അടുത്ത മാസം നടക്കാനിരിക്കുന്ന ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ടീമുകളെ പ്രഖ്യാപിച്ചപ്പോള്‍ ആരാധകരെ ഏറ്റവുമധികം നിരാശപ്പെടുത്തിയത് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ അഭാവമായിരുന്നു. ദുലീപ് ട്രോഫിയില്‍ കളിക്കുന്നതിനു വേണ്ടി പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ (KCL) പോലും കളിക്കാതെ വിട്ടുനിന്ന താരമാണ് അദ്ദേഹം.
പക്ഷെ ദുലീപ് ട്രോഫിക്കായി നാലു ടീമുകളെ പ്രഖ്യാപിച്ചപ്പോള്‍ ഇവയിലൊന്നും സഞ്ജുവിനു ഇടം ലഭിച്ചില്ല. എന്നാല്‍ ടൂര്‍ണമെന്റില്‍ ഒരു മല്‍സരത്തില്‍പ്പോലും അദ്ദേഹം കളിക്കില്ലെന്നു ഉറപ്പിക്കാന്‍ വരട്ടെ. സഞ്ജുവിനു ഇനിയും ടീമിലേക്കു വിളിയെത്താം. ഇതു എങ്ങനെയെന്നറിയാം.

സപ്തംബര്‍ അഞ്ചു മുതല്‍ 23 വരെയാണ് റെഡ് ബോള്‍ ഫോര്‍മാറ്റിലുള്ള ദുലീപ് ട്രോഫി നടക്കാനിരിക്കുന്നത്. അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ഇല്ലാത്തതിനാല്‍ തന്നെ ദേശീയ ടീമിന്റെ ഭാഗമായിട്ടുള്ള ഭൂരിഭാഗം പേരും ടൂര്‍ണമെന്റില്‍ വിവിധ ടീമുകള്‍ക്കായി കളിക്കുകയും ചെയ്യും. രോഹിത് ശര്‍മ, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരൊഴികെയുള്ള മുന്‍നിര താരങ്ങളെല്ലം ദുലീപ് ട്രോഫിയുടെ ഭാഗമാണ്. ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പായിട്ടാണ് ടൂര്‍ണമെന്റിനെ താരങ്ങള്‍ പരിഗണിക്കുന്നത്.
എന്നാല്‍ ദേശീയ ടീമിലെ പ്രധാനപ്പെട്ട താരങ്ങള്‍ ദുലീപ് ട്രോഫിയിലെ എല്ലാ മല്‍സരങ്ങളിലും കളിക്കില്ലെന്നുറപ്പാണ്. കാരണം അടുത്ത മാസം 19നാണ് ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുക. ഈ പരമ്പരയില്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ താരങ്ങള്‍ ദുലീപ് ട്രോഫിയിലെ അവസാന റൗണ്ടിലെ മല്‍സരങ്ങള്‍ക്കുണ്ടാവില്ല.
ഇവിടെയാണ് സഞ്ജുവിന്റെ സാധ്യത തെളിയുന്നത്. ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കായി സീനിയര്‍ ടീമിലെ കളിക്കാര്‍ ടീം വിട്ടാല്‍ പകരക്കാരെ ആവശ്യമായി വരും. ഇതോടെ സഞ്ജുവടക്കം ഇപ്പോള്‍ ടീമുകളില്‍ ഇടം ലഭിക്കാതെ പോയവര്‍ക്കു നറുക്കുവീഴുകയും ചെയ്യും. ദുലീപ് ട്രോഫിക്കുള്ള ടീം എയെ എടുത്താല്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, ധ്രുവ് ജുറേല്‍, കെഎല്‍ രാഹുല്‍, കുല്‍ദീപ് യാദവ് എന്നിവരെല്ലാം ബംഗ്ലാദേശിനെതിരേ ടെസ്റ്റ് ടീമില്‍ ഇടം പിടിക്കുമെന്ന് ഉറപ്പുള്ളവരാണ്.
ടീം ബിയില്‍ നിന്നും യശസ്വി ജയ്‌സ്വാള്‍, സര്‍ഫ്രാസ് ഖാന്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ. മുഹമ്മദ് സിറാജ് എന്നിവരും ടീം സിയില്‍ നിന്നും റുതുരാജ് ഗെയ്ക്വാദും ടീം ഡിയില്‍ നിന്നും ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ക്കും ഇന്ത്യന്‍ ടെസ്റ്റ് ടീമിനോടൊപ്പം ചേരേണ്ടതായി വരും. ഇത്രയും കളിക്കാര്‍ കൂട്ടത്തോടെ ടീം വിടുമ്പോള്‍ സ്വാഭാവികമായും പകരക്കാരെയും ആവശ്യമാണ്.

ഏതെങ്കിലുമൊരു ടീമിലേക്കു പകരക്കാരന്റെ റോളിലേക്കു സഞ്ജു വരാന്‍ തന്നെയാണ് സാധ്യത. ചിലപ്പോള്‍ നായകസ്ഥാനവും അദ്ദേഹത്തിനു ലഭിച്ചേക്കും. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനോടൊപ്പം ക്യാപ്റ്റന്‍സി മിടുക്ക് തെളിയിച്ചു കഴിഞ്ഞ താരമാണ് സഞ്ജു. മാത്രമല്ല ആഭ്യന്തര ക്രിക്കറ്റില്‍ കേരള ടീമിനെയും മികച്ച രീതിയിലാണ് അദ്ദേഹം നയിച്ചുകൊണ്ടിരിക്കുന്നത്. ഇവയെല്ലാം സഞ്ജുവിന്റെ ക്യാപ്റ്റന്‍സി സാധ്യതയും വര്‍ധിപ്പിക്കുന്നുണ്ട്.
അതേസമയം, കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തിലാണ് സഞ്ജുവിനെ അവസാനായി കളിക്കളത്തില്‍ കണ്ടത്. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ തഴയപ്പെട്ട അദ്ദേഹം ടി20യില്‍ ടീമിന്റെ ഭാഗമായിരുന്നു. രണ്ടു മല്‍സരങ്ങളില്‍ സഞ്ജു കളിക്കുകയും ചെയ്‌തെങ്കിലും ബാറ്റിങില്‍ തികഞ്ഞ പരാജയമായി മാറി. രണ്ടിലും ഡെക്കായാണ് അദ്ദേഹത്തിനു ക്രീസ് വിടേണ്ടിവന്നത്.