രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിനെക്കുറിച്ച് ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് ടീമിന്റെ സ്‌ട്രെങ്ത്ത് ആന്റ് കണ്ടീഷണിങ് കോച്ചയ രാജാമണി പ്രഭു. സ്‌പോര്‍ട്‌സ് വികടനെന്ന യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോയല്‍സിനെ ഐപിഎല്ലിലെ വമ്പന്‍ ടീമായി വളര്‍ത്തിയെടുക്കുന്നതിനായി കഠിനാധ്വാനം ചെയ്യുന്ന നായകനാണ് സഞ്ജുവെന്നും ഈ കാരണത്താല്‍ മറ്റു പല ടീമുകളുടെയും ഓഫര്‍ നേരത്തേ തള്ളിയെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് രാജാമണി.
2022ലെ ഐപിഎല്‍ മെഗാ ലേലത്തിനു മുമ്പ് മൂന്നു വമ്പന്‍ ഫ്രാഞ്ചൈസികളില്‍ നിന്നും ക്യാപ്റ്റനാവാന്‍ സഞ്ജു സാംസണിനു ഓഫര്‍ വന്നിരുന്നു. പക്ഷെ അദ്ദേഹം അതു നിരസിക്കുകയായിരുന്നു. രാജസ്ഥാന്‍ റോയല്‍സിനോടുള്ള പ്രതിബദ്ധതയും കൂറും കാരണമായിരുന്നു ഇത്. അത്തരമൊരു ഓഫര്‍ വന്നിരുന്നെങ്കില്‍ 99 ശതമാനം കളിക്കാരും അതു സ്വീകരിക്കുമായിരുന്നുവെന്നു ഞാന്‍ ബെറ്റ് വയ്ക്കുകയാണെന്നും രാജാമണി വ്യക്തമാക്കി.

2021ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. അന്നു ഒരു ദിവസം രാത്രി ഞാന്‍ സഞ്ജുവിനോടു പറഞ്ഞു. ക്യാപ്റ്റനായി നിങ്ങളുടെ ആദ്യത്തെ സീസണാണിത്. എനിക്കും റോയല്‍സിനൊപ്പം ഇതു ആദ്യത്തെ സീസണാണ്. നിങ്ങളും ഞാനും കഴിവിന്റെ പരമാവധി ടീമിനു നല്‍കുകയും ചെയ്തു.
അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഐപിഎല്‍ ടീമുകളിലേക്കു നമുക്കു മാറാന്‍ കഴിയുമെന്നും അദ്ദേഹത്തോടു പറഞ്ഞു. പക്ഷെ അപ്പോള്‍ സഞ്ജുവിന്റെ മറുപടി ഇങ്ങനെയായിരുന്നു. ഏതു വലിയ ടീമിലേക്കും നമുക്കു പോവാന്‍ സാധിക്കും. എന്നാല്‍ ഈ ടീമിനെ (രാജസ്ഥാന്‍ റോയല്‍സ്) നമുക്കു വലിയ ടീമാക്കി മാറ്റണമെന്നായിരുന്നുവെന്നും രാജാമണി വെളിപ്പെടുത്തി.
സഞ്ജു അന്നു പറഞ്ഞതിനോടു ഞാനും യോജിച്ചു. അതെ നിങ്ങള്‍ പറഞ്ഞതാണ് ശരി, നമുക്ക് ഈ ടീമിനെയാണ് വളര്‍ത്തിയെടുക്കേണ്ടതെന്നു ഞാന്‍ പറഞ്ഞു. റോയല്‍സിനെ വലിയൊരു ടീമാക്കി മാറ്റിയെടുക്കുവാന്‍ എനിക്കു നിങ്ങളുടെ പിന്തുണയാണ് ആവശ്യം. ഈ ടീമിനെ നമുക്കു കൂടുതല്‍ ഫിറ്റാക്കി മാറ്റിയെടുക്കണം.
കൂടാതെ വമ്പന്‍ താരങ്ങളെയും നമുക്കു റോയല്‍സിലേക്കു കൊണ്ടുവരണം. അശ്വിനെയും ചഹലിനെയും പ്രസിദ്ധ് കൃഷ്ണയെയുമെല്ലാം എനിക്കു ഈ ടീമിലെത്തിക്കണമെന്നും സഞ്ജു തുറന്നു പറഞ്ഞു. റോയല്‍സ് എങ്ങനെയായിരിക്കണമെന്നു അദ്ദേഹത്തിനു വ്യക്തമായ ഒരു ദീര്‍ഘ വീക്ഷണമുണ്ടായിരുന്നു. എന്റെ അഭിപ്രായത്തില്‍ രണ്ടാമത്തെ മഹേന്ദ്രസിങ് ധോണിയാണ് സഞ്ജു. അധികം വൈകാതെ തന്നെ ധോണിയെപ്പൊല വമ്പനൊരു താരമായി സഞ്ജു മാറുമെന്നു എനിക്കുറപ്പാണെന്നും രാജാമണി വിശദമാക്കി.

2022ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വളരെ നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞു. കഴിഞ്ഞ സീസണിന്റെ ആദ്യപകുതിയില്‍ ഞങ്ങള്‍ മികച്ച പ്രകടനം നടത്തിയിരുന്നു. ആദ്യത്തെ ആറു മല്‍സരങ്ങളില്‍ അഞ്ചിലും ടീമിനു വിജയിക്കാനായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് തുടങ്ങി എല്ലാ വമ്പന്‍ ടീമുകളെയും ഞങ്ങള്‍ക്കു പരാജയപ്പെടുത്താന്‍ സാധിച്ചു.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള മല്‍സരത്തിനു ശേഷമണ് ഞങ്ങളുടെ ഗ്രാഫ് താഴേക്കു പോവുന്നത്. ഹോംഗ്രൗണ്ടില്‍ അവരെ 153 റണ്‍സിനു ഓള്‍ഔട്ടാക്കാക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. റണ്‍ചേസില്‍ ഒരു ഘട്ടത്തില്‍ റോയല്‍സ് ഒരു വിക്കറ്റിനു 90 റണ്‍സെന്ന നിലയിലായിരുന്നു. പക്ഷെ അടുത്ത മൂന്നോവറില്‍ കാര്യങ്ങള്‍ മാറി മറിയുകയായിരുന്നു. അതിനു ശേഷമാണ് ടീമിന്റെ മോശം സമയം ആരംഭിച്ചതെന്നും രാജാമണി വിശദീകരിച്ചു.
സമാപിച്ച ഐപിഎല്‍ സീസണില്‍ നേരിയ വ്യത്യാസത്തിലാണ് രാജസ്ഥാന്‍ റോയല്‍സിനു പ്ലേഓഫ് ബെര്‍ത്ത് നഷ്ടമായത്. പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനം കൊണ്ട് അവര്‍ക്കു തൃപ്തിപ്പെടേണ്ടി വരികയായിരുന്നു. ജയിക്കാമായിരുന്ന മല്‍സരങ്ങളില്‍പ്പോലും പരാജയമേറ്റു വാങ്ങിയതാണ് റോയല്‍സിനു തിരിച്ചടിയായത്. ഒരു മല്‍സരം കൂടി ജയിച്ചിരുന്നെങ്കില്‍ മുംബൈ ഇന്ത്യന്‍സിനെ പിന്തള്ളി റോയല്‍സ് നാലാംസ്ഥാനത്തു ഫിനിഷ് ചെയ്ത് പ്ലേഓഫിലെത്തുമായിരുന്നു.