മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം എല്ലാക്കാലത്തും താരസമ്പന്നമാണ്. കരുത്തരായ താരങ്ങള്‍ എല്ലാ കാലത്തും ടീമിനൊപ്പം ഉണ്ടായിട്ടുണ്ട്. ഐപിഎല്ലിന്റെ വരവ് ഇന്ത്യന്‍ ടീമിലേക്കുള്ള യുവതാരങ്ങളുടെ ഒഴുക്ക് ഉയര്‍ത്തിയിട്ടുണ്ടെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ സ്ഥിരതയോടെ കളിക്കാത്തവര്‍ക്ക് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കില്ലെന്ന കാര്യം ഉറപ്പാണ്. ഇന്ത്യയുടെ ടി20 ടീമിലെ സമീപകാല നീക്കങ്ങള്‍ നോക്കിയാല്‍ പല യുവതാരങ്ങളേയും മാറി മാറി പരീക്ഷിക്കുന്നതാണ് കാണാനാവുന്നത്.
എന്തായാലും സമീപകാലത്തെ ഇന്ത്യയുടെ ടി20 ടീമിന്റെ പ്രകടനം ശ്രദ്ധേയമാണ്. ബംഗ്ലാദേശിനെതിരേ തകര്‍പ്പന്‍ പ്രകടനത്തോടെ മിന്നിച്ച ഇന്ത്യ റെക്കോഡ് പ്രകടനമാണ് സമീപകാലത്തായി ഇന്ത്യ കാഴ്ചവെക്കുന്നത്. എന്നാല്‍ 2026ലെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ ശക്തമായൊരു പ്ലേയിങ് 11നെ പിന്തുണച്ച് ഇപ്പോഴേ വരേണ്ടതായുണ്ട്. ഇത്തരത്തില്‍ ഇന്ത്യ കൂടുതല്‍ പിന്തുണക്കേണ്ട ബെസ്റ്റ് പ്ലേയിങ് 11ല്‍ ആരൊക്കെ ഉള്‍പ്പെടുമെന്ന് പരിശോധിക്കാം.
സഞ്ജു-ജയ്‌സ്വാള്‍ ഓപ്പണിങ്
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വെടിക്കെട്ടൊരു ഓപ്പണിങ് കൂട്ടുകെട്ടിനെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. നിലവില്‍ ഇന്ത്യ പല ഓപ്പണിങ് കൂട്ടുകെട്ടിനേയും പരീക്ഷിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇൗ സ്ഥാനത്തേക്ക് ഇപ്പോള്‍ ഇന്ത്യക്ക് പരിഗണിക്കാവുന്ന ഏറ്റവും മികച്ച കൂട്ടുകെട്ട് സഞ്ജു സാംസണും യശ്വസി ജയ്‌സ്വാളും തന്നെയാണ്. രണ്ട് പേരും കടന്നാക്രമിച്ച് കളിക്കുന്നവരാണ്. കൂടാതെ ഇടത്-വലത് ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിക്കാനും സാധിക്കും.
സഞ്ജു സാംസണ്‍ ഓപ്പണറെന്ന നിലയില്‍ കരുത്ത് തെളിയിച്ച് കഴിഞ്ഞു. ഇനി വേണ്ടത് സ്ഥിരമായി അവസരം നല്‍കി പിന്തുണക്കുകയാണ്. സഞ്ജു-ജയ്‌സ്വാള്‍ കൂട്ടുകെട്ടിനെ ഇന്ത്യ ഓപ്പണിങ്ങില്‍ പിന്തുണച്ചാല്‍ ഭാവിയിലേക്ക് അത് ഗുണം ചെയ്‌തേക്കും. സഞ്ജുവിന് കീഴില്‍ രാജസ്ഥാന്‍ റോയല്‍സിനായാണ് ജയ്‌സ്വാള്‍ ഐപിഎല്‍ കളിക്കുന്നത്. സഞ്ജുവിനോട് ജയ്‌സ്വാളിനുള്ള ബഹുമാനവും ആദരവും ഈ കൂട്ടുകെട്ട് ഗംഭീരമാവാനും സഹായിക്കുമെന്നുറപ്പാണ്.

സൂര്യകുമാര്‍ യാദവ് നയിക്കണം
ഇന്ത്യ നിലവിലെ ടി20 ലോകകപ്പ് ജേതാക്കളാണ്. ഇത്തവണ രോഹിത് ശര്‍മക്ക് കീഴിലാണ് ഇന്ത്യ കപ്പ് നേടിയത്. എന്നാല്‍ അടുത്ത ലോകകപ്പില്‍ ഇന്ത്യ നായകസ്ഥാനത്തേക്ക് സൂര്യകുമാര്‍ യാദവിനെ പിന്തുണക്കണം. ടീമിനെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സൂര്യകുമാര്‍ യാദവിന് സാധിക്കുന്നുണ്ട്. നല്ല സൗഹൃദത്തോടെ ടീമിനെ നയിക്കാനും സൂര്യക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സൂര്യയെത്തന്നെ നായകനാക്കി ഇന്ത്യ മുന്നോട്ട് പോകേണ്ടതായുണ്ട്.
നാലാം നമ്പറില്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ കളിപ്പിക്കണം. മീഡിയം പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ ടീമിന് മുതല്‍ക്കൂട്ടാവാന്‍ നിതീഷിന് കഴിവുണ്ട്. ബംഗ്ലാദേശ് പരമ്പരയില്‍ താരം മികവ് കാട്ടിയിരുന്നു. അഞ്ചാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യയെ പിന്തുണക്കണം. ഓള്‍റൗണ്ട് പ്രകടനംകൊണ്ട് മത്സരഫലത്തെ മാറ്റാന്‍ കഴിവുള്ള താരമാണ് ഹാര്‍ദിക്. അവസാന ടി20 ലോകകപ്പ് ഇന്ത്യ ജയിച്ചപ്പോള്‍ ഹാര്‍ദിക്കിന്റെ പ്രകടനം വളരെ നിര്‍ണ്ണായകമായിരുന്നു.

റിങ്കു സിങ് ഫിനിഷര്‍
ആറാം നമ്പറില്‍ റിങ്കു സിങ്ങിനെ ഫിനിഷറായി പിന്തുണക്കണം. ഫിനിഷര്‍ റോളില്‍ ഇതിനോടകം മികവ് കാട്ടിയ താരമാണ് റിങ്കു. ഡെത്തോവറില്‍ കടന്നാക്രമിച്ച് കളിക്കാന്‍ റിങ്കുവിന് സാധിക്കും. ഏഴാം നമ്പറില്‍ അക്ഷര്‍ പട്ടേല്‍ വരണം. സ്പിന്‍ ഓള്‍റൗണ്ടറായ അക്ഷര്‍ മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യാന്‍ കഴിവുള്ള താരങ്ങളിലൊരാളാണ്. എട്ടാം നമ്പറില്‍ സ്പിന്നറായി വരുണ്‍ ചക്രവര്‍ത്തിയും ഒമ്പതാം നമ്പറില്‍ സ്പിന്നറായി രവി ബിഷ്‌നോയിയെ പരിഗണിക്കാം.
പേസ് നിരയിലേക്ക് വരുമ്പോള്‍ ജസ്പ്രീത് ബുംറ തന്നെയാണ് പ്രധാനി. ബുംറയുടെ സമീപകാല പ്രകടനങ്ങള്‍ അല്‍പ്പം മോശമാണെങ്കിലും ഇന്ത്യയുടെ കുന്തമുനയായി ബുംറ തുടരണം. ഹര്‍ഷിത് റാണയെ ഇന്ത്യ പിന്തുണക്കണം. മികച്ച ലൈനും ലെങ്തുമുള്ള താരം ഭേദപ്പെട്ട നിലയില്‍ ബാറ്റ് ചെയ്യാനും കഴിവുള്ളവനാണെന്നതാണ് എടുത്തു പറയേണ്ടത്.
ഇന്ത്യയുടെ ബെസ്റ്റ് 11
സഞ്ജു സാംസണ്‍, യശ്വസി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ് (c), നിതീഷ് കുമാര്‍ റെഡ്ഡി, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌നോയ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ