ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സഞ്ജു സാംസണിന്റെ ഭാവിയെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ സ്‌ട്രെങ്ത് ആന്റ് കണ്ടീഷണിങ് കോച്ചായ രാജാമണി പ്രഭു. സ്‌പോര്‍ട്‌സ് വികടന്‍ യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഞ്ജുവിനെപ്പോലെ കഠിനാധ്വാനം ചെയ്യുന്ന, മറ്റുള്ളവര്‍ക്കും നന്‍മ ആഗ്രഹിക്കുന്ന ഒരാള്‍ക്കു തീര്‍ച്ചയായും നല്ലതു മാത്രമേ വരികയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ടീമിലേക്കു സഞ്ജു സാംസണ്‍ തീര്‍ച്ചയായും വരികയും സ്ഥാനമുറപ്പിക്കുകയും ചെയ്യും. ഐപിഎല്ലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമും തമ്മില്‍ സഞ്ജുവിനു വേര്‍തിരിവുകളൊന്നുമില്ല. ക്രിക്കറ്റിനോടാണ് അദ്ദേഹത്തിനു പാഷന്‍. സഞ്ജു വളരെയധികം കഠിനാധ്വാനം ചെയ്യുന്ന ക്രിക്കറ്ററാണെന്നു അധികം പേര്‍ക്കുമറിയില്ല.
സ്പിന്‍ ബൗളിങിനെതിരേ വളരെ അനായാസം ഷോട്ടുകള്‍ കളിക്കുന്നത് കണ്ട് സഞ്ജുവിനെ പലരും പുകഴ്ത്താറുണ്ട്. എന്നാല്‍ ഇവയ്ക്കു പിന്നില്‍ അദ്ദേഹം എത്ര മാത്രം കഠിനാധ്വാനം നടത്തിയിട്ടുണ്ടെന്ന യാഥാര്‍ഥ്യം തനിക്കു മാത്രമറിയാമെന്നും രാജാമണി വ്യക്തമാക്കി.
രാവിലെ ആറു മണിക്കാണ് സഞ്ജു എഴുന്നേല്‍ക്കാറുള്ളത്. 6.45 വരെ സ്പീഡ് സെഷന്‍ (speed session) ചെയ്യും. അതു കഴിഞ്ഞ് നടന്നിട്ടാണ് തിരിച്ചുപോവാറുള്ളത്. തിരിച്ചെത്തിയ ശേഷം പ്രഭാതഭക്ഷണം കഴിക്കും. ശേഷം ഒരു അര മണിക്കൂര്‍ ബ്രേക്കെടുക്കും. ഇന്ത്യയിലെ പ്രധാനപ്പെട്ട പല കോച്ചുമാരെയും പ്രതിഫലം നല്‍കി സഞ്ജു തനിക്കൊപ്പം ഇവിടെ കൊണ്ടു വന്നിട്ടുണ്ടാവും. അവരുടെ സഹായത്തോടെയാണ് അദ്ദേഹം പരിശീലനം നടത്താറുള്ളത്.
രാവിലെ 10 മണിക്കു ഓപ്പണ്‍ നെറ്റ്‌സില്‍ സഞ്ജു ബാറ്റിങ് പരിശീലനം ആരംഭിക്കും. 12 മണി വരെ നിര്‍ത്താതെ നെറ്റ്‌സില്‍ പരിശീലനത്തിലേര്‍പ്പെടുകയും ചെയ്യും. അതിനു ശേഷം ലഘുവായി എന്തെങ്കിലും ഭക്ഷണം കഴിക്കും. തുടര്‍ന്നു ഒരു 10 മിനിറ്റോളം ബ്രേക്കെടുക്കും.

പിന്നാലെ 1.30 ഓടെ വീണ്ടും ബാറ്റിങ് പരിശീലനം പുനരാരംഭിക്കും. ഇതു നാലു മണി വരെ തുടരുകയും ചെയ്യും. നാലു മണി വരെ ബാറ്റിങ് പരിശീലനം നടത്തിയ ശേഷം സഞ്ജു അപ്പര്‍ ബോഡി സെഷന്‍ (Upper body session) നടത്തും. ട്രെഡ്മില്ലില്‍ നിന്നും തിരിച്ചു പോവുമ്പോഴേക്കും രാത്രി എട്ടു മണിയായിട്ടുണ്ടാവും.
ഇതേ തരത്തില്‍ തുടര്‍ച്ചയായി മൂന്നു മുതല്‍ നാലാഴ്ച വരെ സഞ്ജു ചെയ്തു കൊണ്ടേയിരിക്കും. അതിനു ശേഷം ഒരാഴ്ചത്തേക്കു ബ്രേക്കെടുക്കും. വീണ്ടും നാലാഴ്ച ഇതേ ക്രമത്തില്‍ പരിശീലനം നടത്തും. അത്രയേറെ കഠിനാധ്വാനമാണ് സഞ്ജു നടത്തുന്നത്. ഇത്രയും കഠിനാധ്വാനം ചെയ്യുമ്പോള്‍ അതു പാഴാവില്ലെന്നു 100 ശതമാനവും ഉറപ്പാണ്. വൈകാതെ തന്നെ സഞ്ജു ഇന്ത്യന്‍ ടീമിലേക്കു വരികയും വളരെ ശക്തമായൊരു സ്ഥാനം നേടിയെടുക്കുകയും ചെയ്യുമെന്നും രാജാമണി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഈ വര്‍ഷം ഇന്ത്യന്‍ ടീമിനു വേണ്ടി കളിക്കാന്‍ ഒരു അവസരം മാത്രമേ സഞ്ജു സാംസണിനു ലഭിച്ചിട്ടുള്ളൂ. ജനുവരിയില്‍ ശ്രീലങ്കുമായി നടന്ന ടി20 പരമ്പരയിലെ ആദ്യത്തെ മല്‍സരത്തിലായിരുന്നു ഇത്. പക്ഷെ ഈ കളിക്കിടെ ഫീല്‍ഡ് ചെയ്യവെ സഞ്ജുവിന്റെ കാല്‍മുട്ടിനു പരിക്കേല്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്നു പരമ്പരയിലെ അടുത്ത രണ്ടു കളിയില്‍ നിന്നും അദ്ദേഹത്തിനു വിട്ടുനില്‍ക്കേണ്ടി വരികയും ചെയ്തു.
അതിനു ശേഷം ന്യൂസിലാന്‍ഡുമായി ഇന്ത്യ വൈറ്റ് ബോള്‍ പരമ്പരകളില്‍ കളിച്ചെങ്കിലും ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ വൈകിയതിനാല്‍ സഞ്ജു ടി20, ഏകദിന ടീമുകളിലേക്കു പരിഗണിക്കപ്പെട്ടതുമില്ല. അവസാനമായി ഓസ്‌ട്രേലിയയുമായി മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയാണ് ഐപിഎല്ലിനു മുമ്പ് ഇന്ത്യ കളിച്ചത്. ഫിറ്റ്‌നസ് നേടിയെങ്കിലും സഞ്ജുവിനെ സെലക്ടര്‍മാര്‍ ടീമിലെടുത്തതുമില്ല. വെസ്റ്റ് ഇന്‍ഡീസുമായി ജൂലൈയില്‍ നടക്കാനിരിക്കുന്ന ടി20 പരമ്പരയിലാണ് ഇനി താരത്തിന്‍റെ പ്രതീക്ഷകള്‍.