മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി താരങ്ങള്‍ തമ്മില്‍ മത്സരമാണ്. മൂന്ന് ഫോര്‍മാറ്റിലും റിഷഭ് പന്ത് ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറാവുമ്പോള്‍ രണ്ടാം സ്ഥാനക്കാരനായാണ് മത്സരം. സഞ്ജു സാംസണ്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ദ്രുവ് ജുറേല്‍ എന്നിവരെല്ലാമാണ് ഈ സ്ഥാനം നോട്ടമിട്ട് മത്സരിക്കുന്നത്. സഞ്ജു സാംസണ്‍ നിലവില്‍ ടി20 ടീമില്‍ ബാക്കപ്പ് കീപ്പറായി പരിഗണിക്കപ്പെടുന്നുണ്ട്.
അവസാന ശ്രീലങ്കന്‍ ടി20 പരമ്പരയില്‍ രണ്ട് മത്സരം കളിച്ച സഞ്ജു രണ്ട് മത്സരത്തിലും ഡെക്കായതോടെ താരം നിലവില്‍ തഴയപ്പെട്ടിരിക്കുകയാണ്. ദുലീപ് ട്രോഫിക്കുള്ള ടീമിലേക്ക് പരിഗണിക്കപ്പെടാതിരുന്ന സഞ്ജു കേരള ക്രിക്കറ്റ് ലീഗിലും പങ്കെടുക്കുന്നില്ല. ഇതോടെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് സഞ്ജുവിനെ സംബന്ധിച്ച് കടുപ്പമായിരിക്കുകയാണ്. ഇപ്പോഴിതാ സഞ്ജുവിന് മാതൃകയാക്കാവുന്ന നീക്കം നടത്തിയിരിക്കുകയാണ് റിഷഭ് പന്ത്.
ദുലീപ് ട്രോഫിക്ക് മുമ്പ് റിഷഭ് മറ്റൊരു ടൂര്‍ണമെന്റ് കളിക്കാന്‍ പോവുകയാണ്. ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ കളിക്കാമെന്ന് റിഷഭ് ക്രിക്കറ്റ് അസോസിയേഷന് വാക്കുനല്‍കിയിട്ടുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡല്‍ഹി റിഷഭിന്റെ സംസ്ഥാനമാണ്. അവിടുത്തെ ടൂര്‍ണമെന്റിന് കൂടുതല്‍ പ്രചാരം ലഭിക്കാനും ആരാധക പിന്തുണ ലഭിക്കാനുമാണ് തിരക്കിനിടയിലും റിഷഭ് ഡല്‍ഹി പ്രീമിയര്‍ ലീഗ് കളിക്കാന്‍ പോകുന്നത്. അതേ സമയം സഞ്ജു സാംസണ്‍ കേരള ക്രിക്കറ്റ് ലീഗില്‍ കളിക്കുന്നില്ല.
റിഷഭ് പന്ത് തിരക്കിനിടയിലും സ്വന്തം നാട്ടിലെ ക്രിക്കറ്റ് ലീഗിന്റെ വളര്‍ച്ചക്കായി കളിക്കാനിറങ്ങുമ്പോള്‍ സഞ്ജു അതിന് തയ്യാറായിട്ടില്ല. സഞ്ജു റിഷഭിനെ മാതൃകയാക്കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. സഞ്ജു സാംസണ്‍ കൂടുതല്‍ ആഭ്യന്തര ടൂര്‍ണമെന്റുകള്‍ കളിക്കാന്‍ തയ്യാറാകണമെന്നും ഐപിഎല്ലിലൂടെ മാത്രം ഇനി ഇന്ത്യന്‍ ടീമിലേക്കെത്താനാവില്ലെന്നും ആരാധകര്‍ മുന്നറിയിപ്പ് നല്‍കുന്നു. മികച്ച യുവതാരങ്ങള്‍ വളര്‍ന്നുവരികയാണ്.

അതുകൊണ്ടുതന്നെ സഞ്ജുവിന് ടീമില്‍ സീറ്റ് നേടുക കടുപ്പമാണ്. ദുലീപ് ട്രോഫിയില്‍ തിളങ്ങി ഇന്ത്യന്‍ ടീമില്‍ വീണ്ടും സ്ഥാനം പിടിക്കാമെന്നാണ് മലയാളി താരം കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ ദുലീപ് ട്രോഫിയില്‍ നിന്ന് തഴയപ്പെട്ടതോടെ ഇനി സഞ്ജുവിന് മുന്നില്‍ അടുത്തൊന്നും ടൂര്‍ണമെന്റുകളില്ല. ബംഗ്ലാദേശിനെതിരായ ടെസ്റ്റ്, ടി20 പരമ്പരകളില്‍ സഞ്ജുവിന് ഇടം പ്രതീക്ഷിക്കാനാവില്ല. ഇഷാന്‍ കിഷന്‍ ശക്തമായ തിരിച്ചുവരവിനാണ് തയ്യാറെടുക്കുന്നത്.
അതുകൊണ്ടുതന്നെ സഞ്ജുവിന് കാര്യങ്ങള്‍ പ്രയാസമാണ്. അടുത്ത രഞ്ജി ട്രോഫിയില്‍ മികവ് കാട്ടി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുകയെന്നത് സഞ്ജുവിനെ സംബന്ധിച്ച് എളുപ്പമല്ല. ഇഷാന്‍ കിഷനും ദ്രുവ് ജുറേലും ദുലീപ് ട്രോഫിയില്‍ തിളങ്ങിയാല്‍ സഞ്ജുവിന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചുവെന്ന് തന്നെ വിലയിരുത്താം. വിക്കറ്റ് കീപ്പറെന്ന നിലയിലെ സഞ്ജുവിന്റെ സമീപകാല പ്രകടനങ്ങളും മോശമാണ്. ഇക്കാരണത്താല്‍ത്തന്നെ അദ്ദേഹത്തെ ഇനി സെലക്ടര്‍മാര്‍ പരിഗണിച്ചേക്കില്ല.
ഏകദിനത്തില്‍ സഞ്ജു മികവ് കാട്ടിയിരുന്നെങ്കിലും ഇപ്പോള്‍ ഇന്ത്യ കെ എല്‍ രാഹുലിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ടുതന്നെ സഞ്ജുവിന് കാര്യങ്ങള്‍ കടുപ്പമാണെന്ന് തന്നെ വിലയിരുത്താം. പുതിയ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ സഞ്ജുവിന് വലിയ പിന്തുണ നല്‍കുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഫോം വിലയിരുത്തിയാവും അദ്ദേഹം ടീമിനെ നിര്‍ദേശിക്കുക. സഞ്ജു ആഭ്യന്തര ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതായുണ്ട്.
നേരത്തെ മുതല്‍ സഞ്ജു ഐപിഎല്ലിന് നല്‍കുന്ന പ്രാധാന്യം ആഭ്യന്തര ക്രിക്കറ്റിന് നല്‍കിയിട്ടില്ല. റിഷഭിനെപ്പോലെയും ജുറേലിനെപ്പോലെയും ഇഷാനെപ്പോലെയും കൂടുതല്‍ ടൂര്‍ണമെന്റുകള്‍ സഞ്ജു കളിക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം. അല്ലാത്ത പക്ഷം ഇന്ത്യന്‍ ടീമില്‍ ഇനി സീറ്റ് നേടുക കടുപ്പമായിക്കും.