വലിയ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഒളിംപിക്‌സിലേക്ക് ക്രിക്കറ്റ് കൊണ്ടുവരുന്നതില്‍ അന്തിമ തീരുമാനമായിരിക്കുകയാണ്. 2028ലെ ലോസ് ആഞ്ജലീസ് ഒളിംപിക്‌സില്‍ ക്രിക്കറ്റിനെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും വ്യത്യസ്തമായ ടൂര്‍ണമെന്റാണ് നടത്തുക. ആറ് വീതം ടീമുകളാവും ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. ടി20 ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ് നടക്കുക. 15 അംഗ ടീമിനെയാണ് ഒളിംപിക്‌സിലേക്ക് ഓരോ ടീമും പരിഗണിക്കുക.
ഇന്ത്യക്ക് ഒളിംപിക്‌സില്‍ സ്വര്‍ണ്ണ മെഡല്‍ നേടാനാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെല്ലാം ടി20യില്‍ നിന്ന് വിരമിച്ചിരിക്കുകയാണ്. എന്നാല്‍ ഒളിംപിക്‌സ് സ്വര്‍ണ്ണ മെഡല്‍ നേടുകയെന്നത് ഇവരുടെയെല്ലാം സ്വപ്‌നമാണ്. അതുകൊണ്ടുതന്നെ ഇവരെ ഒളിംപിക്‌സിലേക്ക് പരിഗണിക്കുമോയെന്നതാണ് കാത്തിരുന്ന് കാണാണ്ടേത്. ഇന്ത്യ സീനിയേഴ്‌സിനെ ഒഴിവാക്കി യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കിയാവും ഒളിംപിക്‌സില്‍ ടി20 ടീമിനെ ഇറക്കുകയെന്നുറപ്പ്. ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള ടീമില്‍ ആരൊക്കെയാവും ഉള്‍പ്പെടുകയെന്ന് പരിശോധിക്കാം.
സഞ്ജു-അഭിഷേക് ഓപ്പണിങ്
ഓപ്പണിങ്ങില്‍ സഞ്ജു സാംസണും അഭിഷേക് ശര്‍മയും ഇറങ്ങാനാണ് സാധ്യത. സഞ്ജു സാംസണും അഭിഷേകും ഇതിനോടകം ഇന്ത്യക്കായി ഓപ്പണര്‍മാരായി കളിച്ചിട്ടുള്ളവരും മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ചിട്ടുള്ളവരുമാണ്. രണ്ട് പേരും കടന്നാക്രമിച്ച് കളിക്കുന്നവരും വിദേശ പിച്ചില്‍ കസറാന്‍ ശേഷിയുള്ളവരുമാണ്. ഒളിംപിക്‌സില്‍ കസറാന്‍ സഞ്ജുവിനും അഭിഷേകിനും സാധിക്കുമെന്ന് തന്നെ പറയാം. 2028ലാണ് ഒളിംപിക്‌സ്. ഗൗതം ഗംഭീര്‍ പരിശീലകനായി തുടര്‍ന്നാല്‍ സഞ്ജു-അഭിഷേക് കൂട്ടുകെട്ടുതന്നെ ഒപ്പണിങ്ങില്‍ കളിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. സഞ്ജു വലം കൈയനും അഭിഷേക് ഇടം കൈയനുമാണ്. ഇടത്-വലത് കൂട്ടുകെട്ട് സൃഷ്ടിക്കാനും ഇവരെ കളിപ്പിക്കുന്നതിലൂടെ സാധിക്കും.
ശുബ്മാന്‍ ഗില്‍ (c), റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി
മൂന്നാം നമ്പറില്‍ ശുബ്മാന്‍ ഗില്ലാവും കളിക്കുക. ഗില്ലാവും ടീമിനെ നയിക്കുകയെന്നുറപ്പ്. ഇന്ത്യ അടുത്ത നായകനായി പരിഗണിക്കുന്നത് ഗില്ലിനെയാണെന്ന് പറയാം. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകനാണ് ഗില്‍. ഇത്തവണ ക്യാപ്റ്റനായി ഭേദപ്പെട്ട പ്രകടനം നടത്താന്‍ ഗില്ലിന് സാധിക്കുന്നുണ്ട്. വിരാട് കോലി ഒഴിഞ്ഞ വിടവ് നികത്താന്‍ ശേഷിയുള്ള കളിക്കാരനാണ് ഗില്‍. വിദേശ പിച്ചിലും തിളങ്ങുന്ന ഗില്ലിന് ടീമില്‍ സ്ഥാനം ഉറപ്പാണ്.

റിയാന്‍ പരാഗിനാവും നാലാം നമ്പറില്‍ അവസരം. ഇന്ത്യ ഇതിനോടകം ടി20യിലേക്ക് പരിഗണിച്ച താരമാണ് റിയാന്‍ പരാഗ്. പരിക്കിനെത്തുടര്‍ന്ന് ടീമിന് പുറത്തായ പരാഗ് ഇപ്പോള്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം മിന്നും പ്രകടനമാണ് പരാഗ് നടത്തുന്നത്. സ്പിന്‍ ഓള്‍റൗണ്ടറായ പരാഗിനെ ടീമില്‍ നിര്‍ണ്ണായക റോളുണ്ടാവുമെന്ന കാര്യം ഉറപ്പാണ്.
അഞ്ചാം നമ്പറില്‍ നിതീഷ് കുമാര്‍ റെഡ്ഡിക്കാണ് അവസരം. മീഡിയം പേസ് ഓള്‍റൗണ്ടറായ നിതീഷ് കുമാര്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ ശേഷിയുള്ളവനാണ്. ഇതിനോടകം മികവ് തെളിയിക്കാന്‍ നിതീഷ് കുമാറിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ ടി20 ടീമിനൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് നിതീഷ് കുമാര്‍ കാഴ്ചവെച്ചത്. എന്തായാലും നിതീഷിന് ടീമില്‍ സ്ഥാനം ഉറപ്പാണ്.
അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, വാഷിങ്ടണ്‍ സുന്ദര്‍
ആറാം നമ്പറില്‍ അക്ഷര്‍ പട്ടേലുണ്ടാവും. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായി അക്ഷര്‍ പട്ടേലുണ്ടാവും. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തും അക്ഷര്‍ പട്ടേലിനാവും സ്ഥാനം. അതിവേഗം റണ്‍സുയര്‍ത്താനും ശേഷിയുള്ള അക്ഷര്‍ മാച്ച് വിന്നറായ താരമാണ്. അതുകൊണ്ടുതന്നെ ഒളിംപിക്‌സില്‍ അക്ഷര്‍ പട്ടേലിനേയും ഇന്ത്യ ടീമിലേക്ക് പരിഗണിച്ചേക്കും.
രവി ബിഷ്‌നോയിയാവും സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. ഇതിനോടകം ഇന്ത്യക്കായി കളിച്ച് മികവ് കാട്ടാന്‍ ബിഷ്‌നോയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ സമീപകാലത്തായി അവസരം കുറവാണ്. അതുകൊണ്ടുതന്നെ ബിഷ്‌നോയിക്ക് സ്പിന്നര്‍ റോളില്‍ അവസരം ലഭിച്ചേക്കും. സ്പിന്‍ ഓള്‍റൗണ്ടറായി വാഷിങ്ടണ്‍ സുന്ദറിനേയും ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യത കൂടുതലാണ്.
പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ
സീനിയര്‍ പേസര്‍മാരെ ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയില്ല. മുഹമ്മദ് സിറാജിനെയാവും മുഖ്യ പേസറായി പരിഗണിക്കുക. പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ എന്നിവരേയും പരിഗണിക്കും. വിദേശത്തായതിനാല്‍ പേസര്‍മാരുടെ പ്രകടനം നിര്‍ണ്ണായകമാവും. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ന്യൂസീലന്‍ഡുമെല്ലാം ടീമിനെ കളത്തിലിറക്കുന്നതിനാല്‍ ഇന്ത്യക്ക് ജയം എളുപ്പമാവില്ലെന്ന കാര്യം ഉറപ്പാണ്. ടീമില്‍ യശ്വസി ജയ്‌സ്വാള്‍, ജിതേഷ് ശര്‍മ, മുകേഷ് കുമാര്‍, സായ് സുദര്‍ശന്‍ എന്നിവരേയും പരിഗണിക്കാന്‍ സാധ്യതയുണ്ട്.