മുംബൈ: ടി20 ലോകകപ്പിന് ശേഷം ഇന്ത്യ പുതിയ പരിശീലകന് കീഴില്‍ കളി പഠിക്കാനൊരുങ്ങുകയാണ്. രാഹുല്‍ ദ്രാവിഡ് പടിയിറങ്ങുമ്പോള്‍ തല്‍സ്ഥാനത്ത് ഗൗതം ഗംഭീറാവും എത്തുക. ഇന്ന് ഗംഭീറിന്റെ ആദ്യ അഭിമുഖം കഴിഞ്ഞിരിക്കുകയാണ്. അടിമുടി മാറ്റം ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നാണ് ഗംഭീര്‍ നല്‍കുന്ന സൂചന. ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യക്ക് പ്രത്രേ്യക ടീം വേണമെന്നാണ് ഗംഭീര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് നടപ്പിലായാല്‍ ഇന്ത്യയുടെ പല താരങ്ങള്‍ക്കും കൂടുതല്‍ അവസരം ലഭിക്കുമെന്നുറപ്പാണ്.
ഗംഭീര്‍ വരുമ്പോള്‍ ഏകദിനത്തില്‍ ഇന്ത്യക്ക് പ്രത്യേക ടീം വന്നാല്‍ ഇന്ത്യയുടെ സാധ്യതാ ഏകദിന 11 പരിശോധിക്കാം. ഓപ്പണര്‍മാരായി യശ്വസി ജയ്‌സ്വാളും ശുബ്മാന്‍ ഗില്ലുമാവും എത്തുക. രോഹിത് ശര്‍മ പരിമിത ഓവര്‍ മതിയാക്കി ടെസ്റ്റിലേക്ക് കൂടുതല്‍ ശ്രദ്ധനല്‍കാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ ഗില്ലിനാവും മുഖ്യ പരിഗണന ലഭിക്കുക. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയടക്കം നേടിയിട്ടുള്ള താരമാണ് ശുബ്മാന്‍ ഗില്‍. അതുകൊണ്ടുതന്നെ ഗില്ലിന് ഏകദിനത്തില്‍ വലിയ ഭാവിയുമുണ്ട്.
യശ്വസി ജയ്‌സ്വാള്‍ കടന്നാക്രമിക്കാന്‍ ശേഷിയുള്ള ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ്. പരിമിത ഓവറില്‍ താരത്തിന് കൂടുതല്‍ പരിഗണന ലഭിക്കാനാണ് സാധ്യത. ഇടത്, വലത് കൂട്ടുകെട്ട് നിലനില്‍ക്കാന്‍ ഗില്ലും ജയ്‌സ്വാളും ചേര്‍ന്ന് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നതാണ് നല്ലത്. മൂന്നാം നമ്പറില്‍ വിരാട് കോലി തുടര്‍ന്നേക്കും. ഏകദിനത്തില്‍ കുറച്ച് വര്‍ഷം കൂടി കളിച്ച ശേഷം കോലി വിരമിക്കാനാണ് സാധ്യത കൂടുതല്‍. മൂന്നാം നമ്പറില്‍ കോലി കളി തുടരും.
നാലാം നമ്പറില്‍ കെ എല്‍ രാഹുലാവും കളിക്കാന്‍ സാധ്യത. നിലവില്‍ ടി20 ടീമിന് പുറത്തുള്ള രാഹുലിന് ഏകദിനത്തില്‍ നിര്‍ണ്ണായക റോളുണ്ട്. സീനിയര്‍ താരമെന്ന നിലയില്‍ പരിഗണിക്കുമ്പോള്‍ നായകസ്ഥാനത്തേക്ക് രാഹുല്‍ എത്താനും സാധ്യതയുണ്ട്. ഇതിനോടകം മികച്ച പ്രകടനങ്ങള്‍ ഏകദിനത്തില്‍ നടത്തിയിട്ടുള്ള രാഹുല്‍ ഏത് ബാറ്റിങ് പൊസിഷനിലും തിളങ്ങാന്‍ കഴിവുള്ളവനാണ്. അഞ്ചാം നമ്പറില്‍ സഞ്ജു സാംസണിനെ കളിപ്പിക്കാനാണ് സാധ്യത.

ടി20യില്‍ തിളങ്ങി ഇന്ത്യന്‍ ടീമിലേക്കെത്തിയ താരമാണെങ്കിലും സഞ്ജുവിന് ഏകദിനത്തിലാണ് ഇന്ത്യന്‍ ടീമില്‍ ഭാവി കാണുന്നത്. ദക്ഷിണാഫ്രിക്കയില്‍ സെഞ്ച്വറിയടക്കം നേടിയ സഞ്ജുവിന് ടി20 ടീമില്‍ ഇനി ഇടം ലഭിക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ ഏകദിന ടീമില്‍ കൂടുതല്‍ അവസരം ലഭിക്കുമെന്നുറപ്പാണ്. എത്ര അവസരം ലഭിക്കുമെന്നത് അദ്ദേഹത്തിന്റെ ഫോം വിലയിരുത്തി തീരുമാനിക്കേണ്ട കാര്യമാണ്. അറാം നമ്പറില്‍ റിഷഭ് പന്ത് കളിക്കും.
ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി റിഷഭ് കളിക്കാനാണ് സാധ്യത കൂടുതല്‍. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ റിഷഭിനെ ഇന്ത്യ വൈസ് ക്യാപ്റ്റനായി വളര്‍ത്തിയേക്കും. ഫിനിഷര്‍ റോളിലേക്കോ മധ്യനിരയിലേക്കോ മത്സരത്തിന്റെ സാഹചര്യത്തിനനുസരിച്ച് റിഷഭിന്റെ ബാറ്റിങ് ഓഡര്‍ മാറിയേക്കും. ഏഴാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യ കളിക്കും. പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ ഹാര്‍ദിക്കിന് ടീമില്‍ നിര്‍ണ്ണായക റോളാണുള്ളത്.
എട്ടാം നമ്പറില്‍ അക്ഷര്‍ പട്ടേലുണ്ടാവും. രവീന്ദ്ര ജഡേജയെ ടെസ്റ്റിലേക്ക് കൂടുതല്‍ പരിഗണിച്ച് ഏകദിനത്തില്‍ അക്ഷര്‍ പട്ടേലിന് കൂടുതല്‍ അവസരം നല്‍കാനാവും ഇന്ത്യ ശ്രമിക്കുക. ഒമ്പതാം നമ്പറില്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവ് തുടര്‍ന്നേക്കും. താരത്തിന്റെ ഫോം വിലയിരുത്തിയാവും പകരക്കാരനെ തീരുമാനിക്കുക. രവി ബിഷ്‌നോയിയെ വളര്‍ത്താന്‍ സാധ്യതയുണ്ട്. പേസ് നിരയില്‍ മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും തുടരും.
ഇന്ത്യ റിസര്‍വ് താരങ്ങളായി ശ്രേയസ് അയ്യര്‍, റിങ്കു സിങ്, അര്‍ഷ്ദീപ് സിങ്, റുതുരാജ് ഗെയ്ക്‌വാദ് എന്നിവരെയും പരിഗണിച്ചേക്കും. ഇന്ത്യയുടെ ഏകദിന ടീമില്‍ വലിയൊരു പൊളിച്ചെഴുത്ത് തന്നെ നടത്താനാണ് സാധ്യതയുള്ളത്.