ടി20 ലോകകപ്പില്‍ ഇത്തവണ ഇന്ത്യക്കു വേണ്ടി ഒരു മല്‍സരം പോലും കളിക്കാന്‍ അവസരം ലഭിക്കാതെ പോയ നിര്‍ഭാഗ്യവാനാണ് മലയാളി താരം സഞ്ജു സാംസണ്‍. എങ്കിലും കരിയറിലെ ആദ്യത്തെ ലോകകപ്പില്‍ തന്നെ ഇന്ത്യക്കൊപ്പം കിരീടനേട്ടത്തില്‍ പങ്കാളിയാവാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു. 2026ല്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കിനിരിക്കുന്ന അടുത്ത എഡിഷനില്‍ അദ്ദേഹത്തിനു അവസരം ലഭിക്കുമോയെന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് വെറ്ററന്‍ ലെഗ് സ്പിന്നര്‍ അമിത് മിശ്ര.
29 കാരനായ സഞ്ജുവിനു അടുത്ത ലോകകപ്പാവുമ്പോഴേക്കും 31 വയസ്സാവുമെന്നും അതിനാല്‍ തന്നെ ടീമില്‍ ഇടം ലഭിച്ചേക്കില്ലെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് അദ്ദേഹം. 2026ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ സഞ്ജുവുണ്ടാവുമെന്നു എനിക്കു തോന്നുന്നില്ല. അദ്ദേഹത്തിനു ഇപ്പോള്‍ വയസ്സായിക്കഴിഞ്ഞു.

ടി20 ടീമിലേക്കു യുവാക്കളുടെ ഒഴുക്കുണ്ട്. ടി20യെന്നത് ചെറുപ്പക്കാരുടെ ഗെയിമാണെന്ന ആശയം അവതരിപ്പിച്ചത് വിരാട് കോലിയാണ്. ടി20യില്‍ യുവതാരങ്ങളാണ് നന്നായി പെര്‍ഫോം ചെയ്യുകയെന്നും ഇന്ത്യക്കു അവരെയാണ് കൂടുതലായി വേണ്ടതെന്നുമെല്ലാം കോലി ചൂണ്ടിക്കാട്ടി. പക്ഷെ 35ാം വയസ്സിലാണ് ഈ ടി20 ലോകകപ്പില്‍ അദ്ദേഹം കളിച്ചതെന്നു മിശ്ര തുറന്നടിച്ചു.
സഞ്ജു സാംസണിനു അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കണമെങ്കില്‍ ഇനി കളിക്കുന്ന മല്‍സരങ്ങളിലെല്ലാം അസാധാരണ പ്രകടനം തന്നെ നടത്തേണ്ടതായി വരും. എങ്കില്‍ മാത്രമേ ലോകകപ്പിനെക്കുറിച്ച് സഞ്ജു സ്വപ്‌നം കാണേണ്ടതുള്ളൂ. ഇപ്പോള്‍ അദ്ദേഹം ടി20 ടീമിലുണ്ടെങ്കില്‍ രണ്ടു വര്‍ഷം കഴിഞ്ഞ് നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് വരെ സ്ഥാനം നിലനിര്‍ത്തേണ്ടതും ആവശ്യമാണ്. എങ്കില്‍ മാത്രമേ ലോകകപ്പ് സ്‌ക്വാഡിലേക്കു സഞ്ജു പരിഗണിക്കപ്പെടുകയും ചെയ്യുകയുള്ളൂ.
അല്ലെങ്കില്‍ കാര്യങ്ങള്‍ വളരെ കടുപ്പം തന്നെയായിരിക്കും. കാരണം ഒരുപാട് യുവതാരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ അവസരത്തിനായി വാതിലില്‍ മുട്ടുകയാണ്. ഇഷാന്‍ കിഷന്‍ വളരെയധികം കഴിവുള്ള താരമാണ്. പക്ഷെ അവന്‍ ഇപ്പോള്‍ ടി20 ടീമിനു പുറത്താണ്. റിഷഭ് പന്ത് വിക്കറ്റ് കീപ്പറുടെ സ്ഥാനത്തേക്കു എല്ലായ്‌പ്പോഴും അവിടെയുണ്ട്. കൂടാതെ ധ്രുവ് ജുറേല്‍, ജിതേഷ് ശര്‍മ തുടങ്ങി വിക്കറ്റ് കീപ്പര്‍മാരുടെ വലിയൊരു നിര തന്നെയുണ്ടെന്നും മിശ്ര വിശദമാക്കി.

ടി20യെന്നത് യുവതാരങ്ങളുടെ ഗെയിമാണെന്ന ധാരണ തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിചയസമ്പത്തുള്ള താരങ്ങള്‍ കൂടി ടീമിലുണ്ടെങ്കില്‍ മാത്രമേ വലിയ വിജയങ്ങള്‍ കൈവരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും മിശ്ര പറയുന്നു. ഇതു യുവാക്കളുടെ ഗെയിമാണെന്ന ഒരു ചിന്താഗതി എല്ലാവരിലും ഉറച്ചു പോയിരിക്കുകയാണ്. പക്ഷെ ടി20യില്‍ ആരാണ് ടീമിനെ മല്‍സരങ്ങള്‍ വിജയിപ്പിക്കുന്നത്? അതു സീനിയര്‍ കളിക്കാര്‍ തന്നെയാണെന്നതാണ് സത്യം.
2007ല്‍ ഇന്ത്യ ജേതാക്കളായ പ്രഥമ ടി20 ലോകകപ്പ് നോക്കൂ. അന്നത്തെ ടീമിലുണ്ടായിരുന്ന വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ് എന്നീ മുതിര്‍ന്ന താരങ്ങളെയെല്ലാം ഒഴിവാക്കിയാല്‍ ഇന്ത്യ കപ്പടിക്കുമായിരുന്നോ? ഇല്ലെന്നു തന്നെയാണ് ഇതിന്റെ ഉത്തരം.
ഈ വര്‍ഷം ടി20 ലോകകപ്പും മറ്റൊരു ഉദാഹരണമാണ്. ഈ ടീമില്‍ നിന്നും രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെ ഒഴിവാക്കിയിരുന്നെങ്കില്‍ ഇന്ത്യ കപ്പും നേടില്ലായിരുന്നു. അതുകൊണ്ടു തന്നെ അനുഭവസമ്പത്തുള്ള സീനിയര്‍ കളിക്കാരെയും ടി20യില്‍ ആവശ്യമാണെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു.