ഇന്ത്യന്‍ ടീമില്‍ നിന്നും വീണ്ടും വീണ്ടും അവഗണനകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ പ്രശംസിച്ച് സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്. ഏഷ്യാ കപ്പില്‍ ട്രാവലിങ് റിസര്‍വായിരുന്ന സഞ്ജുവിനെ കഴിഞ്ഞ ദിവസം ടീം നാട്ടിലേക്കു തിരികെ അയച്ചിരുന്നു. ഫിറ്റ്‌നസ് വീണ്ടെടുത്ത് കെഎല്‍ രാഹുല്‍ ടീമിലേക്കു തിരികെയെത്തിയ ശേഷമായിരുന്നു സഞ്ജുവിനെ ടീമില്‍ നിന്നും ഇന്ത്യ ഒഴിവാക്കിയത്.
അടുത്ത മാസമാരംഭിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ നിന്നും സഞ്ജു നേരത്തേ തഴയപ്പെട്ടിരുന്നു. രാഹുലും ഇഷാന്‍ കിഷനുമായിരുന്നു വിക്കറ്റ് കീപ്പര്‍മാരായി ഇന്ത്യന്‍ സ്‌ക്വാഡിലെത്തിയത്. നേരത്തേ ഏഷ്യന്‍ ഗെയിംസിലെ ക്രിക്കറ്റ് മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിലും സഞ്ജുവിനു ഇടം ലഭിച്ചിരുന്നില്ല.

സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയായിരുന്നു സഞ്ജുവിന്റെ പ്രതിഭയെ എബി ഡിവില്ലിയേഴ്‌സ് പുകഴ്ത്തിയത്. ഐപിഎല്ലില്‍ നേരത്തേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ ഭാഗമായിരുന്നപ്പോള്‍ സഞ്ജുവിനെതിരേ നിരവധി മല്‍സരങ്ങളില്‍ എബിഡി കളിച്ചിട്ടുണ്ട്. തങ്ങള്‍ക്കെതിരേ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയുള്ള സഞ്ജുവിന്റെ തീപ്പൊരി ഇന്നിങ്‌സിനെക്കുറിച്ചുള്ള ഓര്‍മകള്‍ എബിഡി പങ്കുവയ്ക്കുകയും ചെയ്തു.
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സഞ്ജു പുറത്താവാതെ 92 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ഞാന്‍ ആര്‍സിബി ടീമിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നും ബോള്‍ എല്ലാ ഭാഗങ്ങളിലേക്കും പറക്കുകയായിരുന്നു. പരമ്പരാഗതമായ ക്രിക്കറ്റ് ഗെയിമും ബാറ്റിങ് ടെക്‌നിക്കുകളും സഞ്ജുവിനു ലഭിച്ചിട്ടുണ്ട്.
വളരെ മനോഹരമായിട്ടാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നത്. മികച്ച പുള്‍ ഷോട്ടുകളും ഹുക്ക് ഷോട്ടുകളുമെല്ലാം സഞ്ജുവിന്റെ പക്കലുണ്ട്. ഒരു ബാറ്ററെന്ന നിലയില്‍ എല്ലാം അദ്ദേഹത്തിന്റെ കൈവശമുണ്ടെന്നും എബിഡി വ്യക്തമാക്കി. 2018ലെ ഐപിഎല്ലിലായിരുന്നു ആര്‍സിബിക്കെതിരേ സഞ്ജു കൊടുങ്കാറ്റായത്.
മൂന്നാം നമ്പറില്‍ കളിച്ച അദ്ദേഹം 45 ബോളില്‍ 10 സിക്സറും രണ്ടു ഫോറുമടക്കമായിരുന്നു 92 റണ്‍സ് വാരിക്കൂട്ടിയത്. കളിയില്‍ റോയല്‍സ് 19 റണ്‍സിനു ജയിച്ചപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സഞ്ജുവിനായിരുന്നു.
പ്രധാനമായും രണ്ടു ഉപദേശങ്ങളാണ് സഞ്ജുവിനു എബിഡി നല്‍കിയിരിക്കുന്നത്. ഏകദിനത്തോടും ഗെയിം പ്ലാനുകളോടും പൊരുത്തപ്പെടുകയാണ് സഞ്ജു ഇനി ചെയ്യേണ്ടത്. ലോകകപ്പിനോടും അതു നല്‍കുന്ന സമ്മര്‍ദ്ദത്തോടും പൊരുത്തപ്പെടാനും അദ്ദേഹം പഠിക്കണം. സഞ്ജുവും സൂര്യകുമാര്‍ യാദവും വളരെ മികച്ച ക്രിക്കറ്റര്‍മാര്‍ തന്നെയാണെന്നും എബിഡി നിരീക്ഷിച്ചു.
സഞ്ജുവിനെ പിന്തള്ളിയാണ് ടി20യിലെ നമ്പര്‍ വണ്‍ ബാറ്ററായ സൂര്യ ലോകകപ്പ് ടീമില്‍ ഇടം പിടിച്ചത്. ടി20യില്‍ തീപ്പൊരിയാണെങ്കിലം ഏകദിനത്തില്‍ സ്‌കൈയ്ക്കു ഇതു ആവര്‍ത്തിക്കാനായിട്ടില്ല. ഏകദിനത്തില്‍ 25ല്‍ താഴെ മാത്രമാണ് സൂര്യയുടെ ശരാശരി. സഞ്ജുവിനാവട്ടെ ഏകദിനത്തില്‍ 55ന് മകളിലും ശരാശരിയുണ്ട്. എന്നിട്ടും സെലക്ഷന്‍ കമ്മിറ്റിയുടെ പിന്തുണ സൂര്യക്കായിരുന്നു.

ഇത്തവണ നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പ് ജയിക്കാന്‍ ഇന്ത്യന്‍ ടീമിനു മേല്‍ അതിയായ സമ്മര്‍ദ്ദമുണ്ടായിരിക്കുമെന്നു എബിഡി ചൂണ്ടിക്കാട്ടി. കളിക്കളത്തില്‍ സ്വയം പ്രകടിപ്പിക്കാനും നിര്‍ഭയമായി കളിക്കാനുമായിരിക്കണം ഇന്ത്യ ശ്രമിക്കേണ്ടതെന്നു അദ്ദേഹം ഉപദേശിച്ചു.
ഇന്ത്യയുടേത് വളരെ മികച്ച ടീമാണ്. കരുത്തുറ്റ സംഘത്തെയാണ് ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. നാട്ടില്‍ കളിക്കുന്നുവെന്നതു മാത്രമാണ് ഇന്ത്യയെ അലട്ടുന്ന ഒരേയൊരു കാര്യം. നേരത്തേ ഇന്ത്യയില്‍ കളിച്ചപ്പോള്‍ അവര്‍ ചാംപ്യന്‍മാരായിരുന്നു. ഇത്തവണ വലിയ സമ്മര്‍ദ്ദം ടീമിനു മേലുണ്ടാവും. ഇന്ത്യയെ സംബന്ധിച്ച് ഒരേയൊരു തടസം ഇതാണെന്നാണ് എന്റെ അഭിപ്രായം.
എന്നാല്‍ ഈ സമ്മര്‍ദ്ദത്തെ അതിജീവിച്ച് ഫ്രീയായി കളിക്കുകയാണെങ്കില്‍ ഇന്ത്യക്കു ഒരു പ്രശ്‌നവുമുണ്ടാവില്ല. നിയന്ത്രിക്കാന്‍ കഴിയുന്നതിനെ ഇന്ത്യ വരുതിയിലാക്കണം. നിര്‍ഭയമായ സമീപനമായിരിക്കണം ടീം സ്വീകരിക്കേണ്ടത്. ഇന്ത്യന്‍ ടീമില്‍ നിന്നും ഇതാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അതിനു സാധിച്ചാല്‍ ടൂര്‍ണമെന്റില്‍ ഏറെ മുന്നോട്ടുപോവാനും ഒരു പക്ഷെ കിരീടമുയര്‍ത്താനും കഴിയുമെന്നും എബിഡി വിലയിരുത്തി.