മുംബൈ: ടി20 ലോകകപ്പിന്റെ പടയൊരുക്കത്തിലേക്ക് ക്രിക്കറ്റ് ടീമുകള്‍ കടന്നുകഴിഞ്ഞു. ഏഴ് മാസം മാത്രം ശേഷിക്കെ ക്രിക്കറ്റ് ടീമുകളെല്ലാം മുന്നൊരുക്കം ശക്തമാക്കുകയാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും തന്ത്രങ്ങളൊരുക്കി എല്ലാ ടീമുകളും തയ്യാറെടുക്കുമ്പോള്‍ പോരാട്ടം മുറുകുമെന്നുറപ്പ്. ഇന്ത്യയെ സംബന്ധിച്ചും വരാനിരിക്കുന്ന ടി20 പരമ്പര വളരെ പ്രധാനപ്പെട്ടതാണ്. 2013ന് ശേഷം ഒരു ഐസിസി ട്രോഫി പോലും ഇന്ത്യ നേടിയിട്ടില്ല.
അതുകൊണ്ടുതന്നെ ടി20 ലോകകപ്പ് കിരീടത്തെ ഇന്ത്യ വലിയ പ്രതീക്ഷയോടെ കാണുന്നു. ടി20 ലോകകപ്പില്‍ യുവതാരങ്ങളെ അണിനിരത്തിയാണ് ഇന്ത്യ ഇറങ്ങാന്‍ പോകുന്നത്. സീനിയര്‍ താരങ്ങള്‍ക്ക് ടി20 ഫോര്‍മാറ്റില്‍ ഇന്ത്യ വലിയ പരിഗണന നല്‍കുന്നില്ല. ആരാധകര്‍ പ്രതീക്ഷിക്കുന്ന പല താരങ്ങളേയും ടി20 ലോകകപ്പ് ടീമില്‍ കാണാനായേക്കില്ല. ടീമിലുണ്ടാകണമെന്ന് ആരാധകര്‍ ആഗ്രഹിക്കുന്ന താരങ്ങളില്‍ ടി20 ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യതയില്ലാത്ത ചിലരുണ്ട്. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം.
ഒന്നാമത്തെ താരം സഞ്ജു സാംസണാണ്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു സാംസണ്‍ ടി20 ലോകകപ്പ് ടീമില്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. വലിയ ആരാധക പിന്തുണ സഞ്ജുവിനുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജുവിന്റെ ടി20യിലെ റെക്കോഡുകളും മികച്ചതാണ്. എന്നാല്‍ ഇന്ത്യക്കായി ടി20 കളിച്ചപ്പോഴൊന്നും അവസരം മുതലാക്കാന്‍ സഞ്ജുവിന് സാധിച്ചില്ല. നിലവില്‍ ഇന്ത്യയുടെ ടി20 ടീമില്‍ സഞ്ജുവിന് ഇടമില്ല.
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഇഷാന്‍ കിഷനേയും ജിതേഷ് ശര്‍മയേയുമാണ് ഇന്ത്യ ടി20യിലേക്ക് പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ സഞ്ജുവിന് വലിയ പ്രതീക്ഷ വേണ്ട. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ നിന്ന് സഞ്ജുവിനെ തഴഞ്ഞെങ്കിലും ഏകദിന പരമ്പരയില്‍ സഞ്ജുവിന് ഇന്ത്യ അവസരം നല്‍കിയിട്ടുണ്ട്. ടി20 ലോകകപ്പ് ടീമില്‍ സഞ്ജു ഇടം നേടണമെങ്കില്‍ അത്ഭുതം തന്നെ സംഭവിക്കേണ്ടിയിരിക്കുന്നു.

രണ്ടാമത്തെ താരം രോഹിത് ശര്‍മയാണ്. ഇന്ത്യയുടെ നായകനായ രോഹിത് 2022ലെ ടി20 ലോകകപ്പ് സെമി ഫൈനലിന് ശേഷം ഇന്ത്യക്കായി ടി20 കളിച്ചിട്ടില്ല. ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റതോടെ രോഹിത്തിന്റെ പരിമിത ഓവറിലെ ഭാവി ചോദ്യമാവുകയാണ്. രോഹിത് ഇനി പരിമിത ഓവര്‍ കളിക്കില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. എന്നാല്‍ ടി20 ലോകകപ്പിന് മുമ്പ് ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റിരിക്കുകയാണ്.
മാര്‍ച്ചിലാവും ഹാര്‍ദിക് തിരിച്ചെത്തുകയെന്നാണ് വിവരം. ഹാര്‍ദിക് മടങ്ങിവരാന്‍ വൈകിയാല്‍ രോഹിത് ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കാന്‍ സാധ്യതയുണ്ട്. അല്ലാത്ത പക്ഷം ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ രോഹിത് ഉണ്ടാവാന്‍ സാധ്യത കുറവാണ്. അതേ സമയം വിരാട് കോലി ടി20 ലോകകപ്പ് കളിക്കാന്‍ സാധ്യത കൂടുതലാണെന്നും പറയാം. 2022ലെ ടി20 ലോകകപ്പിന് ശേഷം കോലിയും ഇന്ത്യക്കായി ടി20 കളിച്ചിട്ടില്ല. എന്നാല്‍ ഒറ്റക്ക് കളി ജയിപ്പിക്കാന്‍ കെല്‍പ്പുള്ള കോലിയെ ഇന്ത്യ പരിഗണിച്ചേക്കും.
സമീപകാലത്തായി ഇന്ത്യന്‍ ടീമിലേക്കെത്തിയ സൂപ്പര്‍ പേസറാണ് ഉമ്രാന്‍ മാലിക്. അതിവേഗ പേസറായ ഉമ്രാന്‍ തുടര്‍ച്ചയായി 150ന് മുകളില്‍ വേഗത്തില്‍ പന്തെറിയാന്‍ കഴിവുള്ളവനാണ്. എന്നാല്‍ മികച്ച ലൈനും ലെങ്തുമില്ല. തല്ലുകൊള്ളിയായ ബൗളറാണ് ഉമ്രാന്‍. പക്ഷെ ഉമ്രാനെപ്പോലെ അതിവേഗ പേസര്‍മാര്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ വിരളമാണ്. അതുകൊണ്ടുതന്നെ താരത്തെ പിന്തുണച്ച് വളര്‍ത്താന്‍ ശ്രമിക്കണമായിരുന്നു. അതിവേഗ പേസറായ ഉമ്രാനെ ഇന്ത്യ ടി20 ലോകകപ്പില്‍ പരിഗണിച്ചേക്കില്ല.
ടി നടരാജനാണ് മറ്റൊരാള്‍. ഇടം കൈയന്‍ പേസറായ നടരാജന്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കിയ ഇടം കൈയന്‍ പേസറാണ്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ടി20 ടീമിന് പുറത്താണ്. ഇനിയൊരു തിരിച്ചുവരവ് താരത്തിനുണ്ടായേക്കില്ല.