്രതീക്ഷയ്ക്കു വകയുള്ളൂ.
കഴിഞ്ഞ വര്‍ഷം അവസാനം നിരവധി ടി20 പരമ്പരകളില്‍ നിന്നും സഞ്ജു തഴയപ്പെട്ടിരുന്നു. ആഗസ്റ്റിലെ അയര്‍ലാന്‍ഡ് പര്യടനത്തിലെ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് അദ്ദേഹം അവസാനായി കളിച്ചത്.

അതിനു ശേഷം ടി20 ഫോര്‍മാറ്റിലുള്ള ഏഷ്യന്‍ ഗെയിംസ്, ഓസ്‌ട്രേലിയക്കെതിരായ അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പര, സൗത്താഫ്രിക്കയുമായുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര എന്നിവയിലെല്ലാം സഞ്ജു ഒഴിവാക്കപ്പെടുകയായിരുന്നു. ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരായ പരമ്പരകളില്‍ ഇഷാനും ജിതേഷുമായിരുന്നു പ്രധാന വിക്കറ്റ് കീപ്പര്‍മാര്‍.
ഈ വര്‍ഷം വരാനിരിക്കുന്ന ടി20 പരമ്പരകളിലും റിഷഭ് മടങ്ങിയെത്തും വരെ ഇഷാനും ജിതേഷും തന്നെ ഈ റോളില്‍ തുടരാനാണ് സാധ്യത. സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മല്‍സരത്തിലാണ് സഞ്ജു അവസാനമായി കളിച്ചത്. ഈ മല്‍സരത്തില്‍ കന്നി അന്താരാഷ്ട്ര സെഞ്ച്വറിയും അദ്ദേഹം കുറിച്ചിരുന്നു. പക്ഷെ ഈ പ്രകടനം ടി20യിലേക്കു സഞ്ജുവിനു വാതില്‍ തുറക്കാനിടയില്ല.
ടി20യില്‍ അദ്ദേഹത്തിന്റെ മോശം പ്രകടനമാണ് ഇതിനു കാരണം. ടി20യില്‍ 21 ഇന്നിങ്‌സുകളിലാണ് സഞ്ജു ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും 19.68 എന്ന മോശം ശരാശരിയില്‍ 374 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. ഒരു ഫിഫ്റ്റി മാത്രമേ ഇതിലുള്ളൂ. എന്നാല്‍ ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡാണ് സഞ്ജുവിന്റേത്. 14 ഇന്നിങ്‌സുകളില്‍ നിന്നും 56.67 ശരാശരിയില്‍ ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളുമടക്കം അദ്ദേഹം 510 റണ്‍സ് നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications