ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ സമ്മാനിച്ചാണ് 2024 കടന്ന് പോകുന്നത്. അതി ഗംഭീര റെക്കോഡുകളും അതുല്യ നേട്ടങ്ങളും ഈ വര്‍ഷം സ്വന്തമാക്കാന്‍ ഇന്ത്യന്‍ ടീമിനും താരങ്ങള്‍ക്കും സാധിച്ചു. ഈ വര്‍ഷം നടന്ന ടി20 ലോകകപ്പ് ഇന്ത്യക്ക് അലമാരയിലെത്തിക്കാന്‍ സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. കൂടാതെ ഇന്ത്യയുടെ പല യുവതാരങ്ങളും വലിയ പ്രകടനങ്ങളോടെ ഈ വര്‍ഷം കൈയടി നേടുകയും ചെയ്തു.
ഇന്ത്യന്‍ താരങ്ങള്‍ സിക്‌സര്‍ നേട്ടത്തില്‍ എല്ലാവരേയും ഞെട്ടിച്ചു. ഈ വര്‍ഷം ഇന്ത്യയുടെ ആറ് താരങ്ങളാണ് ടി20യില്‍ 50ലധികം സിക്‌സര്‍ നേടുന്നത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യയുടെ ആറ് താരങ്ങള്‍ 50ലധികം ടി20 സിക്‌സുകള്‍ ഒരു കലണ്ടര്‍ വര്‍ഷം നേടുന്നത്. ഈ വര്‍ഷം ഇന്ത്യക്കായി കൂടുതല്‍ സിക്‌സര്‍ നേടിയ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
തലപ്പത്ത് അഭിഷേക് ശര്‍മ
ഇന്ത്യന്‍ ടീമിലെ യുവതാരമാണ് അഭിഷേക് ശര്‍മ. ഇടം കൈയന്‍ ഓപ്പണറായ അഭിഷേക് യുവരാജ് സിങ്ങിന്റെ ശിഷ്യനാണ്. വിക്കറ്റ് പോകുമോയെന്ന ഭയമില്ലാതെ കടന്നാക്രമിച്ച് കളിക്കുന്ന അഭിഷേകാണ് ഈ വര്‍ഷം ടി20യില്‍ കൂടുതല്‍ സിക്‌സര്‍ നേടിയ ഇന്ത്യക്കാരന്‍. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പവും മികച്ച പ്രകടനം നടത്താന്‍ അഭിഷേക് ശര്‍മക്ക് സാധിച്ചിരുന്നു. തല്ലിത്തകര്‍ക്കുന്ന അഭിഷേകിന് ഇന്ത്യന്‍ ടീമില്‍ സ്ഥിരം സീറ്റ് ഉറപ്പിക്കാനായിട്ടില്ല. വരുന്ന ഐപിഎല്‍ താരത്തെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണെന്ന് പറയാം.
തിലകും സഞ്ജുവും രജതും പിന്നാലെ
രണ്ടാം സ്ഥാനത്ത് തിലക് വര്‍മയാണ്. ഇന്ത്യന്‍ ടീമിന് പുറത്തായിട്ട് നാളുകളേറെയായിരുന്ന താരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20യിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. രണ്ട് തുടര്‍ സെഞ്ച്വറികളടക്കം നേടി എല്ലാവരേയും വിസ്മയിപ്പിക്കാന്‍ ഇടം കൈയന്‍ താരത്തിന് സാധിച്ചു. 28 ഇന്നിങ്‌സില്‍ നിന്നായി 62 സിക്‌സുകളാണ് തിലക് പറത്തിയത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമാണ് തിലക്. അതിവേഗം റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള ക്ലാസിക് ശൈലിയുള്ള താരമാണ് തിലക്.

മലയാളി താരം സഞ്ജു സാംസണാണ് മൂന്നാം നമ്പറില്‍. 32 ഇന്നിങ്‌സ് കളിച്ച സഞ്ജു സാംസണ്‍ 60 സിക്‌സുകളാണ് പറത്തിയത്. ഈ വര്‍ഷം മൂന്ന് സെഞ്ച്വറികള്‍ ടി20യില്‍ സ്വന്തമാക്കി റെക്കോഡിടാന്‍ സഞ്ജു സാംസണിന് സാധിച്ചു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പവും മിന്നല്‍ പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. ഇന്ത്യയുടെ ടി20 ഓപ്പണര്‍ റോളില്‍ വേരുറപ്പിക്കുന്ന പ്രകടനമാണ് സഞ്ജു സാംസണ്‍ കാഴ്ചവെച്ചിരിക്കുന്നതെന്ന് പറയാം.
നാലാം സ്ഥാനത്ത് രജത് പാട്ടീധാറാണ്. 21 ഇന്നിങ്‌സില്‍ നിന്ന് 54 സിക്‌സുകളാണ് പാട്ടീധാര്‍ നേടിയത്. ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പം തിളങ്ങിയ പാട്ടീധാര്‍ ഇന്ത്യന്‍ ടീമിന് പുറത്തുള്ള താരമാണ്. അഞ്ചാം സ്ഥാനത്ത് ശിവം ദുബെയാണുള്ളത്. 31 ഇന്നിങ്‌സില്‍ നിന്ന് 54 സിക്‌സുകളാണ് ദുബെ നേടിയത്. ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കായി മിന്നിക്കുന്ന ദുബെ നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്.
യുവതാരങ്ങളില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ
ഇന്ത്യയുടെ സമീപകാലത്തെ ടി20യിലെ പ്രകടനങ്ങളെല്ലാം ഗംഭീരമാണ്. സൂര്യകുമാര്‍ യാദവ് നായകനായ ശേഷം ഇന്ത്യ ശ്രീലങ്കയിലും ദക്ഷിണാഫ്രിക്കയിലും ടി20 പരമ്പര നേടി. ഇന്ത്യയുടെ യുവതാരങ്ങള്‍ വലിയ പ്രതീക്ഷ നല്‍കുന്ന പ്രകടനം നടത്തുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. തിലക് വര്‍മ, റിയാന്‍ പരാഗ്, യശ്വസി ജയ്‌സ്വാള്‍, അഭിഷേക് ശര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരെല്ലാം അവസരങ്ങള്‍ മുതലാക്കി കത്തിക്കയറുന്നത് ഇന്ത്യക്ക് വലിയ കരുത്ത് നല്‍കുന്ന കാര്യമായിത്തന്നെ വിലയിരുത്താം.