ഇന്ത്യന്‍ ക്രിക്കറ്റിലേക്കു പുതിയൊരു താരപുത്രന്‍ കൂടി വന്നിരിക്കുകയാണ്. മുന്‍ ബാറ്റിങ് ഇതിഹാസവും ക്യാപ്റ്റനും മുഖ്യ കോച്ചുമെല്ലാം ആയിട്ടുള്ള രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത്താണ് ദേശീയ ടീമിലേക്കു ഗ്രാന്‍ഡ് എന്‍ട്രി നടത്തിയിരികുന്നത്. ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന അനൗദ്യോഗിക ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീമിലാണ് 18 കാരനായ സമിത്തിനെ ഉള്‍പ്പെടുത്തിയത്.
കര്‍ണാടകയില്‍ നടക്കുന്ന മഹാരാജ ട്രോഫി ടി20 ടൂര്‍ണമെന്റില്‍ മൈസൂരു വാരിയേഴ്‌സിനു വേണ്ടി കളിക്കുന്നതിനിടയാണ് യുവ താരം കരിയറിലാദ്യമായി ദേശീയ ടീമിന്റെയും ഭാഗമായിരിക്കുന്നത്. മഹാരാജ ട്രോഫിയില്‍ അത്ര മികച്ച പ്രകടനമല്ല നടത്തുന്നതെങ്കിലും ജൂനിയര്‍ ക്രിക്കറ്റില്‍ നേരത്തേ ഭേദപ്പെട്ട പ്രകടനം സമിത് കാഴ്ചവച്ചിട്ടുണ്ട്. ഇതാണ് താരത്തിനു ദേശീയ ടീമിലേക്കു വഴി തുറന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. പക്ഷെ 2026ലെ അടുത്ത അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കുകയന്ന സമിത്തിന്റെ മോഹം നടക്കില്ല. ഇതിന്റെ കാരണമറിയാം.

എന്തുകൊണ്ട് ലോകകപ്പ് കളിക്കില്ല?
സ്വന്തം രാജ്യത്തിനായി ജൂനിയര്‍ ലോകകപ്പില്‍ കളിക്കുകയെന്നത് ഏതൊരു കൗമാര ക്രിക്കറ്ററുടെയും വലിയ സ്വപ്‌നങ്ങളിലൊന്നായിരിക്കും. പക്ഷെ സമിത് ദ്രാവിഡിന്റെ കാര്യത്തില്‍ ഈ സ്വപ്‌നം പൂവണിയില്ല. കാരണം താരത്തിന്റെ പ്രായം തന്നെയാണ്. 2005 നവംബര്‍ പത്തിനാണ് സമിത്തിന്റെ ജനനം. ഈ വര്‍ഷം താരത്തിനു 19 വയസ്സും അടുത്ത വര്‍ഷം 20 വയസ്സുമാവും. 2026ല്‍ 21ാം വയസ്സിലേക്കു കടക്കുമെന്നതിനാല്‍ ജൂനിയര്‍ ലോകകപ്പില്‍ സമിത്തിനു ടീമില്‍ സ്ഥാനവും ലഭിക്കില്ല.
എന്നാല്‍ ഈ വര്‍ഷമാദ്യം സൗത്താഫ്രിക്കയില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ കളിക്കാന്‍ താരത്തിനു യോഗ്യതയുണ്ടായിരുന്നു. ഈ സമയത്തു കര്‍ണാടകയ്ക്കായി ജൂനിയര്‍ ക്രിക്കറ്റില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു സമിത്. ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ താരത്തിനു ഇടവും ലഭിച്ചില്ല.
ആദ്യ ലക്ഷ്യം ഐപിഎല്‍
സമിത് ദ്രാവഡിന്റെ ആദ്യത്തെ ലക്ഷ്യം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐപിഎല്ലായിരിക്കും. സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കാനും ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഇടം പിടിക്കാനും താരത്തിനു ലഭിക്കുന്ന ഏറ്റവും നല്ല അവസരമായിരിക്കും ഇത്. പക്ഷെ അതിനു മുമ്പ് കര്‍ണാടകയ്ക്കായി ആഭ്യന്തര ക്രിക്കറ്റില്‍ സമിത്തിനു കളിക്കേണ്ടതുണ്ട്.

വരാനിരിക്കുന്ന സീസണില്‍ കര്‍ണാടകയുടെ സീനിയര്‍ ടീമിലേക്കു അദ്ദേഹത്തിനു ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയെങ്കില്‍ ഒക്ടോബറില്‍ ആരംഭിക്കുന്ന രഞ്ജി ട്രോഫിയില്‍ കര്‍ണാടകയ്ക്കായി സമിത് കളിച്ചേക്കും. അതിനിടെ സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റും നടക്കാനിരിക്കുകയാണ്. ഈ ടൂര്‍ണമെന്റില്‍ തിളങ്ങിയാല്‍ ഐപിഎല്‍ ഫ്രാഞ്ചൈസികളും സമിത്തിനെ നോട്ടമിടുകയും ഇതു ടീമിലേക്കു അവസരമൊരുക്കുകയും ചെയ്യും.
മഹാരാജ ട്രോഫിയിലെ പ്രകടനം
മഹാരാജ ട്രോഫിയില്‍ മൈസൂരു വാരിയേഴ്‌സിനായി ഇനിയും മികച്ചൊരു ഇന്നിങ്‌സ് കളിക്കാന്‍ സമിത് ദ്രാവിഡിനായിട്ടില്ല. ഏഴു ഇന്നിങ്‌സുകളില്‍ നിന്നും 114 സ്‌ട്രൈക്ക് റേറ്റില്‍ 82 റണ്‍സ് മാത്രമാണ് താരം ഇതിനകം നേടിയത്. 40ന് മുകളില്‍ സ്‌കോര്‍ ഒരിന്നിങ്‌സില്‍ പോലും സമിത് നേടുകയും ചെയ്തിട്ടില്ല.
ഉയര്‍ന്ന സ്‌കോര്‍ 24 ബോളില്‍ നിന്നും നേടിയ 33 റണ്‍സാണ്. ശേഷിച്ച ആറിന്നിങ്‌സുകളില്‍ 7, 7, 16, 2, 12, 5 എന്നിങ്ങനെയാണ് സമിത്തിന്റെ സ്‌കോറുകള്‍. അച്ഛനെ അനുസ്മിരിപ്പിക്കുന്ന ക്ലാസിക്ക് ഷോട്ടുകള്‍ താരം കളിച്ചിരുന്നെങ്കിലും ചെറിയ സ്‌കോറുകള്‍ക്കു തുടര്‍ച്ചയായി പുറത്തായി കൊണ്ടിരുന്നു. എന്നാല്‍ ബൗളിങില്‍ സമിത്തിനെ ടൂര്‍ണമെന്റില്‍ ഇനിയും പരീക്ഷിച്ചിട്ടുമില്ല.