മുംബൈ: ടി20 ലോകകപ്പ് കിരീടം ഇന്ത്യ അലമാരയിലെത്തിച്ചിരിക്കുകയാണ്. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 7 വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. പ്രഥമ ടി20 ലോകകപ്പ് കിരീടം അലമാരയിലെത്തിച്ച ശേഷം ഇതുവരെ ഒരു കപ്പ് നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. ഇന്ത്യയുടെ അഞ്ചാമത്തെ ഐസിസി ട്രോഫിയാണിത്. ഇത്തവണ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ ലോകകപ്പില്‍ മുത്തമിട്ടിരിക്കുന്നത്.
ഐപിഎല്ലിലൂടെ യുവതാരങ്ങള്‍ വളര്‍ന്നുവരുന്നത് ഇന്ത്യയുടെ ഐസിസി ട്രോഫിയിലെ പ്രകടനത്തിനും കരുത്താകുന്നുണ്ട്. ആദ്യ അവസരത്തില്‍ത്തന്നെ ഐപിഎല്‍ കിരീടവും ലോകകപ്പും നേടാന്‍ ചില താരങ്ങള്‍ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം സഞ്ജു സാംസണാണ്. രണ്ട് നേട്ടങ്ങളും ആദ്യ അവസരത്തില്‍ത്തന്നെ സഞ്ജുവിനെ തേടിയെത്തി. ഐപിഎല്ലില്‍ സഞ്ജു ആദ്യമായി എത്തിയ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ്.
2012ലായിരുന്നു ഇത്. സഞ്ജു ടീമിന്റെ ഭാഗമായിരുന്ന ആദ്യ സീസണില്‍ത്തന്നെ കെകെആര്‍ കിരീടം സ്വന്തമാക്കി. ഏറെ നാളായി ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടുള്ള താരമാണ് സഞ്ജുവെങ്കിലും ലോകകപ്പിലേക്ക് വിളിയെത്തുന്നത് ഇതാദ്യമായാണ്. ഇത്തവണ ഒരു മത്സരം പോലും കളിക്കാന്‍ സഞ്ജുവിന് ഭാഗ്യം ലഭിച്ചില്ല. ബെഞ്ചിലിരിക്കാനായിരുന്നു സഞ്ജുവിന്റെ യോഗമെങ്കിലും ഇന്ത്യ കപ്പിലേക്കെത്തിയതോടെ ലോകകപ്പ് കിരീടത്തിന്റെ ഭാഗമാവാന്‍ സഞ്ജുവിനായി.
ഇനിയൊരു ലോകകപ്പ് കളിക്കാന്‍ സഞ്ജുവിന് അവസരം ലഭിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. അടുത്ത വര്‍ഷം ആദ്യം ചാമ്പ്യന്‍സ് ട്രോഫിയും 2026ല്‍ ഇന്ത്യയും ശ്രീലങ്കയും വേദിയായി ടി20 ലോകകപ്പും നടക്കാന്‍ പോവുകയാണ്. ഇതിലേക്ക് സഞ്ജു പരിഗണിക്കപ്പെടുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്. എന്തായാലും ആദ്യ അവസരത്തില്‍ത്തന്നെ രണ്ട് കിരീടത്തിന്റേയും ഭാഗമായി താന്‍ ഭാഗ്യമുള്ള താരമാണെന്ന് സഞ്ജു തെളിയിച്ചിരിക്കുകയാണ്.

രണ്ടാമത്തെ താരം യൂസുഫ് പഠാനാണ്. വെടിക്കെട്ട് ബാറ്റ്‌സ്മാനായിരുന്ന യൂസുഫ് പഠാന്‍ 2007ലെ പ്രഥമ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. ഓപ്പണറായും മധ്യനിരയിലുമെല്ലാം തല്ലിപ്പറത്തുന്ന യൂസുഫ് പന്തുകൊണ്ടും ടീമിന് ഉപകാരിയായ താരമാണ്. 2007ലെ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത് യൂസുഫ് പഠാനാണ്. വീരേന്ദര്‍ സെവാഗിന്റെ അഭാവത്തിലാണ് യൂസുഫ് പഠാന് അവസരം ലഭിച്ചത്.
ആദ്യമായി ലോകകപ്പിലേക്ക് വിളിയെത്തിയപ്പോള്‍ത്തന്നെ കിരീടം നേടാന്‍ യൂസുഫ് പഠാനായി. പ്രഥമ ഐപിഎല്ലിലും യൂസുഫ് കിരീടം നേടിയെടുത്തു. രാജസ്ഥാന്‍ റോയല്‍സ് പ്രഥമ ഐപിഎല്ലില്‍ ചാമ്പ്യന്മാരായപ്പോള്‍ യൂസുഫ് ഗംഭീര പ്രകടനത്തോടെ തിളങ്ങിയിരുന്നു. ഐപിഎല്ലില്‍ മികച്ച റെക്കോഡ് സ്വന്തമാക്കിയ യൂസുഫിന് ഇന്ത്യക്കൊപ്പം വലിയൊരു കരിയര്‍ നേടിയെടുക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ എല്ലാ കാലത്തും ആരാധക മനസില്‍ ഇടം നേടിയെടുക്കാന്‍ യൂസുഫിന് സാധിച്ചിട്ടുണ്ട്.
സുനില്‍ നരെയ്‌നാണ് മറ്റൊരു താരം. വെസ്റ്റ് ഇന്‍ഡീസിന്റെ സ്പിന്‍ ഓള്‍റൗണ്ടറായ നരെയ്ന്‍ 2012ലാണ് ആദ്യമായി ടി20 ലോകകപ്പിലേക്കെത്തുന്നത്. ഈ ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്മാര്‍ ആവുകയും ചെയ്തു. കുട്ടിക്രിക്കറ്റിലെ വെസ്റ്റ് ഇന്‍ഡീസിന്റെ കുതിപ്പിന് കരുത്തേകിയ നിര്‍ണ്ണായക താരങ്ങളിലൊരാളാണ് നരെയ്ന്‍. ടി20യില്‍ സൂപ്പര്‍ ഓവര്‍ മെയ്ഡനാക്കിയിട്ടുള്ള താരമാണ് നരെയ്ന്‍. നിരവധി ടി20 ലീഗുകളില്‍ അദ്ദേഹം കളിക്കുന്നുണ്ട്.
ഐപിഎല്ലില്‍ 2012ല്‍ കെകെആറിലൂടെയാണ് നരെയ്ന്‍ വരുന്നത്. ഈ ഐപിഎല്ലില്‍ത്തന്നെ കെകെആറിനൊപ്പം കിരീടം നേടിയെടുക്കാന്‍ നരെയ്‌ന് സാധിച്ചു. ആദ്യ അവസരത്തില്‍ത്തന്നെ രണ്ട് കിരീടവും നേടിയെടുക്കുന്ന താരമാകാനുള്ള ഭാഗ്യം നരെയ്‌ന് ലഭിച്ചു. ഇപ്പോഴും കെകെആറിനൊപ്പം നരെയ്ന്‍ തുടരുന്നു. ഇക്കഴിഞ്ഞ സീസണില്‍ ബാറ്റുകൊണ്ട് വമ്പന്‍ പ്രകടനം നടത്താന്‍ നരെയ്‌ന് സാധിച്ചിരുന്നു. സെഞ്ച്വറിയടക്കം നേടി കസറാന്‍ നരെയ്‌ന് സാധിച്ചിരുന്നു.