മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. പോരാട്ടം മുറുകവെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ താരങ്ങളുടെ വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ബിസിസിഐ. ഇത്തവണ ചില നിര്‍ണ്ണായക മാറ്റങ്ങളോടെയാണ് ബിസിസി ഐ കരാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ കരാറില്‍ നിന്ന് പുറത്തായ ചില താരങ്ങളെ ഇത്തവണ ബിസിസി ഐ കരാറിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യരെ എന്നിവരെയാണ് ബിസിസി ഐ തിരികെ വിളിച്ചിരിക്കുന്നത്.
എ പ്ലസ് ഗ്രേഡില്‍ വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ സീറ്റ് നിലനിര്‍ത്തി. സമീപകാലത്ത് ഇന്ത്യക്കായി മികവ് കാട്ടിയ പ്രധാന താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തിത്തന്നെയാണ് പുതിയ കരാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചില നിര്‍ണ്ണായക സൂചനകള്‍ക്കൂടി നല്‍കിയാണ് ബിസിസി ഐ ഇത്തവണത്തെ വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ ടി20 ടീമില്‍ വലിയ മാറ്റങ്ങളുടെ സൂചന നല്‍കുന്നതാണ് പുതിയ കരാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.
വിരാട് കോലിയുടെ സീറ്റിലേക്ക് ശ്രേയസ്
വിരാട് കോലി കളമൊഴിഞ്ഞതോടെ മൂന്നാം നമ്പറില്‍ വിശ്വസ്തനായ താരത്തെ ഇന്ത്യക്ക് ആവശ്യമാണ്. നിലവില്‍ യുവതാരങ്ങള്‍ മാറി മാറിയാണ് മൂന്നാം നമ്പറില്‍ കളിക്കുന്നത്. ടി20 ടീം നായകനായ സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പറില്‍ കളിക്കുമ്പോള്‍ തിലക് വര്‍മക്കും ഇടക്ക് അവസം ലഭിച്ചിരുന്നു. എന്നാല്‍ ടി20 ലോകകപ്പടക്കം വരാനിരിക്കെ മൂന്നാം നമ്പറിലേക്ക് നിലയുറപ്പിച്ച് കളിക്കുന്ന ഒരു താരത്തെയാണ് ഇന്ത്യക്കാവശ്യം. കോലിയെപ്പോലെ മാച്ച് വിന്നറായ ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്ന താരത്തെയാണ് ഇന്ത്യക്കാവശ്യം.
ശ്രേയസിനെ മൂന്നാം നമ്പറിലേക്ക് ഇന്ത്യ പരിഗണിക്കാന്‍ സാധ്യത കൂടുതലാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ കരാര്‍. വലിയ ടൂര്‍ണമെന്റുകളില്‍ ശ്രേയസിനെപ്പോലൊരു താരത്തെ ഇന്ത്യക്കാവശ്യമാണ്. ഇടവേളക്ക് ശേഷം ഇന്ത്യയുടെ മൂന്നാം നമ്പറിലേക്ക് ശ്രേയസ് എത്താന്‍ സാധ്യത കൂടുതലാണെന്ന് തന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ വിലയിരുത്താം.

സഞ്ജുവിന്റെ ബാക്കപ്പായി ഇഷാന്‍
ടി20യില്‍ ഇന്ത്യ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പ്രധാന പരിഗണന നല്‍കുന്നത് സഞ്ജു സാംസണിനാണ്. വിക്കറ്റ് കീപ്പര്‍ മാത്രമല്ല ഓപ്പണര്‍ റോളിലും മിന്നിക്കാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്. എന്നാല്‍ സഞ്ജുവിന്റെ ടി20യിലെ ബാക്കപ്പ് ഇനി റിഷഭ് പന്താകില്ലെന്ന് വ്യക്തം. ഐപിഎല്ലിലടക്കം മോശം ഫോമില്‍ കളിക്കുന്ന റിഷഭിന് ഇനി ടി20യില്‍ അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. ഇഷാന്‍ കിഷനെ കരാറിലേക്ക് തിരിച്ചുകൊണ്ടുവന്നതോടെ സഞ്ജുവിന്റെ ബാക്കപ്പായി ഇഷാന്‍ കിഷനെ ടി20യിലേക്ക് കൊണ്ടുവരാനുള്ള സാധ്യത കൂടിയിരിക്കുകയാണ്.
റിയാന്‍ പരാഗിന് ടി20 ടീമില്‍ ഇടമില്ല
റിയാന്‍ പരാഗിനെ ഇന്ത്യ കരാറിലേക്ക് പരിഗണിച്ചിട്ടില്ല. രജത് പാട്ടീധാറും റുതുരാജ് ഗെയ്ക് വാദും കരാറിലേക്കെത്തിയതോടെ ഇവരും ടി20 ടീമിന്റെ പരിഗണനയിലുണ്ടാവുമെന്നാണ് ബിസിസി ഐ വ്യക്തമാക്കുന്നത്. എന്നാല്‍ പരാഗില്‍ ഇന്ത്യന്‍ ടീമിന് വിശ്വാസമില്ലെന്ന് തന്നെ പറയാം. അതുകൊണ്ടാണ് കരാറില്‍ നിന്ന് തഴയപ്പെട്ടിരിക്കുന്നത്. ഇനിയുള്ള ടി20 പരമ്പരകളില്‍ ചില സുപ്രധാന പരീക്ഷണങ്ങള്‍ക്ക് പരിശീലകന്‍ ഗൗതം ഗംഭീര്‍ തയ്യാറായേക്കും. ശിവം ദുബെ, റുതുരാജ്, രജത് എന്നിവര്‍ക്കെല്ലാം അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യത കൂടുതലാണ്. കളിച്ച് മികവ് കാട്ടുന്നവര്‍ക്ക് അവസരം എന്ന നിലയിലേക്ക് ടീമിന്റെ തന്ത്രങ്ങള്‍ മാറും. വലിയ പരീക്ഷണങ്ങള്‍ വരുന്ന പരമ്പരകളിലൂടെ ഇന്ത്യ നടത്താന്‍ സാധ്യതയുണ്ട്.
ഇന്ത്യയുടെ സാധ്യതാ ടി20 11
സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് (c), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി