മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുതു വര്‍ഷത്തിലേക്ക് കടക്കവെ വമ്പന്‍ പൊളിച്ചെഴുത്തിന് തയ്യാറെടുക്കുകയാണ് ബിസിസി ഐ. ടി20 ലോകകപ്പ് കിരീടത്തിന് ശേഷം രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ പരിശീലകസ്ഥാനത്ത് നിന്ന് പടിയിറങ്ങിയിരുന്നു. പകരം ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്കെത്തി. ഗംഭീറിന് കീഴില്‍ ഇന്ത്യയുടെ പ്രകടനം ശരാശരി നിലവാരത്തിലുള്ളതാണ്. അതുകൊണ്ടുതന്നെ പരിശീലകസ്ഥാനത്ത് നിന്ന് ഗംഭീറിനെ മാറ്റാനുള്ള സാധ്യതകള്‍ ഉയര്‍ന്നിരിക്കുകയാണ്.
മുന്‍ ഇന്ത്യന്‍ താരവും നിലവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ വിവിഎസ് ലക്ഷ്മണെ മുഖ്യ പരിശീലകനാക്കാനുള്ള നീക്കത്തിലാണ് ഇന്ത്യയുള്ളത്. ലക്ഷ്മണ്‍ ഇതിനോടകം പരിശീലക റോളില്‍ പ്രവര്‍ത്തിച്ച് അനുഭവസമ്പത്തുള്ളവനാണ്. അതുകൊണ്ടുതന്നെ ലക്ഷ്മണിന്റെ വരവ് ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് തന്നെയാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്തായാലും ലക്ഷ്മണ്‍ പരിശീലകനായാല്‍ ഇന്ത്യന്‍ ടീമില്‍ ചില വലിയ മാറ്റങ്ങള്‍ സംഭവിച്ചേക്കും. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.
സഞ്ജുവിന്റെ ഓപ്പണര്‍ സ്ഥാനം പോയേക്കും
ഇന്ത്യക്കായി ടി20 ഓപ്പണര്‍ റോളില്‍ മികച്ച പ്രകടനമാണ് സഞ്ജു സാംസണ്‍ കാഴ്ചവെക്കുന്നത്. മൂന്ന് സെഞ്ച്വറി ഉള്‍പ്പെടെ നേടി കസറാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. ഗൗതം ഗംഭീര്‍ പരിശീലകനായതോടെയാണ് സഞ്ജുവിന് ഓപ്പണര്‍ റോളില്‍ അവസരം ലഭിച്ചതും കൂടുതല്‍ പിന്തുണ ലഭിച്ചതും. എന്നാല്‍ ഗംഭീര്‍ മാറി ലക്ഷ്മണ്‍ ഇന്ത്യയുടെ പരിശീലകനായാല്‍ സഞ്ജുവിന് ഈ പിന്തുണ നല്‍കാന്‍ സാധ്യത കുറവാണ്. ഓപ്പണര്‍ റോളില്‍ നിന്ന് സഞ്ജു മാറ്റപ്പെടാന്‍ സാധ്യത കൂടുതലാണ്.
യശ്വസി ജയ്‌സ്വാളിനൊപ്പം ശുബ്മാന്‍ ഗില്ലിനെ ഓപ്പണറായി പ്രതീക്ഷിക്കാം. കടന്നാക്രമിച്ച് കളിക്കുന്നവരാണ് ടി20യില്‍ വേണ്ടതെങ്കിലും സഞ്ജുവിനെപ്പോലെ സ്ഥിരത പ്രശ്‌നമുള്ള താരങ്ങളെ ലക്ഷ്മണ്‍ അധികം പിന്തുണച്ചേക്കില്ല. എന്തായാലും ലക്ഷ്മണ്‍ പരിശീലകനായാല്‍ സഞ്ജുവിന്റെ ഓപ്പണര്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ ഉറപ്പുണ്ടാവില്ലെന്ന് നിസംശയം പറയാം.

ഹാര്‍ദിക് വീണ്ടും നായകനാവും
ഇന്ത്യയുടെ അടുത്ത ടി20 നായകന്‍ ആവേണ്ടിയിരുന്നത് ഹാര്‍ദിക് പാണ്ഡ്യയാണ്. എന്നാല്‍ ഗംഭീര്‍ പരിശീലകനായപ്പോള്‍ സൂര്യകുമാര്‍ യാദവിനെ ടി20 നായകസ്ഥാനത്തേക്ക് കൊണ്ടുവന്നു. സൂര്യക്ക് കീഴില്‍ ഇന്ത്യയുടെ പ്രകടനം മികച്ചതാണ്. എന്നാല്‍ ലക്ഷ്മണ്‍ പരിശീലകനായാല്‍ ഹാര്‍ദിക് പാണ്ഡ്യ വീണ്ടും ടി20 നായകനാവാന്‍ സാധ്യതയുണ്ട്. ലക്ഷ്മണും ഹാര്‍ദിക്കും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. ഇതിനോടകം ലക്ഷ്മണിന്റെ പരിശീലനത്തിന് കീഴില്‍ ക്യാപ്റ്റനായി ഹാര്‍ദിക് കളിച്ചിട്ടുണ്ട്.
ഇരുവരും തമ്മിലുള്ള ഈ ബന്ധം വീണ്ടും ഹാര്‍ദിക്കിനെ നായകസ്ഥാനത്തേക്ക് എത്തിച്ചേക്കും. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനാണ് ഹാര്‍ദിക് പാണ്ഡ്യ. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ടി20 നായകസ്ഥാനത്തേക്ക് ഹാര്‍ദിക്കിനെ തിരികെ എത്തിക്കാന്‍ മുംബൈ ലോബിയുടെ ഇടപെടലും ഉണ്ടാവുമെന്നുറപ്പാണ്. എന്തായാലും ഈ മാറ്റത്തിന് സാധ്യത കൂടുതലാണെന്ന് തന്നെ വിലയിരുത്താം.
സീനിയേഴ്‌സിന് പൂര്‍ണ്ണ പിന്തുണ
ഇന്ത്യയുടെ സീനിയര്‍ താരങ്ങളും ഗൗതം ഗംഭീറും തമ്മില്‍ ഇപ്പോള്‍ അഭിപ്രായ ഭിന്നതയിലാണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഡ്രസിങ് റൂമിലെ സാഹചര്യം അത്ര മികച്ചതല്ല. ഇന്ത്യയുടെ പല സീനിയര്‍ താരങ്ങളും മോശം ഫോമിലൂടെയാണ് കടന്ന് പോകുന്നത്. എന്നാല്‍ ലക്ഷ്മണ്‍ പരിശീലകനായാല്‍ വിരാട് കോലിക്കും രോഹിത് ശര്‍മക്കും കൂടുതല്‍ പിന്തുണ നല്‍കും. ചാമ്പ്യന്‍സ് ട്രോഫിയിലും ഇരുവരേയും കളിപ്പിക്കാന്‍ ലക്ഷ്മണ്‍ തയ്യാറായേക്കും.
ഫോമിലേക്ക് തിരിച്ചെത്താന്‍ കൂടുതല്‍ തുടര്‍ അവസരങ്ങള്‍ നല്‍കുമെന്നുറപ്പാണ്. ലക്ഷ്മണിന്റെ ശൈലി പഴയ ക്ലാസിക് രീതിയിലുള്ളതാണ്. അദ്ദേഹം പരിശീലകനായാല്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ പ്രകടനം മെച്ചപ്പെടാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ പരിമിത ഓവറിലെ ഇന്ത്യയുടെ പ്രകടനം എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്.