IPL 2021: സഞ്ജുവിനെ വിലകുറച്ചു കാണരുത്! ക്യാപ്റ്റന്‍സിയില്‍ ക്ലിക്കാവും- പുകഴ്ത്തി മോറിസ്
കരിയറിലാദ്യമായി ഐപിഎല്ലില്‍ ഫുള്‍ടൈം ക്യാപ്റ്റനാവാന്‍ തയ്യാറെടുക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ പുകഴ്ത്തി പുതിയ ടീമംഗം ക്രിസ് മോറിസ്. കഴിഞ്ഞ ലേലത്തില്‍ റെക്കോര്‍ഡ് തുകയ്ക്കാണ് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടറെ രാജസ്ഥാന്‍ വാങ്ങിയത്. 16.2 കോടി രൂപ മോറിസിനായി രാജസ്ഥാന്‍ വാരിയെറിഞ്ഞിരുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവുമുയര്‍ന്ന തുകയാണിത്. നേരത്തേ യുവരാജ് സിങിന് 16 കോടി ലഭിച്ചതായിരുന്നു റെക്കോര്‍ഡ്. ഇതാണ് മോറിസ് പഴങ്കഥയാക്കിയത്.
കഴിഞ്ഞ സീസണില്‍ വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. മോശമല്ലാത്ത പ്രകടനം നടത്തിയിരുന്നെങ്കിലും സീസണിനു ശേഷം ആര്‍സിബി മോറിസിനെ തഴയുകയായിരുന്നു.

സഞ്ജു ചിന്തിക്കുന്ന ക്രിക്കറ്റര്‍
സഞ്ജുവിന് കീഴില്‍ രാജസ്ഥാന്‍ ടീമില്‍ കളിക്കാന്‍ പോവുന്നത് ഭാഗ്യമായിട്ടാണ് കാണുന്നത്. അദ്ദേഹവുമായി എനിക്കു നല്ല അടുപ്പമാണുള്ളത്. രാജസ്ഥാന്‍ റോയല്‍സിലും ഡല്‍ഹി ടീമിലും സഞ്ജുവിനൊപ്പം ഞാന്‍ ബാറ്റ് ചെയ്തിട്ടുണ്ട്. ഒരു യുവ ക്യാപ്റ്റനായി ഞാന്‍ അദ്ദേഹത്തെ കാണുന്നില്ല. മറിച്ച് നന്നായി ചിന്തിക്കുന്ന, ക്രിക്കറ്റിനെക്കുറിച്ച് നല്ല അറിവുള്ള വളരെ മികച്ച കളിക്കാരനായാണ് സഞ്ജുവിനെ താന്‍ കാണുന്നതെന്നും മോറിസ് വ്യക്തമാക്കി.

ക്യാപ്റ്റന്‍സിയില്‍ തിളങ്ങും
വിക്കറ്റ് കീപ്പര്‍ കൂടിയായതിനാല്‍ ക്യാപ്റ്റന്‍സിയില്‍ സഞ്ജുവിന് ഇതു ഏറെ ഉപകാരപ്പെടുമെന്ന് മോറിസ് അഭിപ്രായപ്പെട്ടു. വിക്കറ്റ് കീപ്പറായതിനാല്‍ തന്നെ വ്യത്യസ്ത ആംഗിളുകളില്‍ നിന്നും കളിയെ വീക്ഷിക്കാന്‍ സഞ്ജുവിന് കഴിയും.
ഇതു വ്യത്യസ്തമായ സമീപനങ്ങള്‍ വിക്കറ്റിനു പിറകില്‍ നിന്നും സ്വീകരിക്കാനും അദ്ദേഹത്തെ സഹായിക്കും. മികച്ച തന്ത്രങ്ങളൊരുക്കാന്‍ സഞ്ജുവിന് ഇതിലൂടെ സാധിക്കും. കൡക്കിടെ രസകരമായ ചില തന്ത്രങ്ങളൊരുക്കാന്‍ ഇതു തങ്ങളെ സഹായിക്കുമെന്നുറപ്പുണ്ടെന്നും മോറിസ് കൂട്ടിച്ചേര്‍ത്തു.

ഫിനിഷറുടെ റോള്‍
പുതിയ സീസണില്‍ രാജസ്ഥാനു വേണ്ടി ഫിനിഷറുടെ റോളില്‍ തനിക്കു കളിക്കാന്‍ കഴിയുേെമന്നാണ് പ്രതീക്ഷിക്കുന്നതെന്നു മോറിസ് പറഞ്ഞു. ബെന്‍ സ്‌റ്റോക്‌സിനും എനിക്കും വ്യത്യസ്ത റോളുകളായിരിക്കുമെന്നാണ് കരുതുന്നത്. സ്‌റ്റോക്‌സ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് അദ്ദേഹം. മല്‍സരം ഫിനിഷ് ചെയ്യുകയെന്നതായിരിക്കും എന്റെ റോള്‍. ഈ വര്‍ഷം ഈ റോളില്‍ തനിക്കു കൂടുതല്‍ ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ദക്ഷിണാഫ്രിക്കന്‍ താരം വിശദമാക്കി.

വില കൂടിയ താരം
ഐപിഎല്ലിലെ ഏറ്റവും വില പിടിപ്പുള്ള താരമെന്ന പേരുമായി ഇറങ്ങുമ്പോള്‍ സമ്മര്‍ദ്ദമുണ്ടാവുകയെന്നത് സ്വാഭാവികമാണെന്നു മോറിസ് പറയുന്നു. ഒട്ടും തന്നെ സമ്മര്‍ദ്ദമില്ലാതെയാണ് ഞാന്‍ പുതിയ സീസണില്‍ കളിക്കാന്‍ പോവുന്നതെന്നു പറഞ്ഞാല്‍ അതു കള്ളമാവും. പക്ഷെ ഭാഗ്യവശാല്‍ ഐപിഎല്ലില്‍ നേരത്തേയും വലിയ തുകയുടെ ഭാരവുമായാണ് ഞാന്‍ വിവിധ ടീമുകള്‍ക്കായി കളിച്ചിട്ടുള്ളത്. പക്ഷെ എത്ര വിലയുണ്ടെന്നതല്ല, മറിച്ച് നിങ്ങള്‍ പെര്‍ഫോം ചെയ്യുകയെന്നതാണ് ഏറ്റവും പ്രധാനമെന്നും മോറിസ് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications