IND vs SL: നമ്മള്‍ക്കു വേണ്ടത് ആ സഞ്ജുവിനെ! ഇനി ഇന്ത്യന്‍ കുപ്പായത്തിലും ആവര്‍ത്തിക്കണം

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിന മല്‍സരം ഞായറാഴ്ച കൊളംബോയില്‍ നടക്കാനിരിക്കെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനു ഉപദേശവുമായി മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പറായി ഇന്ത്യന്‍ സംഘത്തിലുണ്ടെങ്കിലും സഞ്ജുവായിരിക്കും പ്ലെയിങ് ഇലവനിലെത്തുകയെന്നാണ് സൂചനകള്‍. അങ്ങനെയെങ്കില്‍ ഏകദിനത്തില്‍ അദ്ദേഹത്തിന്റെ അരങ്ങേറ്റ മല്‍സരം കൂടിയായിരിക്കും ഇത്. കാരണം ടി20 ഫോര്‍മാറ്റില്‍ മാത്രമേ സഞ്ജു ഇതുവരെ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞിട്ടുള്ളൂ.
പ്രതിഭയുണ്ടായിട്ടും അതിനോടു ഇനിയും നീതി പുലര്‍ത്താത്ത ക്രിക്കറ്ററാണ് സഞ്ജുവെന്നു ജാഫര്‍ അഭിപ്രായപ്പെട്ടു. സ്ഥിരതയില്ലാത്ത താരമെന്ന് നേരത്തേ മുദ്ര വയ്ക്കപ്പെട്ട അദ്ദേഹം ശ്രീലങ്കയ്‌ക്കെതിരേ ഇതു തിരുത്താന്‍ ശ്രമിക്കണമെന്നും ജാഫര്‍ ഉപദേശിക്കുന്നു.

സഞ്ജു നന്നായി പെര്‍ഫോം ചെയ്യണം
ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യന്‍ ടീമില്‍ ഞാന്‍ കാണാനാഗ്രഹിക്കുന്ന താരങ്ങളിലൊരാളാണ് സഞ്ജു. അദ്ദേഹം നന്നായി പെര്‍ഫോം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. വളരെ ആവേശം കൊള്ളിക്കുന്ന ക്രിക്കറ്റാണ് സഞ്ജു.
പക്ഷെ ഇന്ത്യന്‍ ടീമിനു വേണ്ടി തന്റെ പ്രതിഭയോടു അദ്ദേഹം ഇതുവരെയും നീതി പുലര്‍ത്തിയിട്ടില്ലെന്നു താന്‍ കരുതുന്നതായി ജാഫര്‍ സ്വന്തം യൂട്യൂബ് ചാനലില്‍ പറഞ്ഞു.

സ്ഥിരതയില്ലാത്തവനെന്ന പേര്
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോല്‍സിനു വേണ്ടി സഞ്ജു റണ്‍സ് നേടുന്നുണ്ടെങ്കിലും സ്ഥിരതയില്ലാത്തവനെന്ന ഒരു പേര് അദ്ദേഹത്തിനു മേല്‍ ചാര്‍ത്തപ്പെട്ടിട്ടുണ്ട്. ഒരു കളിയില്‍ റണ്ണെടുത്താല്‍ അടുത്ത മൂന്നോ, നാലോ കളിയില്‍ ചെറിയ സ്‌കോറിനു പുറത്താവും. കുറച്ചു മല്‍സരങ്ങള്‍ക്കു ശേഷം വീണ്ടും റണ്‍സ് നേടുകയും ചെയ്യും. ഈയൊരു തെറ്റ് സഞ്ജു എത്രയും പെട്ടെന്നു തിരുത്തുന്നത് കാണാനാണ് നമ്മളെല്ലാം ആഗ്രഹിക്കുന്നതെന്നും ജാഫര്‍ വിശദമാക്കി.

രാജസ്ഥാനൊപ്പമുള്ള പ്രകടനം
ഈ സീസണിലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി സഞ്ജുവിനെ നിയമിച്ചിരുന്നു. തൊട്ടുമുമ്പത്തെ സീസണില്‍ ടീമിന്റെ നായകനായിരുന്ന ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ ഫ്രാഞ്ചൈസി കൈവിട്ടതോടെയായിരുന്നു സഞ്ജുവിന് നറുക്കുവീണത്. പ്രതീക്ഷിച്ചതിനേക്കാള്‍ നന്നായി ടീമിനെ നയിക്കാനും അദ്ദേഹത്തിനു സാധിച്ചു. മുന്‍ സീസണുകളില്‍ നിന്നും വ്യത്യസ്തമായി കുറേക്കൂടി പക്വതയുള്ള ബാറ്റിങായിരുന്നു സഞ്ജു കാഴ്ചവച്ചത്. അമിതാവേശം കാണിച്ചു വിക്കറ്റ് വലിച്ചെറിയാതെ സാഹചര്യത്തിന് അനുസരിച്ച് ഷോട്ടുകള്‍ കളിച്ച് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടു പോവുന്ന രീതിയായിരുന്നു അദ്ദേഹം സ്വീകരിച്ചത്. ഇതു വിജയിക്കുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ കുപ്പായത്തിലും ആവര്‍ത്തിക്കണം
ഐപിഎല്ലിന്റെ ഈ സീസണില്‍ കണ്ടതു പോലെ പക്വതയാര്‍ന്ന പ്രകടനം ഇന്ത്യക്കു വേണ്ടിയും കാഴ്ചവയ്ക്കാനാണ് ലങ്കയ്‌ക്കെതിരായ പരമ്പരയില്‍ സഞ്ജു ശ്രമിക്കേണ്ടതെന്നു ജാഫര്‍ ഉപദേശിക്കുന്നു.
ഈ സീസണിലെ ഐപിഎല്ലില്‍ രാജസ്ഥാന്റെ നായകസ്ഥാനത്തേക്കു വന്നപ്പോള്‍ നല്ലൊരു മാറ്റമാണ് ഞാന്‍ സഞ്ജുവില്‍ കണ്ടത്. വളരെയധികം ഉത്തരവാദിത്വത്തോടെയായിരുന്നു ടീമിനു വേണ്ടി കുറച്ചു മല്‍സരങ്ങളില്‍ അദ്ദേഹം ബാറ്റ് ചെയ്തത്. ഇങ്ങനെയൊരു സഞ്ജുവിനെയാണ് നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരേയും ഈ പക്വത കാണിക്കാന്‍ താരം ശ്രമിക്കണം. കാരണം സഞ്ജു ഒരു അസാധാരണ പ്രതിഭയാണെന്നും ജാഫര്‍ വിലയിരുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications