IPL 2020: സൂപ്പര്‍മാനായി വീണ്ടും സഞ്ജു, രാജസ്ഥാന്റെ കിങ് മലയാളി താരം തന്നെ- സിക്‌സറില്‍ സെഞ്ച്വറി!
ഷാര്‍ജ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഹീറോയായിരിക്കുകയാണ് വീണ്ടും മലയാളി താരം സഞ്ജു സാംസണ്‍. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ രാജസ്ഥാന്‍ റെക്കോര്‍ഡ് റണ്‍ചേസ് നടത്തിയ കളിയില്‍ സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനം രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായി. ടീമിന്റെ ടോപ്‌സ്‌കോററും അദ്ദേഹമായിരുന്നു.
224 റണ്‍സെന്ന വന്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ രാജസ്ഥാന്‍ നാലു വിക്കറ്റും മൂന്നു പന്തും ബാക്കിനില്‍ക്കെയായിരുന്നു നാടകീയ വിജയം സ്വന്തമാക്കിയത്. അവസാനത്തെ മൂന്നോവറിലായിരുന്നു കളിയുടെ ഗതി തന്നെ മാറിയത്. സഞ്ജു മുന്നില്‍ നിന്നു നയിച്ചപ്പോള്‍ രാഹുല്‍ തെവാട്ടിയ (53), സ്റ്റീവ്, സ്മിത്ത് (50) എന്നിവരുടെ ഇന്നിങ്‌സുകളും നിര്‍ണായകമായി.
വെറും 42 പന്തില്‍ നാലു ബൗണ്ടറികളും ഏഴു സിക്‌സറുമടക്കം 85 റണ്‍സാണ് സഞ്ജു വാരിക്കൂട്ടിയത്. അര്‍ഹിച്ച സെഞ്ച്വറി വെറും 15 റണ്‍സ് അകലെ അദ്ദേഹത്തിനു നഷ്ടമാവുകയായിരുന്നു. എങ്കിലും ടീമിന്റെ വിജയത്തിനു ഇത്തവണയും ചുക്കാന്‍ പിടിക്കാനായത് സഞ്ജുവിന് അഭിമാനമേകും. രാജസ്ഥാന്‍ നാലു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം കൊയ്ത മല്‍സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായതും മലയാളി താരം തന്നെ.

സിക്‌സറില്‍ സെഞ്ച്വറി
ഈ മല്‍സരത്തില്‍ രണ്ടാം സിക്‌സര്‍ നേടിയതോടെ ഐപിഎല്ലില്‍ സഞ്ജു സിക്‌സറുകളുടെ എണ്ണത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. പഞ്ചാബിനെതിരായ മല്‍സരത്തിനു മുമ്പ് 98 സിക്‌സറുകളായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. ഇതു മാത്രമല്ല ഐപിഎല്ലില്‍ 1000 റണ്‍സെന്ന നാഴികക്കലും സഞ്ജു പിന്നിട്ടു. ഈ കളിയില്‍ 62 റണ്‍സ് തികച്ചതോടെയായിരുന്നു ഇത്.
നേരത്തേ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ രാജസ്ഥാന്‍ 16 റണ്‍സിന്റെ വിജയം കൊയ്ത ആദ്യ മല്‍സരത്തിലും സഞ്ജു തന്നെയായിരുന്നു കളിയിലെ താരമായത്. അന്നു 32 പന്തില്‍ ഒമ്പത് കൂറ്റന്‍ സിക്‌സറുകളും ഒരു ബൗണ്ടറിയുമടക്കം മലയാളി താരം 74 റണ്‍സ് അടിച്ചെടുത്തിരുന്നു.

തുടരെ രണ്ടു കളികളില്‍ ഫിഫ്റ്റി
ഐപിഎല്‍ കരിയറില്‍ ഇതാദ്യമായാണ് സഞ്ജു തുടരെ രണ്ടു കളികളില്‍ അര്‍ധസെഞ്ച്വറി നേടിയത്. രണ്ടു മല്‍സരങ്ങൡ മാത്രം അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത് 16 സിക്‌സറുകളും അഞ്ചു ബൗണ്ടറികളുമാണ്.
ഇതിഹാസ താരം എംഎസ് ധോണിയുടെ വിരമിക്കലോടെ ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു അവകാശവാദമുന്നയിക്കുന്ന പ്രകടനമാണ് ഐപിഎല്ലിലെ ആദ്യ രണ്ടു കളികളില്‍ സഞ്ജു കാഴ്ചവച്ചിരിക്കുന്നത്.

ആത്മവിശ്വാസമുണ്ടായിരുന്നുവെന്ന് സഞ്ജു
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി തനിക്കു നന്നായി ബാറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നതായി പഞ്ചാബിനെതിരായ കളിയില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം കൈക്കലാക്കിയ ശേഷം സഞ്ജു പ്രതികരിച്ചു. അതുകൊണ്ടു തന്നെ നല്ല ആത്മവിശ്വാസവുമുണ്ടായിരുന്നു. സ്ഥിരമായി ചെയ്തു കൊണ്ടിരുന്നതു തന്നെ മാത്രമേ ഇത്തവണയും ചെയ്തുള്ളൂ. പുതുതായി ഒന്നും പരീക്ഷിച്ചില്ല. ആദ്യ രണ്ടു കളികളിലും ജയിക്കാനായതില്‍ സന്തോഷമുണ്ടെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications