ഇന്ത്യയുടെ മുന്‍ ഇതിഹാസ ബാറ്ററും മുന്‍ കോച്ചുമായ രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത്തിനെ ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇതാദ്യമായാണ് താരം ദേശീയ ടീമിന്റെ ഭാഗമാവുന്നത്. ഓസ്‌ട്രേലിയന്‍ അണ്ടര്‍ 19 ടീമിനെതിരായ വൈറ്റ് ബോള്‍, റെഡ് ബോള്‍ പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിലാണ് ഓള്‍റൗണ്ടറായ സമിത് ഇടം പിടിച്ചിട്ടുള്ളത്. നിലവില്‍ കര്‍ണാടകയില്‍ നടക്കുന്ന മഹാരാജ ടി20 ട്രോഫിയില്‍ മൈസൂരൂ വാരിയേഴ്‌സിനായി കളിക്കുകയാണ് താരം. അതിനിടെയാണ് തികച്ചും അപ്രതീക്ഷിതമായി സമിത്തിനു ദേശീയ ടീമിലേക്കു നറുക്കുവീണത്.
ഓസ്‌ട്രേലിയയുടെ ജൂനിയര്‍ ടീം ഇന്ത്യയില്‍ മൂന്ന് ഏകദിന മല്‍സരങ്ങളും രണ്ടു ചതുര്‍ദിന മല്‍സരങ്ങളുമാണ് കളിക്കുക. പുതുച്ചേരി, ചെന്നൈ എന്നീവിടങ്ങളിലായിട്ടാണ് മല്‍സരങ്ങള്‍ നടക്കാനിരിക്കുന്നത്. എന്നാല്‍ മഹാരാജ ട്രോഫിയില്‍ അത്ര മികച്ച പ്രകടനം നടത്താതിരുന്നിട്ടും 18കാരനായ സമിത്തിന് ഇത്ര പെട്ടെന്നു എങ്ങനെ ഇന്ത്യന്‍ ടീമിലേക്കു വിളിയെത്തിയെന്ന സംശയത്തിലാണ് ആരാധകര്‍.

സമിത്തിന്റെ പ്രകടനം
മഹാരാജ ട്രോഫിയില്‍ സമിത് ദ്രാവിഡിന്റെ പ്രകടനം ശരാശരിക്കും താഴെയാണെന്നു കാണാം. ഏഴിന്നിങ്‌സുകളില്‍ നിന്നും 114 സ്‌ട്രൈക്ക് റേറ്റില്‍ വെറും 82 റണ്‍സ് മാത്രമാണ് താരത്തിനു സ്‌കോര്‍ ചെയ്യാനായത്. ഒരു 40 പ്ലസ് റണ്‍സ് പോലും ജൂനിയര്‍ ദ്രാവിഡ് ടൂര്‍ണമെന്റില്‍ നേടുകയും ചെയ്തിട്ടില്ല.
ആകെ കളിച്ച ഏഴിന്നിങ്‌സുകളില്‍ നാലിലും സമിത് ഒറ്റയക്ക സ്‌കോറിനു പുറത്താവുകയായിരുന്നു. മാത്രമല്ല ഒന്നില്‍ മാത്രമേ അദ്ദേഹം 30നു മുകളില്‍ നേടുകയും ചെയ്തിട്ടുള്ളൂ. 7 റണ്‍സ് (9 ബോള്‍), 7 (7), 33 (24), 16 (12), 2 (5), 12 (9), 5 (6) എന്നിങ്ങനെയാണ് സമിത്തിന്റെ സ്‌കോറുകള്‍.
സോഷ്യല്‍ മീഡിയയില്‍ ചില ആരാധകര്‍ സമിത്തിനെ ഇന്ത്യന്‍ ടീമിലെടുത്തതിനെ ചോദ്യ ചെയ്തിരിക്കുകയാണ്. മഹാരാജ ട്രോഫിയില്‍ ഇത്രയും പരിതാപകരമായ പ്രകടനം നടത്തിയിട്ടും താരം എങ്ങനെ ഇന്ത്യന്‍ ടീമിലെത്തിയെന്നാണ് ഇവരുടെ ചോദ്യം. പേരിനു പിറകിലെ ദ്രാവിഡെന്ന 'വാലാണോ' സമിത്തിനു തുണയായതെന്നും ഇവര്‍ ചോദിക്കുകയാണ്.

സമിത്തിന്റെ കരിയര്‍
2023-24ലെ കൂച്ച് ബെഹര്‍ ട്രോഫിയില്‍ ചാംപ്യന്മാരായ കര്‍ണാടകയുടെ അണ്ടര്‍ 19 ടീമില്‍ സമിത് ദ്രാവിഡ് ഉള്‍പ്പെട്ടിരുന്നു. കൂടാതെ ആലൂരില്‍ ലങ്കാഷെയറുമായി നടന്ന ത്രിദിന മല്‍സരത്തില്‍ കര്‍ണാടത സ്റ്റേറ്റ് ക്രിക്കറ് അസോസിയേന്‍ ഇലവന്‍റെയും ഭാഗമായിരുന്നു യുവതാരം. ആഭ്യന്തര ക്രിക്കറ്റിന്റെ വരാനിരിക്കുന്ന സീസണില്‍ കര്‍ണാടക ടീമിലും സമിത്തിനെ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചനകള്‍.
ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറുന്നതിനു മുമ്പ് തന്നെയാണ് താരം ഇന്ത്യന്‍ ടീമിലേക്കു വന്നിരിക്കുന്നത്. വരാനിരിക്കുന്ന സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലും കര്‍ണാടയ്ക്കു വേണ്ടി സമിത് കളിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ ടൂര്‍ണമെന്റില്‍ കസറിയാന്‍ അടുത്ത വര്‍ഷത്തെ ഐപിഎല്ലിലേക്കും താരത്തിനു വഴി തുറന്നേക്കും.
ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും ഓള്‍റൗണ്ടറുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ഇതിനകം ഐപിഎല്ലില്‍ കളിച്ചു കഴിഞ്ഞു. ഇനി സമിത്തും കൂടി വന്നാല്‍ അതു ആരാധകര്‍ക്കു കൂടുതല്‍ ആഹ്ലാദിക്കാന്‍ വക നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.