അഡ്ലെയ്ഡില്‍ ഓസ്ട്രേലിയയോട് പിങ്ക് ബോള്‍ ടെസ്റ്റ് തോറ്റതോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മോഹങ്ങള്‍ക്ക് കടുത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്. ദക്ഷിണാഫ്രിക്ക ശ്രീലങ്കയ്ക്കെതിരേ ടെസ്റ്റ് പരമ്പര നേടിയതോടെ ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ സാധ്യത ഉയര്‍ന്നിരിക്കുകയാണ്. ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കാനാണ് ഇപ്പോള്‍ കൂടുതല്‍ സാധ്യത.
ഇന്ത്യ കഴിഞ്ഞ രണ്ട് തവണയും ഫൈനല്‍ കളിച്ച ടീമാണ്. ഇത്തവണ ഫൈനല്‍ കളിക്കാതെ പുറത്തായാല്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെയാവും അത് കൂടുതലായി ബാധിക്കുക. ഗംഭീറിന്റെ ആവശ്യങ്ങളെല്ലാം അംഗീകരിക്കുകയും പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടും ഇന്ത്യക്ക് ഫൈനല്‍ കളിക്കാനാവാത്തത് വലിയ തിരിച്ചടിയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ ഗംഭീറിനെ പരിശീലകസ്ഥാനത്ത് നിന്ന് മാറ്റാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ഗംഭീറിനെ ഇന്ത്യ പരിശീലകസ്ഥാനത്ത് നിന്ന് പുറത്താക്കിയാല്‍ ചില താരങ്ങളുടെ കരിയറിനേയും അത് പ്രതികൂലമായി ബാധിക്കും. ഇത്തരത്തില്‍ പണി കിട്ടാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
സഞ്ജു സാംസണ്‍
ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ട് ഏറെ നാളുകളായെങ്കിലും തുടര്‍ച്ചയായി അവസരം ലഭിക്കുകയും അല്‍പ്പമെങ്കിലും പിന്തുണ ലഭിക്കുകയും ചെയ്തത് ഗംഭീര്‍ പരിശീലകനായ ശേഷമാണ്. സഞ്ജുവിന്റെ ഇഷ്ട ബാറ്റിങ് പൊസിഷനായ ഓപ്പണര്‍ റോള്‍ ടി20യില്‍ ഗംഭീര്‍ നല്‍കുകയും ചെയ്തു. ഇതോടെ ഈ വര്‍ഷം മൂന്ന് ടി20 സെഞ്ച്വറികളാണ് സഞ്ജു അടിച്ചെടുത്തത്. ഗംഭീര്‍ മോശം ഫോമിലും സഞ്ജുവിന് പൂര്‍ണ്ണ സ്വാതന്ത്ര്യവും പിന്തുണയും നല്‍കി.
എന്നാല്‍ പുതിയ പരിശീലകനെത്തിയാല്‍ സഞ്ജുവിനെ ഇങ്ങനെ പിന്തുണച്ചേക്കില്ല. ഓപ്പണര്‍ സ്ഥാനത്ത് നിന്നും ചിലപ്പോള്‍ ടീമില്‍ നിന്നടക്കം സഞ്ജുവിനെ തഴഞ്ഞേക്കും. സഞ്ജുവിന്റെ സ്ഥിരത ഇപ്പോഴും പ്രശ്നമാണെന്നിരിക്കെ ഗംഭീറിനെ ഇന്ത്യ പരിശീലകസ്ഥാനത്ത് നിന്ന് മാറ്റിയാല്‍ സഞ്ജുവിനെ അത് കാര്യമായി ബാധിക്കാന്‍ സാധ്യത കൂടുതലാണ്.
സൂര്യകുമാര്‍ യാദവ്
ഇന്ത്യയുടെ ടി20 ടീമിന്റെ നിലവിലെ നായകനാണ് സൂര്യകുമാര്‍ യാദവ്. കടന്നാക്രമിച്ച് കളിക്കുന്ന സൂര്യകുമാര്‍ അപ്രതീക്ഷിതമായാണ് ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തിയത്. രോഹിത് ശര്‍മ ഇന്ത്യയുടെ ടി20 ടീമിനെ നയിക്കുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു വൈസ് ക്യാപ്റ്റന്‍. എന്നാല്‍ ഗൗതം ഗംഭീര്‍ പരിശീലകനായപ്പോള്‍ ഹാര്‍ദിക്കിനെ തഴഞ്ഞ് സൂര്യകുമാറിനെ നായകനാക്കുകയായിരുന്നു. ഇന്ത്യ ഗംഭീറിനെ പുറത്താക്കി പുതിയ പരിശീലകനെ കൊണ്ടുവന്നാല്‍ സൂര്യക്കും എട്ടിന്റെ പണി കിട്ടും. നായകസ്ഥാനത്ത് നിന്നടക്കം സൂര്യകുമാറിന് വഴിമാറിക്കൊടുക്കേണ്ടി വരും. അതുകൊണ്ടുതന്നെ ഗംഭീര്‍ തുടരണമെന്നാണ് സൂര്യകുമാറും ആഗ്രഹിക്കുക.

ശ്രേയസ് അയ്യര്‍
ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് പ്രതീക്ഷിക്കുകയാണ് ശ്രേയസ് അയ്യര്‍. മൂന്ന് ഫോര്‍മാറ്റിലേക്കും തിരിച്ചെത്താന്‍ ഗൗതം ഗംഭീര്‍ ശ്രേയസിനെ പിന്തുണക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഈ വിശ്വാസം ശ്രേയസിനുമുണ്ട്. എന്നാല്‍ ഗംഭീറിന്റെ സീറ്റ് തെറിച്ചാല്‍ ശ്രേയസിന് മടങ്ങിവരവ് എളുപ്പമായിരിക്കില്ല. അതുകൊണ്ടുതന്നെ ഗംഭീര്‍ തുടരണമെന്നാവും ശ്രേയസും ആഗ്രഹിക്കുക. ശ്രേയസിന് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുക നിലവിലെ സാഹചര്യത്തില്‍ പ്രയാസമാണ്.
ഹര്‍ഷിത് റാണ
ഗൗതം ഗംഭീറിന്റെ പിന്തുണകൊണ്ട് മാത്രം ഇന്ത്യക്കായി കളിക്കുന്ന താരമാണ് പേസറായ ഹര്‍ഷിത് റാണ. കെകെആര്‍ താരമായതിനാലാണ് ഗംഭീര്‍ ഹര്‍ഷിതിനെ പിന്തുണക്കുന്നത്. ഓസീസ് ടെസ്റ്റ് പരമ്പരയില്‍ താരം തല്ലുവാങ്ങി കൂട്ടുകയാണ്. പുതിയൊരു പരിശീലകന്‍ വന്നാല്‍ ഹര്‍ഷിതിന്റെ ചീട്ടുകീറുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടുതന്നെ ഗംഭീര്‍ പോയാല്‍ ഹര്‍ഷിതിന് കാര്യങ്ങള്‍ കടുപ്പമാവും. ടീമിലെ സീറ്റ് തെറിക്കുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടുതന്നെ ഹര്‍ഷിതും ഗംഭീര്‍ ഇന്ത്യയുടെ കോച്ചായി തുടരണമെന്നാവും ആഗ്രഹിക്കുക.