ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനു വേണ്ടി പോരാട്ടം കൂടുതല്‍ ശക്തമാകവെ ഇതേക്കുറിച്ചു തുറന്നുപറഞ്ഞിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. നേരത്തേ റിഷഭ് പന്തും ഇഷാന്‍ കിഷനും മാത്രമായിരുന്നു വിക്കറ്റ് കീപ്പര്‍ റോളിലേക്കു സഞ്ജുവിന്റെ എതിരാളികള്‍. ഇപ്പോഴിതാ ഇവരെക്കൂടാതെ മറ്റൊരു യുവതാരമായ ധ്രുവ് ജുറേലും ഈ റോളിനായി രംഗത്തു വന്നിരിക്കുകയാണ്. കൂടാതെ ജിതേഷ് ശര്‍മയും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനു വേണ്ടി മല്‍സരിക്കുന്നുണ്ട്.
പ്രമുഖ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റായ വിമല്‍ കുമാറിനു നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പിങ് സ്ഥാനവുമായി ബന്ധപ്പെട്ട് താരങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടോയെന്നു സഞ്ജു വെളിപ്പെടുത്തിയത്. ബംഗ്ലാദേശുമായുള്ള കഴിഞ്ഞ ടി20 പരമ്പരയിലാണ് അദ്ദേഹത്തെ അവസാനമായി ഇന്ത്യന്‍ ടീമിനോടൊപ്പം കണ്ടത്. പരമ്പരയില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും സഞ്ജുവായിരുന്നു.

ശരിക്കും മല്‍സരമുണ്ടോ?
ഇന്ത്യന്‍ പ്ലെയിങ് ഇലവനിലെ സ്ഥാനത്തിനു വേണ്ടി വിക്കറ്റ് കീപ്പര്‍മാര്‍ക്കിടയില്‍ യാതൊരു തരത്തിലുള്ള ശത്രുതയോ, മല്‍സരമോ ഇല്ലെന്നാണ് സഞ്ജു സാംസണ്‍ പറയുന്നത്. ഇന്ത്യന്‍ ടീമിലേക്കേു വന്നിരിക്കുന്ന ഞങ്ങള്‍ തമ്മില്‍ കഴിഞ്ഞ എട്ട്- പത്ത് വര്‍ഷങ്ങളായുള്ള അടുപ്പമുണ്ട്. അണ്ടര്‍ 19, ഇന്ത്യന്‍ എ ടീം എന്നിവയ്‌ക്കെല്ലാം വേണ്ടി ഞങ്ങള്‍ ഒരുമിച്ച് കളിച്ചിട്ടുള്ളവരാണ്. അതു കൊണ്ടുതന്നെ വളരെ നല്ല അടുപ്പമാണ് ഞങ്ങള്‍ക്കിടയിലുള്ളത്.
നിങ്ങള്‍ പറഞ്ഞിട്ടുള്ളവരുമായിട്ടെല്ലാം (റിഷഭ്, ഇഷാന്‍, ജുറേല്‍) കളിക്കളത്തിന് അകത്തും പുറത്തുമെല്ലാം എനിക്കു നല്ല സൗഹൃദമാണുള്ളത്. കണ്ടുമുട്ടുമ്പോഴെല്ലാം ഞങ്ങള്‍ ഒരുപാട് സംസാരിക്കുകയും തമാശകള്‍ പങ്കിടുകയും ഒരുപാട് കഥകള്‍ പറയുകയുമെല്ലാം ചെയ്യാറുണ്ട്.
ഗ്രൗണ്ടിനകത്ത് എന്തെങ്കിലും നടക്കുന്നുണ്ടെങ്കില്‍ അതു അവിടെ മാത്രം നടക്കുന്ന കാര്യമാണ്. ഐപിഎല്ലില്‍ ഞങ്ങള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ സ്വന്തം ടീമിനു വേണ്ടി ഏറ്റവും നന്നായി പെര്‍ഫോം ചെയ്യാനാണ് എല്ലായ്‌പ്പോഴും ശ്രമിക്കാറുള്ളത്. റിഷഭിനെയും ഇഷാനെയുമെല്ലാം എനിക്കു വളര നന്നായിട്ടു അറിയാമെന്നും സഞ്ജു വിശദമാക്കി.
സ്വയം മല്‍സരിക്കുന്നു
ഇന്ത്യന്‍ ടീമിലെ താരങ്ങളുമായിട്ടല്ല, മറിച്ച് സ്വയം തന്നോടു തന്നെയാണ് ഓരോരുത്തരും മല്‍സരിച്ചു കൊണ്ടിരിക്കുന്നതെന്നാണ് സഞ്ജു സാംസണ്‍ പറയുന്നത്. ഞാനും റിഷഭും ഇഷാനുമെല്ലാം സ്വയം തങ്ങളോടു തന്നെയാണ് മല്‍സരിക്കുന്നത്. കഴിഞ്ഞ മല്‍സരത്തില്‍ എന്താണോ ചെയ്തത് അതിനേക്കാള്‍ നന്നായി ചെയ്യണമന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. റിഷഭും ഇഷാനുമെല്ലാം ഈ തരത്തില്‍ സ്വന്തം പ്രകടനം വീണ്ടും വീണ്ടും മെച്ചപ്പെടുത്താന്‍ തന്നെയാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
ഞങ്ങള്‍ തമ്മില്‍ പരസ്പരം പോരടിക്കാന്‍ കഴിയില്ല. അവന്‍ നന്നായി അടിച്ചതു കൊണ്ട് ഞാനും അങ്ങനെ അടിക്കണമെന്ന രീതിയിലുള്ള മല്‍സരം ഒരിക്കലും ഉണ്ടായിട്ടില്ല. നിങ്ങള്‍ കരുതുന്നതു പോലെയുള്ള ഒരു മല്‍സരം ഞങ്ങള്‍ക്കിടയിലില്ല. സോഷ്യല്‍ മീഡിയയില്‍ ഇതു സംബന്ധിച്ച് എന്തെങ്കിലും വരുന്നുണ്ടെങ്കില്‍ അതു അവരുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. അല്ലാതെ ഞങ്ങള്‍ക്കിടയില്‍ ഒരു ശത്രുതയുമില്ല.

റിഷഭ് റണ്‍സെടുത്തു, അതുകൊണ്ട് ഞാനും റണ്‍സെടുക്കണം. ഇഷാന്‍ സ്‌കോര്‍ ചെയ്തു കൊണ്ട് ഞാനും സ്‌കോര്‍ ചെയ്യണം എന്ന രീതിയില്‍ ചിന്തിക്കാന്‍ തുടങ്ങിയാല്‍ അതു വല്ലാത്തൊരു അസ്വസ്ഥതയാണ് സൃഷ്ടിക്കുക. അവന്‍ നന്നായി ചെയ്യണം, എനിക്കും നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കണം എന്ന രീതിയിലാണ് ഞാന്‍ ആലോചിക്കാറുള്ളത്.
അവന്‍ വിക്കറ്റ് കീപ്പറായി കളിക്കുകയാണെങ്കില്‍ എനിക്കു ബാറ്ററായി കളിക്കാം. ഇനി ഞാനാണ് വിക്കറ്റ് കീപ്പറെങ്കില്‍ അവനു ബാറ്ററയി കളിക്കാം എന്ന രീതിയിലാണ് ചിന്തിക്കാറുള്ളത്. അവന്റെ സ്ഥാനത്തു ഞാന്‍ ടീമിലേക്കു വരണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ഈ തരത്തില്‍ ചിന്തിക്കാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ക്കു മുന്നോട്ടു വഴിയൊന്നും കാണാന്‍ സാധിക്കില്ല.
കേരളത്തില്‍ നിന്നുള്ള ഞാന്‍ ഭാവിയില്‍ ഇന്ത്യക്കു വേണ്ടി കളിക്കുമോയെന്നു കുട്ടിക്കാലം മുതല്‍ ലോജിക്കലായി ആലോചിച്ചാല്‍ നോ എന്നായിരിക്കും ഉത്തരം. ഞാന്‍ കഠിനാധ്വാനം നടത്തുകയും ഈശ്വരന്‍ അനുഗ്രഹിക്കുകയും ചെയ്താല്‍ ശരിയായ സമയത്തു തന്നെ എനിക്കു ഇന്ത്യന്‍ ടീമില്‍ എത്താന്‍ കഴിയും. എല്ലായ്‌പ്പോഴും ഈ തരത്തിലാണ് താന്‍ ചിന്തിക്കാറുള്ളതെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.