സിംബാബ്‌വെയുമായുള്ള അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ ഫിഫ്റ്റി കുറിച്ചെങ്കിലും ഇതുകൊണ്ടൊന്നും ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ കൂടുതല്‍ അവസരങ്ങള്‍ പ്രതീക്ഷിക്കേണ്ടെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായിരുന്ന കെ ശ്രീകാന്ത്. പുതിയ കോച്ച് ഗൗതം ഗംഭീര്‍ വന്നതു കൊണ്ടു മാത്രം സഞ്ജുവിന്റെ സമയം തെളിയാന്‍ പോവുന്നില്ലെന്നും ടീമില്‍ അതിനേക്കാള്‍ സ്ഥാനമര്‍ഹിക്കുന്ന മറ്റു ചിലരുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചീക്കി ചീക്കായെന്ന സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.
ഹരാരെയില്‍ കഴിഞ്ഞ ദിവസം നടന്ന അപ്രസക്തമായ അവസാന മല്‍സരത്തില്‍ നാലാം നമ്പറില്‍ ഇറങ്ങിയാണ് വൈസ് ക്യാപ്റ്റന്‍ കൂടിയായ സഞ്ജു മാച്ച് വിന്നിങ് ഫിഫ്റ്റിയോടെ കസറിയത്. ടീം ബാറ്റിങ് തകര്‍ച്ച നേരിടവെ ക്രീസിലെത്തിയ അദ്ദേഹം 45 ബോളില്‍ 58 റണ്‍സ് നേടിയാണ് പുറത്തായത്. നാലു സിക്‌സറും ഒരു ഫോറുമുള്‍പ്പെടെയായിരുന്നു ഇത്. ടി20 കരിയറില്‍ സഞ്ജുവിന്റെ രണ്ടാമത്തെ മാത്രം ഫിഫ്റ്റിയാണിത്.

റിഷഭ് പന്ത് ടി20 ടീമിലേക്കു മടങ്ങിയെത്തിയാല്‍ സഞ്ജു സാംസണിനു പ്ലെയിങ് ഇലവനില്‍ ഇടം പിടിക്കുകയെന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമായിരിക്കുമെന്നു ശ്രീകാന്ത് നിരീക്ഷിച്ചു. ഇന്ത്യയുടെ മധ്യനിര ബാറ്റിങ് വളരെ കരുത്തുറ്റതാണ്. ടി20 ഫോര്‍മാറ്റില്‍ റിഷഭായിരിക്കും മൂന്നാം നമ്പറില്‍ കളിക്കുക. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവുമുണ്ട്.
അഞ്ചാമനായി ഹാര്‍ദിക് പാണ്ഡ്യയും കളിക്കും. അപ്പോള്‍ പിന്നെ സഞ്ജുവിനെ ഏതു പൊസിഷനില്‍ കളിപ്പിക്കുമെന്നതാണ് ചോദ്യം. ആറാം നമ്പര്‍ എടുക്കുകയാണെങ്കില്‍ അവിടെ ശിവം ദുബെ, റിങ്കു സിങ് തുടങ്ങി പല ഓപ്ഷനുകളും ഇന്ത്യക്കുണ്ട്. അപ്പോള്‍ സഞ്ജുവിനെ എങ്ങനെ ഉള്‍പ്പെടുത്തും? അതാണ് പ്രധാന പ്രശ്‌നമെന്നും ശ്രീകാന്ത് വിശദമാക്കി.
സിംബാബ്‌വെയുമായുള്ള മല്‍സരത്തില്‍ സഞ്ജുവിന്റെ ഇന്നിങ്‌സിനെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. സഞ്ജു സാംസണിന്റെ കാര്യത്തില്‍ എനിക്കു സന്തോഷമുണ്ട്. കാരണം അവന്‍ ഏറെ നാളായി മല്‍സരങ്ങളൊന്നും കളിച്ചിട്ടില്ല. ഈ കളിയില്‍ വളരെ മികച്ച ബാറ്റിങാണ് സഞ്ജു കാഴ്ചവച്ചത്. ഇന്‍സൈഡ് ഔട്ടായി അവന്റെ ആ സ്‌ട്രെയ്റ്റ് ഷോട്ട് ഗംഭീരമായിരുന്നു. ബോളിനു കുറുകെ കളിച്ചപ്പോള്‍ അത്ര മികച്ച ഷോട്ടുകള്‍ കണ്ടില്ല. എന്നാല്‍ സ്‌ട്രെയ്റ്റ് ഷോട്ടുകളെല്ലാം മികച്ചതായിരുന്നു.

വൈവിധ്യമാര്‍ന്ന ഷോട്ടുകള്‍ അവന്റെ പക്കലുണ്ട്. എങ്കിലും ഇതുപോലെയുള്ള സ്‌ട്രെയ്റ്റ് ഷോട്ടുകളില്‍ സഞ്ജു കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് എനിക്കു നല്‍കാനുള്ള ഉപദേശം. ഷോര്‍ട്ട് ബോളുകള്‍ക്കെതിരേയും അവന്‍ മോശമല്ല. പുള്‍ ഷോട്ടുകളും ഹുക്കുകളുമെല്ലാം കളിക്കാന്‍ സഞ്ജുവിനറിയാം. തന്റെ പ്ലസ് പോയിന്റുകളായ ഷോട്ടുകളില്‍ അവന്‍ കൂടുതല്‍ ശ്രദ്ധിക്കണം. എങ്കില്‍ മികച്ച പല ഇന്നിങ്‌സുകളും സഞ്ജുവിനു ഇനിയും കളിക്കാന്‍ സാധിക്കുമെന്നു തനിക്കു തോന്നുന്നതായും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ടീമില്‍ തീര്‍ച്ചയായും വേണ്ടയാള്‍ സ്റ്റാര്‍ ബാറ്ററായ കെഎല്‍ രാഹുലാണെന്നും വിരാട് കോലിയുടെ അഭാവത്തില്‍ ടി20യില്‍ ആ റോള്‍ അദ്ദേഹത്തിനു നല്‍കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു. റോള്‍സ് റോയ്‌സ് രാഹുലിനെ എങ്ങനെ കണ്ടില്ലെന്നു നടിക്കും? തീര്‍ച്ചയായും അവനെ ടി20 ടീമിലേക്കു തിരികെ വിളിച്ചേ തീരൂ.
രാഹുലില്ലാതെ ഇന്ത്യന്‍ ടീം തന്നെയുണ്ടാവാന്‍ പാടില്ല. ഗൗതം ഗംഭീര്‍ വളരെ ബുദ്ധിപരമായി താരങ്ങളെ തിരഞ്ഞെടുക്കുന്നയാളായിരിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു. വിരാട് കോലിയില്ലെന്നതു നമ്മള്‍ മറക്കാന്‍ പാടില്ല. അദ്ദേഹത്തിന്റെ അഭാവത്തില്‍ ബാറ്റിങില്‍ ആ ദൃഢത കൊണ്ടുവരാന്‍ സാധിക്കുന്നത് രാഹുലിനാണെന്നും ശ്രീകാന്ത് വിലയിരുത്തി.