ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പര പുരോഗമിക്കവെ ഓപ്പണറും മലയാളി താരവുമായ സഞ്ജു സാംസണിനു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കഴിഞ്ഞ രണ്ടു കളിയിലും പുറത്തെടുക്കാനായിരുന്നില്ല. ആദ്യ കളിയില്‍ 26 റണ്‍സും രണ്ടാമത്തെ ടി20യില്‍ അഞ്ചും റണ്‍സ് മാത്രമാണ് അദ്ദേഹത്തിനു നേടായാനയത്. രണ്ടു കളിയിലും ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറായിരുന്നു സഞ്ജുവിനെ മടക്കിയത്.
ആര്‍ച്ചര്‍ക്കെതിരേയും മറ്റൊരു അതിവേഗക്കാരനായ മാര്‍ക്ക് വുഡിനെതിരേയും അദ്ദേഹം ചെറുതായി പതറുകയും ചെയ്തു. ഇതോടെ മികച്ച പേസ് നിരയ്‌ക്കെതിരേ കളിക്കാന്‍ സഞ്ജുവിനു ഭയമാണെന്ന വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം ഉയരുകയും ചെയ്തിരുന്നു. യഥാര്‍ഥത്തില്‍ ശക്തമായ പേസ് നിരയ്‌ക്കെതിരേ അദ്ദേഹം വിയര്‍ക്കാറുണ്ടോ? ഇതേക്കുറിച്ച് നോക്കാം.

ആ സിക്‌സ് എങ്ങനെ മറക്കും?
സഞ്ജു സാംസണിനു യഥാര്‍ഥത്തില്‍ പേസ് ബൗളിങിനെതിരേ കാര്യമായ വീക്ക്‌നെസുകളൊന്നും തന്നെയില്ലെന്നതാണ് യാഥാര്‍ഥ്യം. വളരെ ചെറുപ്പത്തില്‍ തന്നെ ഐപിഎല്ലില്‍ അദ്ദേഹം ഇതു തെളിയിക്കുകയും ചെയ്തിട്ടുണ്ട്. 18ാ വയസ്സ് മാത്രമുള്ളപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കവെ സഞ്ജു പായിച്ച ആ സിക്‌സര്‍ ഇപ്പോഴും ആരാധകരുടെ മനസ്സില്‍ മായാതെയുണ്ടാവും.
സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള കളിയില്‍ സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്‌നിനെതിരേ സഞ്ജുവിന്റെ വണ്ടര്‍ സിക്‌സ് ഇപ്പോഴും അദ്ഭുതപ്പെടുത്തും. 150 കിമി വേഗതയ്‌ക്കൊപ്പം ലൈനിലും ലെങ്ത്തിലുമെല്ലാം അപാരമായ കണിശത പുലര്‍ത്താറുള്ള ബൗളറായിരുന്നു സ്റ്റെയ്ന്‍. പക്ഷെ 18 കാരനായ സഞ്ജുവിനു ഇതൊന്നും വിഷയമായിരുന്നില്ല.
ഡെയ്ല്‍ സ്‌റ്റെയ്‌നിനെതിരേ ഐപിഎല്ലില്‍ സഞ്ജു സാംസണിന്റെ കിടിലന്‍ സിക്‌സര്‍. വീഡിയോ കാണാം
ഓഫ്സ്റ്റംപിന് തൊട്ടു പുറത്ത് പിച്ച് ചെയ്ത ഗുഡ് ലെങ്ത്ത് ബോളിനെ ഫ്രണ്ട് ഫൂട്ടില്‍ നിന്നു കൊണ്ട് സഞ്ജു പായിച്ച മനോഹരമായ സിക്‌സര്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുക തന്നെ ചെയ്തു. അത്രയും മികച്ച ടൈമിങോടെയായിരുന്നു അദ്ദേഹം ബോളിനെ ഗാലറിയില്‍ ലാന്‍ഡ് ചെയ്യിച്ചത്. ഇതിഹാസമായിരുന്ന സ്‌റ്റെയ്‌നിനെ പോലും അത്ര ചെറിയ പ്രായത്തില്‍ സിക്‌സറിലേക്കു പറപ്പിച്ചിട്ടുള്ള സഞ്ജുവിന് ഇന്നലെ 'മുളച്ച' ജോഫ്ര ആര്‍ച്ചറെയും മാര്‍ക്ക് വുഡിനെയുമെല്ലാം എന്തിന് ഭയക്കണം?.
മികച്ച റെക്കോര്‍ഡ്
ഇന്ത്യന്‍ ടീമിലെ നിലവിലെ താരങ്ങളില്‍ ഫാസ്റ്റ് ബൗളര്‍മാരെ വളരെ അനായാസം നേരിടാന്‍ ശേഷിയുള്ള ബാറ്റര്‍മാരില്‍ ഒരാളാണ് സഞ്ജു സാംസണ്‍. ഓഫ്സ്റ്റംപിന് പുറത്തോ, ഷോര്‍ട്ട് ബോളോ, യോര്‍ക്കറോ എന്തുമാവട്ടെ തന്റെ ഏരിയയില്‍ വന്നാല്‍ അദ്ദേഹം അതിനെ അടിച്ചു പറത്തുമെന്നുറപ്പാണ്. നാട്ടിലെ സ്ലോ പിച്ചുകളില്‍ മാത്രമല്ല, വിദേശത്തെ പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ പോലും പേസര്‍മാരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ തനിക്കാവുമെന്നു സഞ്ജു തെളിയിക്കുകയും ചെയ്തിട്ടുള്ളതാണ്.

കരിയറെടുത്താല്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ 158 ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം അടിച്ചെടുത്തത് 2637 റണ്‍സാണ്. 141.16 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റോടെയാണിത്. പേസര്‍മാര്‍ക്കെതിരേ 106 സിക്‌സറുകളും 263 ഫോറുകളും സഞ്ജു പായിക്കുകയും ചെയ്തു. 91 തവണയാണ് പേസര്‍മാര്‍ അദ്ദേഹത്തെ പുറത്താക്കിയിട്ടുള്ളത്.
പേസര്‍മാരേക്കാള്‍ സഞ്ജുവിനെ പലപ്പോഴും ബുദ്ധിമുട്ടിച്ചിട്ടുള്ളതു സ്പിന്നര്‍മാരാണ്. വനിന്ദു ഹസരംഗയടക്കമുള്ള ചില സ്പിന്നര്‍മാരെ നേരിടാന്‍ അദ്ദേഹം വിഷമിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ സ്പിന്നര്‍മാര്‍ക്കെതിരേയും സഞ്ജുവിന്റെ പ്രകടനം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇംഗ്ലണ്ടുമായി ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയിലെ ശേഷിച്ച മല്‍സരങ്ങളില്‍ പേസര്‍മാരെ അദ്ദേഹം പഞ്ഞിക്കിടുന്നത് നമുക്കു കാണാന്‍ സാധിച്ചേക്കും.