ഇന്ത്യക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കാന്‍ സഞ്ജു സാംസണ്‍ തയ്യാറായിക്കഴിഞ്ഞതായും ഈ ഫോര്‍മാറ്റില്‍ അദ്ദേഹത്തിനു തിളങ്ങാന്‍ സാധിക്കുമെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്ത്. എബിപിലൈവിനോടു (Abplive) സംസാരിക്കുകയായിരുന്നു അദ്ദേഹം. റിഷഭ് പന്തിനും ഇഷാന്‍ കിഷനുമെല്ലാം ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് സഞ്ജുവിനു ആയിക്കൂടെന്നും അദ്ദേഹം ചോദിക്കുന്നു.
ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡി ടീമിനോടൊപ്പമാണ് സഞ്ജുവിനെ അവസാനമായി കളിക്കളത്തില്‍ കണ്ടത്. ശ്രേയസ് അയ്യര്‍ നയിച്ച ടീമിനായി അദ്ദേഹം ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയും കുറിച്ചിരുന്നു. ഇനി ബംഗ്ലാദേശിനെതിരേ ഞായറാഴ്ച തുടങ്ങുന്ന ടി20 പരമ്പരയില്‍ കളിക്കാന്‍ തയ്യാറെടുക്കുകയാണ് സഞ്ജു. ടീമിനു വേണ്ടി അദ്ദേഹം ഓപ്പണറായി കളിച്ചേക്കുമെന്നാണ് സൂചനകള്‍.

മികച്ച മൂന്നു പേരില്‍ സഞ്ജുവും
നിലവില്‍ മല്‍സരരംഗത്തുള്ള ഇന്ത്യയുടെ മൂന്നു ബാറ്റര്‍മാരില്‍ എല്ലാ ഫോര്‍മാറ്റിലും കളിക്കാന്‍ ശേഷിയുള്ള മൂന്നു പേരെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആരൊക്കെയാവുമെന്നായിരുന്നു ശ്രീശാന്തിനോടുള്ള ചോദ്യം. കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവരാണ് മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങാന്‍ ശേഷിയുള്ള മൂന്നു പേരെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ദുലീപ് ട്രോഫിയില്‍ അടുത്തിടെ സഞ്ജു സാംസണ്‍ സെഞ്ച്വറി നേടിയിരുന്നു. റെഡ് ബോള്‍ ക്രിക്കറ്റില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചാല്‍ അദ്ദേഹത്തിനു ഇനിയും നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കും. സഞ്ജു ഏറെ പക്വത നേടിക്കഴിഞ്ഞു. ഉത്തരവാദിത്വമേറ്റെടുത്ത് കളിക്കാനും കഴിയും. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. കേരളാ ടീമിന്റെയും നായകനാണെന്നും ശ്രീശാന്ത് വ്യക്തമാക്കി.
ടെസ്റ്റില്‍ സഞ്ജു മിന്നിക്കും
റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഇന്ത്യക്കു വേണ്ടി കസറാന്‍ സഞ്ജു സാംസണിനു തീര്‍ച്ചയായും സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ശ്രീശാന്ത്. ഇതിനുള്ള കാരണങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു. റിഷഭ് പന്തിനു ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കാന്‍ സാധിക്കുമെങ്കില്‍ എന്തുകൊണ്ട് സഞ്ജു സാംസണിനു സാധിക്കില്ല? ഇഷാന്‍ കിഷന് കളിക്കാന്‍ കഴിയുമെങ്കില്‍ സഞ്ജുവിനും ഉറപ്പായും കഴിയും.
ഇപ്പോള്‍ ടെസ്റ്റ് മല്‍സരങ്ങള്‍ നടക്കാറുള്ള വിക്കറ്റുകള്‍ നോക്കിയാല്‍ ടെസ്റ്റില്‍ അവസരം നല്‍കിയാല്‍ സഞ്ജുവിനു തീര്‍ച്ചയായും മികച്ച ബാറ്റിങ് കാഴ്ചവയ്ക്കാന്‍ കഴിയും. സ്പിന്നര്‍മാര്‍ക്കെതിരേ വളരെ നന്നായി കളിക്കുന്നയാളാണ് അദ്ദേഹം.
ടീമിന്റെ ആറ്, ഏഴ് വിക്കറ്റുകള്‍ വീണ ശേഷവും സ്പിന്നര്‍മാര്‍ക്കെതിരേ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്കു മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്നുണ്ടെങ്കില്‍ അയാളുടെ മിടുക്ക് തന്നെയാണ് അടിവരയിടുന്നത്. നല്ല പക്വതയുള്ള ബാറ്ററും കൂടിയാണ് സഞ്ജു. അതുകൊണ്ടു തന്നെ ഇന്ത്യക്കായി ഈ ഫോര്‍മാറ്റില്‍ അവസരം ലഭിച്ചാല്‍ അദ്ദേഹം കസറുമെന്നു ഉറപ്പുണ്ടെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

സഞ്ജുവിന്റെ റെഡ് ബോള്‍ കരിയര്‍
ഇന്ത്യക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ ഇനിയും അരങ്ങേറിയിട്ടില്ലെങ്കിലും കേരളത്തിനായി റെഡ് ബോളില്‍ 50ന് മുകളില്‍ മല്‍സരങ്ങള്‍ അദ്ദേഹം കളിച്ചു കഴിഞ്ഞു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 64 മല്‍സരങ്ങളില്‍ താരം കളിച്ചിട്ടുണ്ട്. ഇവയില്‍ 106 ഇന്നിങ്‌സുകളിലാണ് സഞ്ജു ബാറ്റ് ചെയ്തിട്ടുള്ളത്.
38.96 ശരാശരിയില്‍ 59.84 സ്‌ട്രൈക്ക് റേറ്റില്‍ 3819 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 11 സെഞ്ച്വറികളും 16 ഫിഫ്റ്റികളും സഞ്ജു സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 212 റണ്‍സുമാണ്.
ടെസ്റ്റിലും ഇന്ത്യക്കായി വൈകാതെ കളിക്കാന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് മലയാളി താരം. വരാനിരിക്കുന്ന രഞ്ജി ട്രോഫിയില്‍ കേരളാ ടീമിനായി വലിയ ഇന്നിങ്‌സുകള്‍ കളിക്കാനായാല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കും അദ്ദേഹത്തിനു വിളിയെത്തിയേക്കും. ഇതു സംഭവിക്കുമോയെന്നു കാത്തിരുന്നു കാണാം.