ഹൈദാരാബാദ്: ബംഗ്ലാദേശുമായുള്ള മൂന്നാമത്തെും അവസാനത്തെയും ടി20യില്‍ കുറിച്ച തീപ്പൊരി സെഞ്ച്വറിക്കു പിന്നാലെ ഇന്ത്യക്കു വേണ്ടി സഞ്ജു സാംസണ്‍ സ്ഥിരം ഓപ്പണറാവണമെന്ന ആവശ്യം പല കോണുകണില്‍ നിന്നുമുയരുന്നുണ്ട്. മല്‍സരത്തില്‍ വെറും 47 ബോളില്‍ അദ്ദേഹം വാരിക്കൂട്ടിയത് 111 റണ്‍സാണ്. 11 ഫോറുകളും എട്ടു സിക്‌സറുകളം ഇതിലുള്‍പ്പെടും.
ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാരില്‍ ഒരാളായ യശസ്വി ജയ്‌സ്വാളിനോടൊപ്പം ടി20യില്‍ സഞ്ജു ഓപ്പണ്‍ ചെയ്യണമെന്നാണ് ആരാധകരുടെയും ക്രിക്കറ്റ് വിദഗ്ധരുടെയും അഭിപ്രായം. പക്ഷെ ടി20യില്‍ സഞ്ജു സ്ഥിരം ഓപ്പണറാവില്ലെന്നാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്ന കെ ശ്രീകാന്ത് ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള അവസാന ടി20യെക്കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം നടത്തുകയായിരുന്നു അദ്ദേഹം.

സ്ഥിരം ഓപ്പണറാവില്ല
അന്താരാഷ്ട്ര ടി20യില്‍ ഓപ്പണറായെത്തി കന്നി സെഞ്ച്വറി കുറിച്ചതു കൊണ്ടു മാത്രം സഞ്ജു സാംസണിനെ ഇന്ത്യയുടെ ഫസ്റ്റ് ചോയ്ത് ഓപ്പണറാക്കാന്‍ കഴിയില്ലെന്നാണ് കെ ശ്രീകാന്തിന്റെ വിലയിരുത്തല്‍. ഇതിനു പിന്നിലെ രണ്ടു കാരണങ്ങളെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു.
സഞ്ജു സാംസണ്‍ ടി20യില്‍ പുതിയ ഓപ്പണറായി മാറുമെന്നു പറയാന്‍ സാധിക്കില്ല. മൂന്നാം ടി20യില്‍ അദ്ദേഹം സെഞ്ച്വറി കണ്ടെത്തിയെന്നതു ശരി തന്നെയാണ്. പക്ഷെ ഹൈദരാബാദിലെ വിക്കറ്റ് വളരെ മോശമാണ്. രണ്ടാമത്തെ കാരണം ബംഗ്ലാദേശിനെപ്പോലെ ദുര്‍ബലമായ ബൗളിങ് ലൈനപ്പുള്ള ഒരു ടീമിനെതിരേ സെഞ്ചറി നേടിയെന്നത് അത്ര വലിയ കാര്യമല്ല. ഫീല്‍ഡിങിലും അവരുടെ പ്രകടനം വളരെയധികം പരിതാപകരമായിരുന്നുവെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി.
സെഞ്ച്വറിയെ വില കുറച്ച് കാണുന്നില്ല
ഹൈദരാബാദിലെ മോശം പിച്ചില്‍, ബംഗ്ലാദേശിന്റെ ദുര്‍ബലമായ ബൗളിങ് നിരയ്ക്കെതിരേയാണ് സെഞ്ച്വറി കണ്ടെത്തിയതെങ്കിലും സഞ്ജു സാംസണിന്റെ പ്രകടനത്തെ വില കുറച്ചു കാണുന്നില്ലെന്നു കെ ശ്രീകാന്ത് വ്യക്തമാക്കി.
ബംഗ്ലാദേശിനെതിരേ സഞ്ജു സാംസണ്‍ ഉജ്ജ്വലമായി തന്നെ ബാറ്റ് ചെയ്തു. അക്കാര്യത്തില്‍ തര്‍ക്കവുമില്ല. പക്ഷെ ഇങ്ങനെയൊരു ബൗളിങ് ലൈനപ്പുള്ള ടീമിനെതിരേ നേടിയ സെഞ്ച്വറി കൊണ്ടു മാത്രം അദ്ദേഹം സ്ഥിരം ഓപ്പണറാവണമെന്നൊക്കെ പറഞ്ഞാല്‍ ഞാന്‍ അതിനോടു യോജിക്കുന്നില്ല.

സഞ്ജു വളരെ മികച്ച താരം തന്നെയാണ്. ബോളിനെ നന്നായി സ്‌ട്രൈക്ക് ചെയ്യാനുള്ള കഴിവും അദ്ദേഹത്തിനുണ്ട്. ഇന്ത്യന്‍ ടീം പ്ലാനുകളില്‍ തുടര്‍ന്നും സഞ്ജു ഉണ്ടാവുമെന്നു മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ. ടി20യില്‍ ഓപ്പണിങ് റോളിലേക്കു ഫസ്റ്റ് ചോയ്‌സ് യശസ്വി ജയ്‌സ്വാള്‍ തന്നെയായിരിക്കും. റുതുരാജ് ഗെയ്ക്വാദ് വളരെ കഴിവുറ്റ ഓപ്പണിങ് ബാറ്ററാണ്. പക്ഷെ അവനെ ഇപ്പോള്‍ മറന്ന മട്ടാണ്. റുതുരാജിന്റെ പേര് പോലും എവിടെയുമില്ല. ഓപ്പണിങ് സ്ഥാനത്തേക്കു ശുഭ്മന്‍ ഗില്ലുമുണ്ട്.
ബംഗ്ലാദേശിനെപ്പോലെയുള്ള ഇത്ര ദുല്‍ബലമായ ടീമുകള്‍ക്കെതിരേ നിങ്ങള്‍ കളിക്കുമ്പോള്‍ ഇതൊക്കെ സംഭവിക്കും. മോശം വിക്കറ്റിലായിരുന്നു മല്‍സരം നടന്നത്. നേരത്തേ സിംബാബ്‌വെ പര്യടനത്തില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടിയപ്പോള്‍ അഭിഷേക് ശര്‍മയുടെ പേരും സ്ഥിരം ഓപ്പണറുടെ സ്ഥാനത്തേക്കു ഉയര്‍ന്നു വന്നിരുന്നുവെന്നും ശ്രീകാന്ത് വിശദമാക്കി.
സഞ്ജുവിനെ പ്രശംസിച്ചു
ഇന്ത്യക്കുവേണ്ടി ടി20യില്‍ സ്ഥിരം ഓപ്പണറാവാനൊന്നും സാധ്യതയില്ലെങ്കിലും സഞ്ജു സാംസണിന്റെ ബാറ്റിങ് പ്രകടനത്തെ പുകഴ്ത്താന്‍ കെ ശ്രീകാന്ത് മറന്നില്ല. എത്ര മനോഹരമായിട്ടാണ് ഹൈദരാബാദില്‍ സഞ്ജു സാംസണ്‍ ബാറ്റ് വീശിയത്. ക്ലീന്‍ ഹിറ്റിങ് തന്നെയായിരുന്നു അത്. എന്തൊരു ബാറ്റിങാണ് സഞ്ജുവടക്കം ടീമിലെ മറ്റുള്ളവരും കാഴ്ചവച്ചത്. ഇന്ത്യ നേടിയ 297 റണ്‍സെന്നത് അവിശ്വസനീയ ടോട്ടല്‍ തന്നെയാണെന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടു.
യഥാര്‍ഥ മല്‍സരമാണോ, അതോ കളിയുടെ ഹൈലൈറ്റ്‌സാണോ കാണുന്നത് എന്നു പോലും തോന്നിയിരുന്നു. ആ തരത്തിലായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിങ് പ്രകടനം. ബൗളര്‍മാരെ ഈ തരത്തില്‍ പ്രഹരിക്കുകയെന്നത് അവിശ്വസീനയം തന്നെയാണെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.