ഐപിഎല്‍ മെഗാ ലേലത്തിനു ശേഷം വെടിക്കെട്ട് ഇന്നിങ്‌സുകളുമായി കൈയടി നേടുകയാണ് ഉത്തര്‍പ്രദേശ് യുവതാരം സമീര്‍ റിസ്വി. അണ്ടര്‍ 23 സ്റ്റേറ്റ് എ ടൂര്‍ണമെന്റില്‍ യുപിയെ നയിക്കുന്ന അദ്ദേഹം വീണ്ടുമൊരു ഡബിള്‍ സെഞ്ച്വറിയോടെ മിന്നിച്ചു. വിദര്‍ഭയ്‌ക്കെതിരേ യുപി വമ്പന്‍ റണ്‍ചേസ് നടത്തി ജയിച്ചുകയറിയ മല്‍സരത്തിലാണ് റിസ്വി പുറത്താവാതെ 202 റണ്‍സ് അടിച്ചെടുത്തത്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ത്രിപുരയ്‌ക്കെതിരേയും അദ്ദേഹം ഡബിള്‍ സെഞ്ച്വറി കണ്ടെത്തിയിരുന്നു.
അടുത്ത ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ ഭാഗമാണ് റിസ്വി. അഞ്ചു തവണ ചാംപ്യന്‍മാരായിട്ടുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് കൈവിട്ടതോടെയാണ് അദ്ദേഹത്തെ ഡിസി സ്വന്തമാക്കിയത്. ഇപ്പോഴിതാ ഇടിവെട്ട് ഇന്നിങ്‌സുകളിലൂടെ ഡിസിയുടെ പ്ലെയിങ് ഇലവനിലേക്കു അവകാശവാദമുന്നയിച്ചിരിക്കുകയാണ് റിസ്വി. അണ്ടര്‍ 23 ടൂര്‍ണമെന്റിലെ രണ്ടാം ഡബിള്‍ സെഞ്ച്വറി നേട്ടത്തിനു ശേഷം വമ്പന്‍ റെക്കോര്‍ഡും അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.

റെക്കോര്‍ഡിട്ട് റിസ്വി
അണ്ടര്‍ 23 സ്റ്റേറ്റ് എ ടൂര്‍ണമെന്റില്‍ 407 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഉത്തര്‍ പ്രദേശ് വിജയകരമായി ചേസ് ചെയ്ത പോരാട്ടത്തിലാണ് ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി നാലാമനായി ഇറങ്ങിയ സമീര്‍ റിസ്വി ഹീറോയായി മാറിയത്. 50 ഓവര്‍ മാച്ചില്‍ 105 ബോളില്‍ താരം പുറത്താവാതെ അടിച്ചെടുത്തത് 202 റണ്‍സാണ്. 10 ഫോറുകളും 18 കൂറ്റന്‍ സിക്‌സറുകളും ഇതിലുള്‍പ്പെടും. റിസ്വിയിലേറി വിദര്‍ഭ നല്‍കിയ വിജയലക്ഷ്യം വെറും 41 ഓവറില്‍ ഉത്തര്‍ പ്രദേശ് മറികടക്കുകയും ചെയ്തു.
ഇതോടെ വലുയൊരു റെക്കോര്‍ഡും റിസ്വിയെ തേടിയെത്തി. അണ്ടര്‍ 23 സ്‌റ്റേറ് എ ടൂര്‍ണമെന്റില്‍ രണ്ടു ഡബിള്‍ സെഞ്ച്വറികള്‍ കുറിച്ച ആദ്യത്തെ താരമായാണ് അദ്ദേഹം മാറിയിരിക്കുന്നത്. ദിവസങ്ങള്‍ക്കു മുമ്പാണ് ത്രിപുരയ്‌ക്കെതിരേയും റിസ്വി ഡബിള്‍ സെഞ്ച്വറി കണ്ടെത്തിയത്. അന്നു 97 ബോളില്‍ പുറത്താവാതെ 201 റണ്‍സ് അദ്ദേഹം അടിച്ചെടുക്കുകയായിരുന്നു.

ഈ ടൂര്‍ണമെന്റില്‍ രണ്ടു ഡബിള്‍ സെഞ്ച്വറികള്‍ മാത്രമല്ല രണ്ടു സെഞ്ച്വറികളും റിസ്വി ഇതിനകം നേടിക്കഴിഞ്ഞു. ഹിമാചല്‍ പ്രദേശുമായുള്ള കളിയില്‍ താരം 114 ബോളില്‍ 153 റണ്‍സ് കണ്ടെത്തി. കൂടാതെ പോണ്ടിച്ചേരിക്കെതിരേ 69 ബോളില്‍ പുറത്താവാതെ 137 റണ്‍സും റിസ്വി അടിച്ചെടുത്തു. ടൂര്‍ണമെന്റില്‍ ഇതിനകം കളിച്ച ആറു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് താരം ബാറ്റിങില്‍ നിരാശപ്പെടുത്തിയത്. 8 റണ്‍സ് (ഹൈദരാബാദ്), 27 (ഗുജറാത്ത്) എന്നിവര്‍ക്കെതിരേയായിരുന്നു ഇത്.
റിസ്വിയുടെ കരിയര്‍
വലംകൈയന്‍ ബാറ്ററും വലംകൈ ഓഫ്‌ബ്രേക്ക് ബൗളറും കൂടിയാണ് 21 കാരനായ സമീര്‍ റിസ്വി. ഉത്തര്‍ പ്രദേശിനായി ആഭ്യന്തര ക്രിക്കറ്റില്‍ അദ്ദേഹം അധികം മല്‍സരങ്ങളില്‍ കളിച്ചിട്ടില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 152 റണ്‍സാണ് താരം നേടിയത്.
ലിസ്റ്റ് എ ക്രിക്കറ്റില്‍ 11 കളിയില്‍ നിന്നും 205 റണ്‍സും റിസ്വി സ്‌കോര്‍ ചെയ്തു. ടി20യിലാണ് അദ്ദേഹത്തിനു കൂടുതല്‍ മികച്ച റെക്കോര്‍ഡ് അവകാശപ്പെടാനുള്ളത്. 28 ടി20കളില്‍ നിന്നും 133.33 സ്‌ട്രൈക്ക് റേറ്റില്‍ 480 റണ്‍സ് റിസ്വിയുടെ പേരിലുണ്ട്. രണ്ടു ഫിഫ്റ്റികളടക്കമാണിത്.
അഗ്രസീവ് ഇന്നിങ്‌സുകള്‍ കളിക്കാനുള്ള കഴിവാണ് കഴിഞ്ഞ ഐപിഎല്ലില്‍ റിസ്വിക്കു ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു വഴി തുറന്നത്. സിഎസ്‌കെയ്ക്കായി എട്ടു മല്‍സരങ്ങളിലാണ് താരം കളിച്ചത്. ഇവയില്‍ നിന്നും 118.60 സ്‌ട്രൈക്ക്‌റേറ്റില്‍ 51 റണ്‍സും സ്‌കോര്‍ ചെയ്തു. ലോവര്‍ ഓര്‍ഡറിലാണ് റിസ്വിക്കു കൂടുതലായും ബാറ്റ് ചെയ്യേണ്ടി വന്നത്. ഈ കാരണത്താല്‍ കൂടുതല്‍ ബോളുകള്‍ നേരിടാനുള്ള അവസരവും ലഭിച്ചില്ല.