ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചതിനു പിന്നാലെ മുന്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ ശുഭ്മന്‍ ഗില്ലിന്റെ ആരാധകര്‍ വലിയ രോഷത്തിലും നിരാശയിലുമാണ്. തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് അദ്ദേഹം ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടത്. ലോകകപ്പ് കഴിഞ്ഞാല്‍ ഇന്ത്യയുടെ നായകസ്ഥാനവും ഏറ്റെടുക്കാനിരിക്കെയാണ് ടി20 ടീമില്‍ നിന്നു പോലും ഗില്‍ അപ്രത്യക്ഷനായത്.
ഈ വര്‍ഷം ടി20യില്‍ നടത്തിയ മോശം പ്രകടനമാണ് അദ്ദേഹത്തിനു വിനയായത്. മോശം സ്‌ട്രൈക്ക് റേറ്റും ചോദ്യം ചെയ്യപ്പെട്ടു. ഗില്ലിനു പകരം ലോകകകപ്പില്‍ ഓപ്പണര്‍ റോളിലേക്കു പ്രൊമോഷന്‍ ലഭിച്ച സഞ്ജു സാംസണിനെതിരേ രൂക്ഷ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. എന്തിന്റെ പേരിലാണ് സഞ്ജുവിനെ ടീമിലെടുത്തതെന്നും ഗില്ലിന്റെ ആരാധകര്‍ തുറന്നടിക്കുന്നു.

സഞ്ജുവിനെതിരേ ഗില്‍ ഫാന്‍സ്
സഞ്ജു സാംസണിനെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണറാക്കിയത് ശുഭ്മന്‍ ഗില്ലിന്റെ ആരാധകര്‍ക്കു തീരെ രസിച്ചിട്ടില്ല. പല കാരണങ്ങളും നിരത്തി അവര്‍ ഇതിനെതിരേ രംഗത്തു വന്നിരിക്കുകയാണ്. ഇതു പിആര്‍ വര്‍ക്കിന്റെ വിജയമാണെന്നും അവര്‍ ആഞ്ഞടിക്കുകയാണ്.
ടി20യില്‍ ഈ വര്‍ഷം അവസാനമായി കളിച്ച 10 ഇന്നിങ്‌സുകളില്‍ ശുഭ്മന്‍ ഗില്ലിന്റെയും സഞ്ജു സാംസണിന്റെയും കണക്കുകള്‍ നോക്കൂ. ഗില്‍ 141 ബോളില്‍ 180 റണ്‍സാണ് നേടിയത്. 22.5 ശരാശരിയില്‍ 127.7 സ്‌ട്രൈക്ക് റേറ്റിലാണിത്. പുറത്തായത് എട്ടിന്നിങ്‌സുകളിലാണ്. എന്നാല്‍ സഞ്ജു 155 ബോളില്‍ നേടിയത് 196 റണ്‍സ്. ശരാശരി 19.6ഉം സ്‌ട്രൈക്ക് റേറ്റ് 126.5 ഉം ആണ്. 10 ഇന്നിങ്‌സിലും ഔട്ടാവുകയും ചെയ്തു. ശരാശരിയിലും സ്‌ട്രൈക്ക് റേറ്റിലുമെല്ലാം സഞ്ജുവിനേക്കാള്‍ മുകളിലാണ് ഗില്‍. പക്ഷെ ഒരാള്‍ ലോകകപ്പ് ടീമില്‍ നിന്നും പുറത്താവുകയും രണ്ടാമത്തെയാള്‍ ഓപ്പണറാവുകയും ചെയ്തിരിക്കുകയാണ്. സഹതാപവും പിആര്‍ വര്‍ക്കുമാണ് സഞ്ജുവിനെ രക്ഷിച്ചത്.
ശുഭ്മന്‍ ഗില്ലിനെ എന്തിനാണ് ലോകകപ്പ് ടീമില്‍ നിന്നും തഴഞ്ഞത്? സ്‌ട്രൈക്ക് റേറ്റില്‍ അല്‍പ്പം മുന്നിലാണെന്ന ഒറ്റക്കാരണത്താലാണ് സഞ്ജു സാംസണിനെ ഇപ്പോള്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ന്യൂസിലാന്‍ഡുമായുള്ള അടുത്ത ടി20 പരമ്പരയില്‍ സഞ്ജുവിനെ പുറത്താക്കാന്‍ നിങ്ങള്‍ക്കു നട്ടെല്ലുണ്ടോ? അല്ലെങ്കില്‍ പിആറിന്റെ കരുത്തില്‍ നിയമവും മാറ്റുമോ? സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡുകളുടെയും ഫാന്‍ പേജുകളിലെ ബഹളവുമാണോ ഇപ്പോള്‍ ടീം സെലക്ഷന്റെ മാനദണ്ഡം? ഒരു ടീമിപ്പെടുക്കാനല്ല, മറിച്ച് ട്രോളുകളെ പ്രീണിപ്പിക്കാനാണ് ഇപ്പോള്‍ എടുത്തിട്ടുള്ള തീരുമാനങ്ങള്‍.

സഞ്ജു സാംസണ്‍ ഒട്ടും സ്ഥിരത പുലര്‍ത്താത്ത, വിശ്വസിക്കാന്‍ കഴിയാത്ത ബാറ്ററാണ്. ഒന്നില്‍ 40-50 റണ്‍സെടുത്താല്‍ അടുത്തതില്‍ ഫ്‌ളോപ്പായിരിക്കും. പക്ഷെ ശുഭ്മന്‍ ഗില്ലിനെ കുറേക്കൂടി വിശ്വസിക്കാം. പ്രകടനത്തില്‍ ഈ തരത്തിലുള്ള വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവില്ല. അഭിഷേക് ശര്‍മയ്ക്കു കൂട്ടായി ആങ്കര്‍ റോളില്‍ കളിക്കാന്‍ ഗില്ലായിരുന്നു ബെസ്റ്റ് ഓപ്ഷന്‍.
എന്തു കണ്ടിട്ടാണ് സഞ്ജു സാംസണിനു പലരും ഇത്രത്തോളം ഹൈപ്പ് നല്‍കുന്നതെന്നു ഇതു വരെ മനസ്സിലായിട്ടില്ല. മുന്‍ കോച്ചുമാരായ രവി ശാസ്ത്രി, രാഹുല്‍ ദ്രാവിഡ് കൂടാതെ മുന്‍ നായകരായ വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയവരെല്ലാം പലപ്പോഴും ബെഞ്ചിലിരുത്തുകയോ, ടീമില്‍ പോലും ഉള്‍പ്പെടുത്തിതിരിക്കുകയോ ചെയ്തിട്ടുള്ളയാളാണ് സഞ്ജു. എല്ലാവരും ഇങ്ങനെ ചെയ്യണമെങ്കില്‍ എന്തെങ്കിലുമൊരു കാരണമുണ്ടാവും, ഐപിഎല്ലില്‍ ശുഭ്മന്‍ ഗില്ലിനേക്കാള്‍ മോശം കണക്കുകളാണ് സഞ്ജുവിനുള്ളത്. അന്താരാഷ്ട്ര ടി20യില്‍ ഗില്ലിനോളം ശരാശരിയുമില്ല- എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഗില്‍ ഫാന്‍സിന്റെ ചില പ്രതികരണങ്ങള്‍.