സമീപകാലത്ത് ഇന്ത്യക്കായി കളിച്ചു, ഇപ്പോള്‍ അഡ്രസില്ല! പൂര്‍ണ്ണമായും തഴയപ്പെട്ട താരങ്ങള്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീം എക്കാലത്തും താരസമ്പന്നമാണ്. അതുകൊണ്ടുതന്നെ ടീമില്‍ സ്ഥിരം സീറ്റ് നേടുകയെന്നത് വളരെ കടുപ്പവുമാണ്. ഒരു കാലത്ത് ആഭ്യന്തര ക്രിക്കറ്റിലൂടെയാണ് താരങ്ങള്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തിയിരുന്നത്. എന്നാല്‍ ഐപിഎല്ലിന്റെ വരവോടെ ഇന്ത്യന്‍ ടീമിലേക്കുള്ള യുവതാരങ്ങളുടെ ഒഴുക്ക് കൂടിയിട്ടുണ്ട്. ഇന്നത്തെ ഇന്ത്യയുടെ പ്രധാന താരങ്ങളെല്ലാം ഐപിഎല്ലില്‍ കളിച്ച് മികവ് കാട്ടി വളര്‍ന്നുവന്നവരാണെന്ന് പറയാം.
ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, യുസ്‌വേന്ദ്ര ചഹാല്‍, മുഹമ്മദ് സിറാജ് എന്നിവരെല്ലാം ഐപിഎല്ലിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ടീമിന്റെ ഭാഗമായവരാണ്. ഓരോ ഐപിഎല്‍ സീസണിന് ശേഷവും നിരവധി യുവതാരങ്ങളാണ് ഇന്ത്യന്‍ ടീമില്‍ ഇടം പ്രതീക്ഷിക്കുന്നത്. മികവ് കാട്ടുന്നവരില്‍ മിക്കവരേയും ഇന്ത്യ ടീമിലേക്ക് പരിഗണിക്കാറുമുണ്ടെന്നതാണ് കൗതുകം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കുകയും എന്നാല്‍ ഇപ്പോള്‍ അഡ്രസില്ലാത്ത വിധത്തില്‍ തഴയപ്പെടുകയും ചെയ്ത താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
ഒന്നാമത്തെ താരം സന്ദീപ് വാര്യരാണ്. മലയാളി പേസര്‍ ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായും തമിഴ്‌നാടിനായും ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുള്ളവനാണ്. ഐപിഎല്ലില്‍ കളിച്ചിട്ടുണ്ടെങ്കിലും വലിയൊരു കരിയര്‍ അദ്ദേഹത്തിന് അവകാശപ്പെടാനാവില്ല. 2021ല്‍ ഇന്ത്യന്‍ ക്യാംപില്‍ കോവിഡ് 19 പടര്‍ന്നതോടെ ശ്രീലങ്കന്‍ പരമ്പരയിലേക്ക് സന്ദീപും പരിഗണിക്കപ്പെട്ടു. ഇതേ പരമ്പരയിലൂടെ സന്ദീപ് അരങ്ങേറ്റവും നടത്തി. എന്നാല്‍ പിന്നീട് ഒരു മത്സരത്തിലും അവസരം ലഭിച്ചില്ല.
ഇപ്പോള്‍ സന്ദീപിന്റെ യാതൊരു വിവരവുമില്ല. ഇനി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ സാധ്യതയില്ലാത്ത താരമാണ് മലയാളിയായ സന്ദീപ്. രണ്ടാമത്തെ താരം സ്പിന്‍ ഓള്‍റൗണ്ടറായ ജയന്ത് യാദവാണ്. 2020ല്‍ ഇന്ത്യക്കായി ടെസ്റ്റും ഏകദിനവും കളിച്ച താരമാണ് ജയന്ത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള താരം അവസാന രണ്ട് ടെസ്റ്റില്‍ നിന്ന് അഞ്ച് വിക്കറ്റാണ് നേടിയത്. ഇന്ത്യക്കായി 6 ടെസ്റ്റില്‍ നിന്ന് 16 വിക്കറ്റും 2 ഏകദിനത്തില്‍ നിന്ന് ഒരു വിക്കറ്റുമാണ് ജയന്ത് വീഴ്ത്തിയത്.

ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ഏഴയലത്ത് പോലും ജയന്തില്ല. ഇനിയൊരു തിരിച്ചുവരവിനുള്ള സാധ്യതയും കുറവാണെന്ന് തന്നെ വിലയിരുത്താം. മൂന്നാമത്തെ താരം ചേതന്‍ സക്കറിയയാണ്. ഐപിഎല്ലില്‍ ആര്‍സിബിയുടെ നെറ്റ് ബൗളറായി എത്തിയ ചേതന്‍ പിന്നീട് രാജസ്ഥാന്‍ റോയല്‍സിനായി കളിച്ചതോടെയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. ഇടം കൈയന്‍ പേസര്‍ 2021ലെ ശ്രീലങ്കന്‍ പരമ്പരയില്‍ രണ്ട് മത്സരങ്ങളാണ് കളിച്ചത്. എന്നാല്‍ ഇതിന് ശേഷം കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല.
ഐപിഎല്ലില്‍ ഇപ്പോള്‍ ഡല്‍ഹിക്കൊപ്പമാണ്. അവിടെയും താരത്തിന് വലിയ അവസരമില്ല. അതുകൊണ്ടുതന്നെ ചേതനും ഇനിയൊരു മടങ്ങിവരവ് ഉണ്ടാകില്ല. മറ്റൊരു താരം ഷഹബാസ് നദീമാണ്. ഇന്ത്യയുടെ ഇടം കൈയന്‍ സ്പിന്നറാണ് നദീം. 2021ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കളിക്കാന്‍ നദീമുണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല. ഇതോടെ താരം പ്ലേയിങ് 11 പുറത്തായി. ഇനിയൊരു തിരിച്ചുവരവ് നദീമിനെ സംബന്ധിച്ച് കടുപ്പമാണ്.
അഞ്ചാമത്തെ താരം കുല്‍ദീപ് സെന്നാണ്. ബംഗ്ലാദേശിനെതിരേ കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന പരമ്പരയിലൂടെയാണ് കുല്‍ദീപ് സെന്‍ ഇന്ത്യക്കായി അരങ്ങേറ്റം നടത്തുന്നത്. മികച്ച വേഗമുള്ള ഇന്ത്യന്‍ പേസറെന്ന നിലയില്‍ കുല്‍ദീപ് സെന്നിന് വലിയ ഭാവി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഈ ഒറ്റ മത്സരത്തോടെ കുല്‍ദീപ് സെന്നിന്റെ ചീട്ടുകീറി. ഏറെ നാളുകളായി അദ്ദേഹത്തെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കാറില്ല.
ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷ നല്‍കിയ ഇടം കൈയന്‍ പേസര്‍ ടി നടരാജനും ഇപ്പോള്‍ ടീമിന് പുറത്താണ്. മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം നടത്തുകയും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുകയും ചെയ്ത നടരാജന് പരിക്കേറ്റതോടെയാണ് ടീമിന് പുറത്തുപോകേണ്ടി വന്നത്. ഇനിയൊരു തിരിച്ചുവരവ് സാധ്യതയും വിരളമാണെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications