ഇന്ത്യന്‍ ക്രിക്കറ്റില്‍ തന്റേതായ ഇടം നേടിയെടുക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് മലയാളികളുടെ അഭിമാനതാരമായ സഞ്ജു സാംസണ്‍. കരിയറിന്റെ തുടക്കകാലത്തു ഒരുപാട് വെല്ലുവിളികളെ നേരിടേണ്ടി വന്നിരുന്നെങ്കിലും അവയെ എല്ലാം അതിജിവിച്ചാണ് ഇപ്പോള്‍ അദ്ദേഹം ലോകമറിയുന്ന ക്രിക്കറ്ററായി മാറിയത്. ദേശീയ ടീമില്‍ ഇപ്പോഴും സ്ഥാനമുറപ്പില്ലെങ്കിലും ആരാധക പിന്തുണയുടെ കാര്യത്തില്‍ സഞ്ജു ഏതൊരു വമ്പന്‍ താരത്തോടും കിടിപിടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
കുട്ടിക്കാലത്തു പല തരത്തിലുള്ള അധിക്ഷേപങ്ങളും പരിഹാസങ്ങളുമെല്ലാം തനിക്കു നേരിടേണ്ടി വന്നിരുന്നതായും എന്നാല്‍ അവയെ എല്ലാം അവഗണിച്ചാണ് മുന്നോട്ടു പോയതെന്നും ഒരിക്കല്‍ സഞ്ജു വെളിപ്പെടുത്തിയിരുന്നു. അച്ഛന്‍ ഡല്‍ഹി പോലീസിലെ ഉദ്യോഗസ്ഥനായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ കുട്ടിക്കാലം അവിടെയായിരുന്നു. ഈ സമയത്തായിരുന്നു സഞ്ജുവിനു പുച്ഛവും പരിഹാസവുമെല്ലാം പല ഭാഗത്തു നിന്നും നേരിടേണ്ടി വന്നത്.

സച്ചിനും കുടുംബവും പോവുന്നു
ഡല്‍ഹിയില്‍ കളിച്ചിരുന്ന കാലത്തു തനിക്കു നേരിട്ട അപമാനത്തെയും പരിഹാസത്തെയും കുറിച്ചാണ് ഗൗരവ് കപൂറിനു നല്‍കിയ അഭിമുഖത്തില്‍ സഞ്ജു സാംസണ്‍ വെളിപ്പെടുത്തിയത്. ഞാന്‍ അന്നു ചെറിയ കുട്ടിയായിരുന്നു. അതുകൊണ്ടു തന്നെ കിറ്റ് ബാഗുമായി പപ്പയും മമ്മിയും എന്നെ ബസ് കയറ്റിവിടാന്‍ വരാറുണ്ടായിരുന്നു. ഈ സമയത്താണ് ചിലര്‍ എന്നെ കളിയാക്കിക്കൊണ്ടിരുന്നത്.
സച്ചിനും അവന്റെ പപ്പയും മമ്മിയും ഇതാ പോവുന്നുവെന്നാണ് പിറകില്‍ നിന്നും അവര്‍ ഉറക്കെ കളിയാക്കി പറഞ്ഞിരുന്നത്. ഇവനാണോ ടെണ്ടുല്‍ക്കറാവാന്‍ പോവുന്നതെന്നും അവര്‍ പരിഹസിച്ചിരുന്നു. ഈ തരത്തില്‍ ഒരുപാട് കളിയാക്കലുകള്‍ തനിക്കു ആ സമയത്തു നേരിടേണ്ടി വന്നിരുന്നതായി സഞ്ജു ചെറുചിരിയോടെ വെളിപ്പെടുത്തുന്നു.
കുടുംബത്തിന് ആത്മവിശ്വാസമായിരുന്നു
പല തരത്തിലുള്ള അധിക്ഷേപങ്ങളും പരിഹാസങ്ങളുമെല്ലാം ആദ്യകാലത്തു നേരിടേണ്ടി വന്നിരുന്നെങ്കിലും ഞാന്‍ ക്രിക്കറ്ററായി മാറുമെന്ന ആത്മവിശ്വാസം കുടംബത്തിനു എല്ലായ്‌പ്പോഴും ഉണ്ടായിരുന്നതായി സഞ്ജു സാംസണ്‍ വ്യക്തമാക്കി.
'പരിഹാസങ്ങളും അവഗണനകളുമൊന്നും എന്നെയോ, കുടുംബത്തെയോ തളര്‍ത്തിയിരുന്നില്ല. അവര്‍ക്കു എന്റെ കഴിവില്‍ പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. എന്റെ സഹോദരനും എന്നില്‍ നല്ല പ്രതീക്ഷയാണുണ്ടായിരുന്നത്. ഞങ്ങള്‍ ഒരുമിച്ച് ക്രിക്കറ്റ് കളിച്ചവര്‍ കൂടിയാണ്. ഇന്ത്യന്‍ ടീമിനു വേണ്ടി കളിച്ചതിനു ശേഷം ഞാന്‍ ചേട്ടന്റെ അടുത്തു പോയിരുന്നു'.
'നമ്മള്‍ കുട്ടിക്കാലം മുതല്‍ ഒരുമിച്ചു കളിച്ചിട്ടുള്ളവരാണ്. ഇന്ത്യക്കു വേണ്ടി ഞാന്‍ ഒരിക്കല്‍ കളിക്കുമെന്നു നിങ്ങള്‍ക്കു തോന്നിയിരുന്നോയെന്നും ചേട്ടനോടു ഞാന്‍ അന്നു ചോദിച്ചു. ഇന്ത്യക്കു വേണ്ടി നീ കളിക്കുമെന്നൊക്കെ കുട്ടി ആയിരുന്നപ്പോള്‍ പലരും പറയാറുണ്ടായിരുന്നു. പക്ഷെ ഇന്ത്യക്കായി ഒരുനാള്‍ നീ കളിക്കാനിറങ്ങുമെന്നു എനിക്കു അന്നു തന്നെ വളരെ ഉറപ്പായിരുന്നു'.

പക്ഷെ ഞാന്‍ ഇക്കാര്യം പുറത്തുള്ളവരോടു പറഞ്ഞാല്‍ നിനക്കു കളിക്കാന്‍ കഴിഞ്ഞേക്കില്ല എന്നൊരു അന്ധവിശ്വാസവും എനിക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ നീ ഇന്ത്യക്കു വേണ്ടി കളിക്കുമെന്നു ഞാന്‍ ആരോടും ഇതുവരെ പറഞ്ഞിട്ടില്ല. നിന്നോടും ഇക്കാര്യം ഇതുവരെ പറയാതിരുന്നതും ഈ കാരണത്താലാണ്. ഇപ്പോള്‍ നീ ദേശീയ ടീമിനായി കളിച്ച് എന്റെയടുത്ത് വന്നതിനു ശേഷമാണ് ഞാന്‍ ഇതു പറയുന്നതെന്നുമായിരുന്നു ചേട്ടന്റെ മറുപടിയെന്നും സഞ്ജു വിശദമാക്കി.
സഞ്ജുവിന്റെ കരിയര്‍
സഞ്ജു സാംസണിന്റെ അന്താരാഷ്ട്ര കരിയറെടുക്കുകയാണെങ്കില്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ മാത്രമേ അദ്ദേഹം ഇതിനകം കളിച്ചിട്ടുള്ളൂ. ഏകദിനത്തില്‍ 16 മല്‍സരങ്ങളില്‍ നിന്നും 510ഉം ടി20യില്‍ 30 മല്‍സരങങ്ങളില്‍ നിന്നും 444ഉം റണ്‍സുമാണ് സഞ്ജുവിന്റെ സമ്പാദ്യം. ഏകദിനത്തില്‍ ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളും കുറിച്ച അദ്ദേഹത്തിനു ടി20യില്‍ വെറും രണ്ടു ഫിഫ്റ്റികള്‍ മാത്രമേ നേടാനായിട്ടുള്ളൂ.
തനിക്കു ലഭിച്ച അവസരങ്ങള്‍ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ സഞ്ജുവിനു ഇനിയും സാധിച്ചിട്ടില്ല. സ്ഥിരതയില്ലാത്ത പ്രകടനം കാരണമാണ് ദേശീയ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ അദ്ദേഹത്തിനു സാധിക്കാത്തതെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.