ഇന്ത്യന്‍ വിക്കറ്റ് കീപ്പറും മലയാളി താരവുമായ സഞ്ജു സാംസണിനെ സംബന്ധിച്ച് കരിയറിലെ ഏറ്റവും മികച്ച വര്‍ഷമായി മാറിയിരിക്കുകയാണ് 2024. ടി20 ഫോര്‍മാറ്റില്‍ ദേശീയ ടീമില്‍ സ്ഥാനം അരക്കിട്ടുറപ്പിക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചിട്ടുള്ളത്. മുഖ്യ കോച്ചായി ഗൗതം ഗംഭീറിന്റെ വരവും പിന്നാലെ ഓപ്പണിങ് റോളിലേക്കുള്ള പ്രൊമോഷനുമെല്ലാം സഞ്ജുവിന്റെ കരിയറിനു വലിയ ബ്രേക്കാണ് നല്‍കിയത്. തുടര്‍ച്ചയായി ഒമ്പതു ടി20കളിലാണ് അദ്ദേഹത്തിനു കളിക്കാന്‍ അവസരം കിട്ടിയത്. ഇതില്‍ ഏഴിലും സഞ്ജു ഓപ്പണറുമായിരുന്നു.
ഇപ്പോഴിതാ വലിയൊരു നേട്ടം കൂടി സ്വന്തം പേരില്‍ കുറിച്ചാണ് അദ്ദേഹം ഈ വര്‍ഷം അവസാനിപ്പിക്കുന്നത്. സൗത്താഫ്രിക്കയ്‌ക്കെതിരേ സമാപിച്ച ടി20 പരമ്പരയിലെ തീപ്പൊരി പ്രകടനമാണ് സഞ്ജുവിനെ ഈ റെക്കോര്‍ഡ് കൈവരിക്കാന്‍ സഹായിച്ചത്. 2024ല്‍ അന്താരാഷ്ട്ര ടി20യില്‍ ഏറ്റവുമധികം സിക്‌സറുകള്‍ പായിച്ച ഇന്ത്യന്‍ താരമായി അദ്ദേഹം മാറിയിരിക്കുകയാണ്. ഈ ലിസ്റ്റില്‍ സഞ്ജുവിനു പിന്നിലുള്ളവര്‍ ആരൊക്കെയെന്നു നമുക്കു നോക്കാം.

സിക്‌സര്‍ വീരന്‍
ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ നിലവില്‍ തന്നേക്കാള്‍ നന്നായി സിക്‌സറുകളടിക്കാന്‍ ശേഷിയുള്ള മറ്റൊരു താരമില്ലെന്നു അടിവരയിടുന്നതാണ് ഈ വര്‍ഷം സഞ്ജു സാംസണിന്റെ പ്രകടനം. മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മയായിരുന്നു നേരത്തേ ഇന്ത്യന്‍ സിക്‌സര്‍ മെഷീനെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ ടി20 ലോകകപ്പിനു പിന്നാലെ ഹിറ്റ്മാന്‍ ഈ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചതോടെ സഞ്ജു ഈ റോള്‍ ഏറ്റെടുത്തിരിക്കുകയാണ്.
31 സിക്‌സറുകളുമായാണ് അദ്ദേഹം ഈ വര്‍ഷം അദ്ദേഹം ഇന്ത്യയുടെ സിക്‌സര്‍ കിങായി മാറിയിരിക്കുന്നത്. മറ്റൊരു ഇന്ത്യന്‍ താരവും 30 എന്ന മാജിക്കല്‍ സംഖ്യ തൊട്ടില്ല. 23 സിക്‌സറുകള്‍ പായിച്ച രോഹിത്താണ് ഈ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തുള്ളത്. മൂന്നാംസ്ഥാനം നിലവിലെ ക്യാപ്റ്റനും ലോകത്തിലെ നമ്പര്‍ വണ്‍ ടി20 ബാറ്റര്‍ കൂടിയായ സൂര്യകുമാര്‍ യാദവിനാണ്. 22 സിക്‌സറുകളാണ് സ്‌കൈയുടെ സമ്പാദ്യം.
നാലാമതു നില്‍ക്കുന്നത് യുവ ഓള്‍റൗണ്ടര്‍ തിലക് യാദവാണ്. 21 സിക്‌സറുകള്‍ താരം ഈ വര്‍ഷം ടി20യില്‍ നിന്നും വാരിക്കൂട്ടി. 20ന് മുകളില്‍ സിക്‌റുകള്‍ 2024ല്‍ നേടിയ ഇന്ത്യന്‍ താരങ്ങളും ഈ നാലു പേര്‍ മാത്രമാണ്. തിലകിനു പിറകില്‍ അഞ്ചും ആറും സ്ഥാനങ്ങളില്‍ വെടിക്കെട്ട് ബാറ്റര്‍ അഭിഷേക് ശര്‍മയും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുമാണ്. ഇരുവരും 19 വീതം സിക്‌സറുകളാണ് ഈ വര്‍ഷം നേടിയത്.
16 സിക്‌സറുകള്‍ വീതം പായിച്ച യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും ഫിനിഷര്‍ റിങ്കു സിങുമാണ് ഏഴും എട്ടും സ്ഥാനങ്ങളില്‍. 15 സിക്‌സറുകളടിച്ച ശിവം ദുബെ ഒമ്പതാമതും നില്‍ക്കുന്നു. റിയാന്‍ പരാഗ് (ഒമ്പത്), നിതീഷ് കുമാര്‍ റെഡ്ഡി (8), വിരാട് കോലി (7), റിഷഭ് പന്ത് (7) എന്നിവരാണ് ഈ ലിസ്റ്റിലെ മറ്റു ഇന്ത്യന്‍ താങ്ങള്‍.
സഞ്ജുവിന്റെ പ്രകടനം
ഇന്ത്യക്കു വേണ്ടി ഈ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ ഒരു മല്‍സരം പോലും കളിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും ടി20 പരമ്പരകളില്‍ സഞ്ജു സാംസണ്‍ സജീവ സാന്നിധ്യമായിരുന്നു. അഫ്ഗാനിസ്താന്‍, സിംബാബ്‌വെ, ശ്രീലങ്ക, ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരേയുള്ള പരമ്പരകളിലെല്ലാം മലയാളി താരം ടീമിന്റെ ഭാഗമായിരുന്നു. ഈ വര്‍ഷമാദ്യം അഫ്ഗാനിസ്താനെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയിലാണ് സഞ്ജു ആദ്യം കളിച്ചത്.

അഫ്ഗാനെതിരേ ഒരു മല്‍സരത്തില്‍ മാത്രമേ അദ്ദേഹം ഇലവനിലുണ്ടായുള്ളൂ. ഇതില്‍ ഗോള്‍ഡന്‍ ഡെക്കാവുകയും ചെയ്തു. അതിനു ശേഷം സിംബാബ്‌വെയ്‌ക്കെതിരേ അവരുടെ നാട്ടില്‍ മൂന്നു ടി20കളില്‍ സഞ്ജു കളിച്ചിരുന്നു. 12, 58, 0 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. ശ്രീലങ്കയുമായുള്ള രണ്ടു ടി20കളിലും അദ്ദേഹം ഡെക്കാവുകയായിരുന്നു.
തുടര്‍ന്നാണ് കരിയറിലെ ടേണിങ് പോയിന്റായി മാറിയ ബംഗ്ലാദേശുനായുള്ള പരമ്പര കളിച്ചത്. 29, 10, 111 എന്നിങ്ങനെ സ്‌കോറുകളും നേടി. കരിയറിലെ ആദ്യ ടി20 സെഞ്ച്വറി കൂടിയാണ് സഞ്ജു കണ്ടെത്തിയത്. അതിനു ശേഷം സൗത്താഫ്രിക്കയ്‌ക്കെതിരേ ആദ്യ കളിയില്‍ തന്നെ സെഞ്ച്വറിയോടെയാണ് (107) അദ്ദേഹം തുടങ്ങിയത്. അടുത്ത രണ്ടു കളിയിലും ഡെക്കായെങ്കിലും അവസാന ടി20യില്‍ മറ്റൊരു സെഞ്ച്വറിയോടെ ക്ഷീണം തീര്‍ത്തു. 56 ബോളില്‍ 109 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്.