മിന്നുന്ന പ്രകടനങ്ങളിലൂടെ ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുന്ന മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനോടാണ് സഞ്ജുവിനെ അദ്ദേഹം ഉപമിച്ചിരിക്കുന്നത്. അതിന്റെ കാരണം മഞ്ജരേക്കര്‍ തുറന്നു പറയുകയും ചെയ്തു.
ഇംഗ്ലണ്ടുമായി ഈ മാസം തുടങ്ങാനിരിക്കുന്ന അഞ്ചു ടി20കളുടെ പരമ്പരയിലാവും സഞ്ജുവിനെ അടുത്തതായി കാണാനാവുക. പരമ്പരില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ മാത്രമല്ല, ഓപ്പണറും അദ്ദേഹം തന്നെയാവുമെന്നാണ് പുറത്തുവരുന്ന വിവരം. സൗത്താഫ്രിക്കയ്‌ക്കെതിരേ അവസാനം കളിച്ച ടി20 പരമ്പരയില്‍ കസറിയ ശേഷമാണ് സഞ്ജുവിന്റെ വരവ്.

സഞ്ജു പുതിയ യുവി
അനായാസം സിക്‌സറുകളടിക്കാനുള്ള സഞ്ജു സാംസണിന്റെ കഴിവിനെയാണ് യുവരാജ് സിങുമായി സഞ്ജയ് മഞ്ജരേക്കര്‍ താരതമ്യം ചെയ്തിട്ടുള്ളത്. ഇന്ത്യന്‍ ടീമിനൊപ്പം സഞ്ജു സാംസണ്‍ ഇപ്പോള്‍ കൈവരിച്ചിട്ടുള്ള വിജയങ്ങള്‍ കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുകയാണ്. ദീര്‍ഘകാലമായി ഇവിടെയുള്ള താരമാണ് അദ്ദേഹം.
ശരിയായിട്ടുള്ള അവസരങ്ങള്‍ ലഭിക്കുന്നതിനൊപ്പം തുടര്‍ച്ചയായി അവസരങ്ങള്‍ കിട്ടിയതുമാണ് സഞ്ജുവിനു ഗുണം ചെയ്തത്. കാരണം ഏതൊരു ബാറ്ററുടെ കാര്യമെടുത്താലും അയാള്‍ തുടര്‍ച്ചയായി മൂന്നോ, നാലോ മല്‍സരങ്ങളില്‍ കളിക്കുകയാണെങ്കില്‍ അതു അയാളുടെ മനസ്സിനെ കൂടുതല്‍ ഫ്രീയാക്കുമെന്നു മഞ്ജരേക്കര്‍ പറയുന്നു.
ലക്ഷ്മണ്‍ കോച്ച്!! ബുംറ ക്യാപ്റ്റന്‍, ഇംഗ്ലണ്ടില്‍ ഇറക്കേണ്ടത് ഈ 11; ടെസ്റ്റ് പരമ്പര ജയിക്കാം
ബാറ്റിങില്‍ മുന്‍നിരയില്‍ കളിക്കുമ്പോള്‍ സാഹചര്യങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യവുമില്ല. സഞ്ജുവൊരു സിക്‌സറടിക്കാരനാണ്, അദ്ദേഹത്തിനുള്ള വഴിയാണ് ഇതു തുറന്നു കൊടുക്കുന്നത്. വളയെ അനായാസം സിക്‌സറുകളടിക്കാനുള്ള ശേഷി സഞ്ജുവിനുണ്ട്.
യുവരാജ് സിങിനു ശേഷം ഇത്രയും അനായാസമായി, അതോടൊപ്പം സ്ഥിരമായി സിക്‌സറുകളടിക്കാന്‍ ശേഷിയുള്ള ഒരാളുണ്ടെങ്കില്‍ അതു സഞ്ജുവാണ്. ഗ്രൗണ്ടിന്റെ എല്ല മൂലയിലേക്കും അദ്ദേഹം ഷോട്ടുകള്‍ പായിക്കുന്നത് ഏറെ സന്തോഷം നല്‍കുന്ന കാഴ്ചയുമാണെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.
വലിയ ഇന്നിങ്‌സുകള്‍
നന്നായി ബാറ്റ് ചെയ്തിട്ടും മതിയായ റണ്‍സ് വരുന്നില്ലെന്നതായിരുന്നു സഞ്ജു സാംസണിനെതിരേ നേരത്തേയുണ്ടായിരുന്ന പ്രധാന പരാതിയെന്നും പക്ഷെ ഇപ്പോള്‍ അദ്ദേഹം ഇതു പരിഹരിച്ചതായും സഞ്ജയ് മഞ്ജരേക്കര്‍ നിരീക്ഷിച്ചു. സഞ്ജു സാംസണ്‍ ഇപ്പോള്‍ സ്വന്തം വിക്കറ്റിനു കുറച്ചു കൂടി മൂല്യം കല്‍പ്പിക്കുന്നു. ആത്മവിശ്വാവും അല്‍പ്പം പക്വതയുമെല്ലാം ഇപ്പോള്‍ അദ്ദേഹത്തില്‍ നമുക്കു കാണാം.

വലിയ ഇന്നിങ്‌സുകള്‍ ഇപ്പോള്‍ സഞ്ജു കളിക്കുന്നുണ്ട്. ഒരിക്കല്‍ മാത്രമല്ല, വീണ്ടും വീണ്ടും അദ്ദേഹത്തിനു ഇതു സാധിക്കുകയും ചെയ്യുന്നു. ചിലയാളുകള്‍ അല്‍പ്പം വൈകി ഉദിച്ചുയരുന്നവരാണ്, സഞ്ജു സാംസണ്‍ അങ്ങനെയാണ്.
ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ഫാനാണ്. മുമ്പ് സഞ്ജു നന്നായി ബാറ്റ് ചെയ്തു കൊണ്ടിരുന്നപ്പോള്‍ റണ്‍സ് മാത്രം വന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മികച്ച ബാറ്റിങിനൊപ്പം റണ്‍സും വരുന്നുണ്ടെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.
ടി20 കരിയര്‍
അന്താരാഷ്ട്ര ടി20യില്‍ സഞ്ജു സാംസണിന്റെ കരിയര്‍ നേരത്തേ അത്ര മികച്ചതായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ടി20യിലെ കണക്കുകള്‍ ഏറെ മെച്ചപ്പെടുത്തി. 33 ടി20കളിലാണ് സഞ്ജു ഇതിനകം കളിച്ചത്. ഇവയില്‍ 27.93 ശരാശരിയില്‍ 155.17 സ്‌ട്രൈക്ക് റേറ്റില്‍ 801 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. മൂന്നു സെഞ്ച്വറികളും രണ്ടു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും.
അവസാനായി കളിച്ച അഞ്ചു ടി20കളില്‍ മൂന്നിലും സെഞ്ച്വറികള്‍ അടിച്ചെടുക്കാന്‍ സഞ്ജുവിനായിട്ടുണ്ട്. ബംഗ്ലാദശിനെതിരേ 47 ബോളില്‍ 111 റണ്‍സ് വാരിക്കൂട്ടിയ താരം പിന്നീട് സൗത്താഫ്രിക്കയ്‌ക്കെതിരേ 107, 109 എന്നിങ്ങനെ സ്‌കോറുകളും കണ്ടെത്തിയിരുന്നു.