മുംബൈ: ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യ നേടിയെടുത്തിരിക്കുകയാണ്. ഫൈനലില്‍ ന്യൂസീലന്‍ഡിനെ കീഴടക്കിയാണ് ഇന്ത്യ കിരീടത്തിലേക്കെത്തിയത്. ഇന്ത്യയുടെ ഐസിസി കിരീട നേട്ടങ്ങളിലേക്കുള്ള മറ്റൊരു പൊന്‍തൂവലായ് ഇത് മാറിയിരിക്കുകയാണ്. ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇന്ത്യ തയ്യാറെടുക്കുന്നത് 2026ലെ ടി20 ലോകകപ്പിനായാണ്. അടുത്ത ഏകദിന ലോകകപ്പ് 2027ലാണ് നടക്കുന്നത്. ഇന്ത്യയുടെ പരിശീലകസ്ഥാനത്ത് ഗൗതം ഗംഭീര്‍ തന്നെയുണ്ടാവുമെന്നുറപ്പാണ്.
ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ കിരീടത്തിലേക്കെത്തിച്ച പല താരങ്ങള്‍ക്കും അടുത്ത ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലുണ്ടായേക്കില്ല. രോഹിത് ശര്‍മ അടുത്ത ഏകദിന ലോകകപ്പ് കളിക്കാന്‍ താല്‍പര്യപ്പെടുന്നുണ്ടെങ്കിലും അതിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയേണ്ടതാണ്. മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവരും അടുത്ത ലോകകപ്പ് കളിക്കാന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം. ഇന്ത്യ അടുത്ത ലോകകപ്പ് മുന്നില്‍ക്കണ്ട് ചില നിര്‍ണ്ണായക മാറ്റങ്ങള്‍ ടീമില്‍ വരുത്തിയേക്കും.
വരുന്ന ഏകദിന പരമ്പരകളിലൂടെ ഇന്ത്യ ടീമിലേക്ക് തിരിച്ചുവിളിക്കാന്‍ സാധ്യതയുള്ള ചില താരങ്ങളുണ്ട്. ഗംഭീര്‍ മികവ് പരിഗണിച്ച് ടീമിലേക്ക് താരങ്ങളെ എത്തിക്കുന്ന താരമാണ്. ഇത്തരത്തില്‍ ടീമിലേക്ക് തിരികെ വിളിക്കാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
സഞ്ജു സാംസണ്‍
ഇന്ത്യയുടെ ടി20 ടീമിന്റെ ഓപ്പണറാണ് സഞ്ജു സാംസണ്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു സാംസണ്‍ ടി20 ഓപ്പണറായി മിന്നിക്കുന്ന താരമാണ്. എന്നാല്‍ ടി20യെക്കാള്‍ മികച്ച കണക്കുകള്‍ ഏകദിനത്തിലാണ് അദ്ദേഹത്തിന് അവകാശപ്പെടാന്‍ സാധിക്കുന്നത്. പക്ഷെ ദൗര്‍ഭാഗ്യവശാല്‍ ഏകദിന ടീമിന് പുറത്താണ് അദ്ദേഹത്തിനുള്ളത്. 56ന് മുകളില്‍ ശരാശരിയുണ്ടായിട്ടും സഞ്ജു സാംസണിന് ഇന്ത്യയുടെ ഏകദിന ടീമില്‍ ഇടമില്ല.
നിലവില്‍ കെ എല്‍ രാഹുലിനെയാണ് ഏകദിന ടീമില്‍ വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നത്. റിഷഭ് പന്താണ് ബാക്കപ്പ് താരം. എന്നാല്‍ വരുന്ന ലോകകപ്പ് മുന്നില്‍ക്കണ്ട് സഞ്ജു സാംസണിന് കൂടുതല്‍ അവസരം ലഭിച്ചേക്കും. ഏകദിന ടീമിലേക്ക് സഞ്ജുവിന് തിരിച്ചുവരവ് പ്രതീക്ഷിക്കാം.
ഇഷാന്‍ കിഷന്‍
ശ്രേയസ് അയ്യരെപ്പോലെ ടീം മാനേജ്‌മെന്റുമായുള്ള ഉടക്കിനെത്തുടര്‍ന്ന് ടീമിന് പുറത്ത് നില്‍ക്കുന്ന താരമാണ് ഇഷാന്‍ കിഷന്‍. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി പ്രകടനമടക്കം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു ഫോര്‍മാറ്റിലേക്കും അദ്ദേഹത്തെ പരിഗണിക്കുന്നില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന് തിരിച്ചുവരവിന് അവസരം നല്‍കിയേക്കും. വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള ഇഷാന്‍ ഏത് ബാറ്റിങ് ഓഡറിലും കസറിയടിക്കുന്ന താരമാണ്. അതുകൊണ്ടുതന്നെ ഇഷാന്‍ കിഷന് ഇന്ത്യ ടീമിലേക്ക് തിരിച്ചുവരവിന് അവസരം നല്‍കാന്‍ സാധ്യതകളേറെയാണ്.

റുതുരാജ് ഗെയ്ക് വാദ്
ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ റുതുരാജ് വിരാട് കോലിയുടേയും ശുബ്മാന്‍ ഗില്ലിന്റേയും ശൈലിയോട് ചേര്‍ന്നുനില്‍ക്കുന്നവനാണ്. ക്ലാസിക് ശൈലിയില്‍ വലിയ സ്‌കോറിലേക്കെത്താന്‍ റുതുരാജിന് കഴിവുണ്ട്. സ്പിന്നിനെ നന്നായി നേരിടുന്ന ബാറ്റ്‌സ്മാനാണ് ഐപിഎല്ലില്‍ സിഎസ്‌കെ നായകന്‍ കൂടിയായ റുതുരാജ്. മികവ് കാട്ടിയിട്ടും പല കാരണങ്ങളാല്‍ തഴയപ്പെട്ട് നില്‍ക്കുന്ന റുതുരാജിനെ ടീമിലേക്ക് തിരിച്ചുവിളിക്കാന്‍ സാധ്യതയുണ്ട്. അടുത്ത ലോകകപ്പിന് മുമ്പ് കളിച്ച് മികവ് തെളിയിക്കാന്‍ റുതുരാജിന് ഗംഭീര്‍ അവസരം നല്‍കിയേക്കും.
വെങ്കടേഷ് അയ്യര്‍
ഇടം കൈയന്‍ മീഡിയം പേസ് ഓള്‍റൗണ്ടറാണ് വെങ്കടേഷ് അയ്യര്‍. നേരത്തെ ഇന്ത്യക്കായി കളിച്ചെങ്കിലും ഏറെ നാളായി ടീമിന് പുറത്താണ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം മിന്നിക്കുന്ന വെങ്കടേഷ് അയ്യരെ ഇന്ത്യ ടീമിലേക്ക് തിരിച്ചുവിളിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. വരുന്ന ഐപിഎല്‍ സീസണിലെ വെങ്കടേഷിന്റെ പ്രകടനം വിലയിരുത്തിയാവും തീരുമാനം. എന്തായാലും ഗംഭീറിന്റെ പരിഗണനയില്‍ വെങ്കടേഷ് അയ്യരുമുണ്ട്.