കൊച്ചി: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കാന്‍ പോവുകയാണ്. അഞ്ച് മത്സര പരമ്പര ട്രോഫി ഇന്ത്യ ഉറപ്പിച്ചതിനാല്‍ വലിയ മാറ്റങ്ങളോടെയാവും ഇന്ത്യ അവസാന ടി20 മത്സരത്തിന് ഇറങ്ങുന്നത്. ടി20 പരമ്പരക്ക് ശേഷം ഇംഗ്ലണ്ടിനെതിരേ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ഇതിന് ശേഷം ചാമ്പ്യന്‍സ് ട്രോഫി കളിക്കാനും പോകും. ടി20 പരമ്പരയോടെ സഞ്ജു സാംസണിന്റെ ഇന്ത്യന്‍ ടീമിലെ റോള്‍ അവസാനിച്ചിരിക്കുകയാണ്.
ഏകദിന പരമ്പരയിലും ചാമ്പ്യന്‍സ് ട്രോഫിയിലും സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ സീറ്റില്ല. ഈ സാഹചര്യത്തില്‍ ഐപിഎല്‍ വരെ സഞ്ജു സാംസണിന് മറ്റ് ഉത്തരവാദിത്തങ്ങളൊന്നുമില്ലെന്ന് പറയാം. കേരള ക്രിക്കറ്റ് അസോസിയേഷനുമായുള്ള ഭിന്നത സഞ്ജുവിന്റെ ആഭ്യന്തര ക്രിക്കറ്റിലെ സീറ്റും അനിശ്ചിതത്വത്തിലാക്കിയിരുന്നു. ഇപ്പോഴിതാ സഞ്ജു രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കാന്‍ തയ്യാറെടുക്കുകയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളെത്തുകയാണ്.
കെസിഎ ഭാരവാഹികളുമായുള്ള പ്രശ്‌നങ്ങള്‍ സംസാരിച്ച് തീര്‍ത്തെന്നും സഞ്ജുവിനെ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കാന്‍ അനുവദിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആറ് വര്‍ഷത്തിന് ശേഷമാണ് കേരളം രഞ്ജി ട്രോഫി കളിക്കുന്നത്. അതുകൊണ്ടുതന്നെ സഞ്ജുവിനെ ടീമിലേക്ക് പെട്ടെന്ന് എത്തിക്കുന്നത് ടീമിനെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
രഞ്ജി ട്രോഫി കളിക്കേണ്ടത് സഞ്ജുവിന്റെ ആവശ്യം
സമീപകാലത്തായി മോശം ഫോമിലൂടെയാണ് സഞ്ജു സാംസണ്‍ കടന്ന് പോകുന്നത്. ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്കെതിരേ സെഞ്ച്വറികളോടെ കസറിയ സഞ്ജുവിന് ഇംഗ്ലണ്ട് പരമ്പരയില്‍ തൊട്ടതെല്ലാം പിഴച്ചു. 26, 5, 3, 1 എന്നിങ്ങനെയാണ് ആദ്യ നാല് മത്സരത്തിലെ സഞ്ജുവിന്റെ സ്‌കോര്‍. ഇന്ന് അഞ്ചാം ടി20യിലെ സഞ്ജുവിന്റെ പ്രകടനം എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്. നിലവിലെ സാഹചര്യത്തില്‍ മോശം ഫോമിലുള്ള സഞ്ജുവിന് രഞ്ജി ട്രോഫി കളിക്കേണ്ടത് അത്യാവശ്യമാണ്.

ഐപിഎല്ലിന് മുമ്പ് പഴയ ഫോമിലേക്കെത്താന്‍ സഞ്ജുവിന് രഞ്ജി ട്രോഫി കളിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ വലിയ ഇടവേള ഐപിഎല്ലിന് മുമ്പായി സഞ്ജുവിന് ഉണ്ടാവും. അതുകൊണ്ടുതന്നെ രഞ്ജി ട്രോഫി കളിക്കേണ്ടത് സഞ്ജു സാംസണിന്റെ ആവശ്യമാണെന്ന് പറയാം. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കെസിഎ ഭാരവാഹികളുമായുള്ള അഭിപ്രായ ഭിന്നത പരിഹരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സഞ്ജുവിന് രഞ്ജി ട്രോഫി കളിക്കാനുള്ള അവസരം ലഭിക്കാനാണ് കൂടുതല്‍ സാധ്യത.
ക്വാര്‍ട്ടറിലെത്തിയ ടീമിനെ പൊളിക്കുമോ?
കേരള ടീം സഞ്ജു സാംസണില്ലാതെയാണ് ക്വാര്‍ട്ടര്‍ ഫൈനലിലേക്കെത്തിയത്. 2019ന് ശേഷം കേരളം ആദ്യമായാണ് രഞ്ജി ട്രോഫി ക്വാര്‍ട്ടറിലെത്തുന്നത്. ഈ സാഹചര്യത്തില്‍ നിലവിലെ ടീമിലേക്ക് സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തുകയെന്നത് പരിശീലകര്‍ക്കും താരങ്ങള്‍ക്കും ഉള്‍ക്കൊള്ളുക പ്രയാസമാവും. നിലവിലെ ടീം കൂട്ടുകെട്ട് മികച്ചതാണ്. സഞ്ജുവെത്തിയാല്‍ ഒരാള്‍ വഴിമാറിക്കൊടുക്കേണ്ടി വരും. ഇത് ടീമിനെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്.
സഞ്ജു കേരളത്തിന്റെ അഭിമാന താരമാണെങ്കിലും ക്വാര്‍ട്ടറിലേക്ക് പൊരുതിയെത്തിയ ടീമിനെ പൊളിച്ചുകൊണ്ട് ടീമിലേക്കെത്തുമോയെന്നത് കണ്ടറിയണം. സഞ്ജുവിന് രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയാല്‍ വീണ്ടും ആത്മവിശ്വാസം നേടിയെടുക്കാനാവും. രഞ്ജി ട്രോഫി കളിക്കാന്‍ സാധിക്കാത്ത പക്ഷം സഞ്ജു ഐപിഎല്ലിന്റെ മുന്നൊരുക്കമായി രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാംപിലേക്ക് പോകും. എന്തായാലും കേരളത്തിനായി കളിക്കാന്‍ സഞ്ജു ശ്രമം നടത്തുന്നുണ്ടെന്നാണ് വിവരം.
സഞ്ജുവിന് അഞ്ചാം മത്സരം നിര്‍ണ്ണായകം
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20യിലെ സഞ്ജു സാംസണിന്റെ പ്രകടനം വളരെ നിര്‍ണ്ണായകമായേക്കും. നിലവിലെ മോശം ഫോമില്‍ മിന്നും ഫോമില്‍ നില്‍ക്കുന്ന കേരള ടീമിലേക്ക് സഞ്ജുവിനെ കൊണ്ടുവരാന്‍ ടീം ധൈര്യം കാട്ടിയേക്കില്ല. എന്നാല്‍ സഞ്ജുവിന് അഞ്ചാം മത്സരത്തില്‍ ഫോമിലേക്കെത്താനായാല്‍ സഞ്ജുവിനെ കളിപ്പിക്കാന്‍ കേരള ടീമിന് കൂടുതല്‍ ധൈര്യം കിട്ടും. അതുകൊണ്ടുതന്നെ അഞ്ചാം മത്സരത്തിലെ സഞ്ജുവിന്റെ പ്രകടനം വളരെ നിര്‍ണ്ണായകമാണ്. എട്ടാം തീയ്യതിയാണ് രഞ്ജി ട്രോഫിയിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്.