ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഭൂരിഭാഗം പേരും മലയാള സിനിമയുടെ വലിയ ആരാധകരാണെന്നും അഭിനയമോഹമുള്ള ചിലര്‍ ടീമിലുണ്ടെന്നും മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. ഐ ആം ധന്യാവര്‍മയെന്ന യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മലയാളികളുടെ പ്രിയതാരം. ദേശീയ ടീമിനു അകത്തും പുറത്തുമായി നില്‍ക്കുന്ന അദ്ദേഹം ഒരു ഇടവേളയ്ക്കു ശേഷം ഈ മാസം ദേശീയ ടീമിനായി വീണ്ടും കളിക്കാന്‍ തയ്യാറെടുക്കുകയാണ്. സൗത്താഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏകദിന സ്‌ക്വാഡില്‍ സഞ്ജുവും ഇടം പിടിച്ചിരുന്നു.
ഇന്ത്യന്‍ ടീമില്‍ ഒരു മലയാളിയെന്നതു എപ്പോഴും വലിയൊരു 'ഗും' തന്നെയാണ്. നമ്മുടെ നാട്ടിലുള്ളവര്‍ അത്രയും പാഷനുള്ള ആളുകളാണ്. തിരുവനന്തപുരത്തും കൊച്ചിയിലുമെല്ലാം മല്‍സരങ്ങള്‍ നടക്കുമ്പോള്‍ ആളുകളുടെ എനര്‍ജി ഭയങ്കരമാണ്. ഇന്ത്യന്‍ ടീമിനു ഇതു ശരിക്കും ഫീല്‍ ചെയ്യാനും കഴിയും. അതുകൊണ്ടു തന്നെ നമ്മുടെ ആരാധകരെ ഇന്ത്യന്‍ ടീമിനു വലിയ കാര്യവുമാണ്. നമ്മുടെ ഫാന്‍സ് നല്ല വിദ്യാഭ്യാസമുള്ളവരാണെന്നു അവര്‍ കണക്കാക്കുകയും ചെയ്യുന്നതായും സഞ്ജു വ്യക്തമാക്കി.

നമ്മള്‍ മലയാളികള്‍ നന്നായി കളിക്കുന്ന ഏതു ടീമിനെയും പ്രോല്‍സാഹിപ്പിക്കുന്നവരാണ്. ഞാനും അത്തരമൊരു സംസ്‌കാരത്തില്‍ നിന്നും വരുന്നയാളായതിനാല്‍ തന്നെ എന്റെയുള്ളിലും ഇതെല്ലാമുണ്ട്.
മലയാളം സിനിമകള്‍ ടീമിലെ എല്ലാവര്‍ക്കും ഭയങ്കര ഇഷ്ടമാണ്. ബ്രേക്ക്ഫാസ്റ്റ് ടേബിളില്‍ ടീമിന്റെ ഒരു ചര്‍ച്ചാ വിഷയമാണ് മലയാളം സിനിമ. മലയാളത്തില്‍ ഏതൊക്കെയാണ് ഇപ്പോഴത്തെ നല്ല സിനിമികളെന്നു അവര്‍ എന്നോടു ചോദിക്കാറുണ്ട്. മികച്ച സിനിമകശളുടെ പേര് വാട്‌സപ്പ് ചെയ്യണമെന്നും പലരും ആവശ്യപ്പെടാറുണ്ടെന്നു സഞ്ജു വെളിപ്പെടുത്തി.
മലയാളത്തില്‍ മികച്ച ഒരുപാട് സിനിമകള്‍ വരുന്നുണ്ട്. റിയലിസ്റ്റിക്കായിട്ടുള്ള സിനിമകളാണ് ഇവിടെ ഇറങ്ങിക്കൊണ്ടിരിക്കുന്നത്. മലയാള സിനിമകളോടു അവര്‍ക്കു (താരങ്ങള്‍) വലിയ ബഹുമാനവുമാണുള്ളത്. മലയാളം സിനിമകളില്‍ അഭിനയിക്കാന്‍ വരെ പലര്‍ക്കും അതിയായ താല്‍പ്പര്യമുണ്ട്.
യുസി ചഹല്‍ എന്റെ സുഹൃത്താണ്. ആര്‍ആര്‍ ടീമിലെ എന്റെ ടീമംഗം കൂടിയായ അദ്ദേഹത്തിനു അഭിനയിക്കാന്‍ വലിയ ആഗ്രഹമാണ്. എന്നോടു ചഹല്‍ ഇക്കാര്യം പറയുകയും ചെയ്തു. മലയാളം സിനിമയില്‍ അഭിനയിക്കാന്‍ എന്തെങ്കിലും അവസരമുണ്ടെങ്കില്‍ എന്നോടു പറയണമെന്നും ചഹല്‍ പറഞ്ഞിരുന്നതായി സഞ്ജു ചെറുചിരിയോടെ വ്യക്തമാക്കി.

അഭിനയമോഹമുണ്ടെങ്കില്‍ നീയൊരു ഓഡിഷന്‍ ചെയ്യൂ, നമുക്കൊരു റീല്‍സ് ചെയ്യാമെന്നു ഞാന്‍ ചഹലിനോടു പറഞ്ഞു. അങ്ങനെയാണ് കീലേരി ചഹലുണ്ടായതെന്നും സഞ്ജു തുറന്നു പറഞ്ഞു. രാജസ്ഥാന്‍ റോയല്‍സിനായി കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കളിക്കവെയായിരുന്നു മാമുക്കോയയുടെ സൂപ്പര്‍ ഹിറ്റ് കഥാപാത്രമായ കീലേരി അച്ചുവിനെക്കുറിച്ചൊരു റീല്‍സ് ചഹലും സഞ്ജുവും കൂടി അവതരിപ്പിച്ചത്. ചഹല്‍ കീലേരി അച്ചുവായപ്പോള്‍ ജയറാമിന്റെ കഥാപാത്രത്തിലെത്തിയത് സഞ്ജുവായിരുന്നു.
ക്രിക്കറ്റ് കളിക്കുമ്പോള്‍ സീരിയസായിരിക്കണം, അതോടൊപ്പം തമാശകളും വേണമെന്നതു ഒരു പാഠമാണ്. ഞാന്‍ തമാശകള്‍ സൃഷ്ടിച്ചെടുക്കുന്നത് ഇങ്ങനെയൊക്കെയാണ്. സുഹൃത്തുക്കളോടൊപ്പം റീല്‍സുണ്ടാക്കിയും തമാശകള്‍ പറഞ്ഞുമെല്ലാം രസകരമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.
തമാശയെന്നത് വളരെ പ്രധാനപ്പെട്ട ഒരു ഘടകം തന്നെയാണ്. പക്ഷെ സ്‌ക്രീനില്‍ അങ്ങനെയൊന്നും നിങ്ങള്‍ കാണാറില്ല. വളരെ ഗൗരവത്തോടെയുള്ള എന്നെയാണ് നിങ്ങള്‍ കാണുന്നത്. പക്ഷെ എന്റെ മറ്റൊരു വശമെന്നത് അങ്ങേയറ്റത്തെ തമാശയാണെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.