കേരളാ ക്രിക്കറ്റ് ലീഗില്‍ (കെസിഎല്‍) ആദ്യദിനം കൊച്ചി ബ്ലൂടൈഗേഴ്‌സ് ക്യാപ്റ്റനും സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ ചേട്ടനുമായ സാലിയുടെ പ്രകടനം വലിയ കൈയടിയാണ് നേടുന്നത്. കെസിഎല്ലിലെ അരങ്ങേറ്റ മല്‍സരത്തില്‍ സഞ്ജുവിന്റെ വെടിക്കെട്ട് കാണാനെത്തിയ ആരാധകര്‍ ചേട്ടന്റെ ഇടിവെട്ട് പ്രകടനം കണ്ട് മനം നിറഞ്ഞാണ് ഗ്രൗണ്ട് വിട്ടത്.
ക്യാപ്റ്റന്‍സി, ബൗളിങ്, ബാറ്റിങ് തുടങ്ങി തൊട്ടതെല്ലാം പൊന്നാക്കിയതോടെ സാലിക്കും ഇപ്പോള്‍ ആരാധകരേറെയാണ്. സീം ബൗളിങ് ഓള്‍റൗണ്ടറായ അദ്ദേഹം ആദ്യ രണ്ടോവര്‍ മികച്ച രീതിയില്‍ എറിയുന്നതിനൊപ്പം റണ്‍ചേസില്‍ അപരാജിത ഫിഫ്റ്റിയുമായി (30 ബോളില്‍ 50, 5 ഫോര്‍, 3 സിക്‌സ്) കൊച്ചിയുടെ ഹീറോയായി മാറുകയും ചെയ്തു.
ഇത്രയും കഴിവുണ്ടായിട്ടും അദ്ദേഹം എന്തുകൊണ്ടാണ് ഐപിഎല്ലിലും ദേശീയ ടീമിലുമൊന്നും എത്താതെ പോയതെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. വളരെ നിര്‍ഭാഗ്യകരമായ ഒരു സംഭവമാണ് സാലിയുടെ കരിയറില്‍ വിനയായി മാറിയത്. ഇതു എന്താണെന്നറിയാം.

സീം ബൗളിങ് ഓള്‍റൗണ്ടര്‍മാരുടെ അഭാവം
സീം ബൗളിങ് ഓള്‍റൗണ്ടര്‍മാര്‍ക്കു ഇന്ത്യന്‍ ക്രിക്കറ്റില്‍ എല്ലാ കാലത്തും വലിയ ഡിമാന്റുണ്ടായിട്ടുണ്ട്. പക്ഷെ ദീര്‍ഘകാലം ടീമില്‍ പിടിച്ചുനിന്ന വളരെ അപൂര്‍വ്വം പേരെ മാത്രമേ നമുക്കു എടുത്തു കാണിക്കാനുള്ളൂ. ഇതിലൊരാള്‍ 1983ലെ ലോകകപ്പ് വിന്നിങ് ക്യാപ്റ്റന്‍ കൂടിയായ മുന്‍ ഇതിഹാസം കപില്‍ ദേവാണ്.
അതിനുശേഷം അതു പോലെയുള്ള മറ്റൊരു മാച്ച് വിന്നറെ ഇന്ത്യക്കു ലഭിച്ചത് നിലവില്‍ വൈറ്റ് ബോള്‍ ടീമുകളുടെ അവിഭാജ്യ ഘടകമായ ഹാര്‍ദിക് പാണ്ഡ്യയിലൂടെയാണ്. പലരും ദേശീയ ടീമിലേക്കു പല കാലഘട്ടങ്ങളിലായി വന്നിട്ടുണ്ടെങ്കലും ആര്‍ക്കും സ്ഥാനമുറപ്പിക്കാനായില്ല. അവിടൊണ് സാലി സാംസണിനെ പോലെയാരു സീം ബൗളിങ് ഓള്‍റൗണ്ടറുടെ പ്രധാന്യം വര്‍ധിക്കുന്നത്.
ന്യൂബോള്‍ മുതല്‍ കളിയുടെ എതു ഘട്ടത്തിലും ബൗള്‍ ചെയ്യാന്‍ സാധിക്കുന്നയാളാണ് അദ്ദേഹം. കെസിഎല്ലില്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ സാലിയുടെ ബൗളിങ് ഗംഭീരമായിരുന്നു. രണ്ടോവറില്‍ വെറും എട്ടു റണ്‍സ് മാത്രമേ അദ്ദേഹം വഴങ്ങിയുള്ളൂ. വിട്ടുകൊടുത്തതാവട്ടെ ഒരേയൊരു ഫോര്‍ മാത്രം.
മോശല്ലാത്ത വേഗതയിലും മികച്ച സ്വിങോടെയും ബൗള്‍ ചെയ്യാന്‍ സാലിക്കായിരുന്നു. ബാറ്റര്‍മാരെ പല തവണ ബീറ്റ് ചെയ്യാനും അദ്ദേഹത്തിനു സാധിച്ചു. പിന്നീട് നാലാം നമ്പറിലെത്തി്ക്ലാസ് ബാറ്റിങാണ് സാലി കാഴ്ചവച്ചത്.
കെസിഎല്ലിലെ ആദ്യ കളിയില്‍ സാലി സാംസണിന്റെ ബാറ്റിങ്. വീഡിയോ കാണാം
സഞ്ജുവിനെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള ചില കട്ട് ഷോട്ടുകളും പുള്‍ ഷോട്ടുകളും ഡ്രൈവുകളുമെല്ലാം അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. തുടര്‍ന്നുള്ള മല്‍സരങ്ങളിലും ഫോം തുടര്‍ന്നാല്‍ അടുത്ത ഐപിഎല്‍ ലേലത്തില്‍ സാലിക്കു ഏതെങ്കിലുമൊരു ടീമിന്റെ വിളിയെത്താനുള്ള സാധ്യത കൂടുതലാണ്.

സാലിക്കു സംഭവിച്ചതെന്ത്?
സഞ്ജു സാംസണിനേക്കാള്‍ പ്രതിഭാശാലിയായ താരമെന്നാണ് സാലിയെ അടുത്തറിയുന്ന പലരും വിശേഷിപ്പിക്കാറുള്ളത്. യഥാര്‍ഥത്തില്‍ സഞ്ജുവിനേക്കാള്‍ മുമ്പ് ഇന്ത്യന്‍ കുപ്പായത്തില്‍ അദ്ദേഹം അരങ്ങേറുകയും ചെയ്യേണ്ടതായിരുന്നു.
പക്ഷെ അപ്രതീക്ഷിത വില്ലനായെത്തിയ ഒരു പരിക്ക് സാലിയുടെ കരിയറിലെ ഏറ്റവും നല്ല അഞ്ചു വര്‍ഷത്തോളം കവര്‍ന്നെടുക്കുകയായിരുന്നു. അല്ലായിരുന്നെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യയെപ്പോലെ ടീം ഇന്ത്യയിലെ മികച്ചൊരു സീം ബൗളിങ് ഓള്‍റൗണ്ടറായി 34 കാരനായ അദ്ദേഹം പേരെടുക്കുമായിരുന്നു.
തന്നെപ്പോലെ സാലിയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുമായിരുന്നെന്നു സഞ്ജു തന്നെ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. കേരളത്തിന്റെ അണ്ടര്‍ 16, 19, 23 തലത്തിലെല്ലാം രണ്ടു പേരും ഒരുമിച്ച് കളിച്ചിട്ടുണ്ട്.
ആ സമയത്തു സഞ്ജുവിനേക്കാള്‍ മികച്ചു നിന്നതും സാലിയായിരുന്നു. പക്ഷെ പരിക്ക് എല്ലാം തകിടം മറിച്ചു. തോളിനോറ്റ വളരെ ഗുരുതരമായ ഒരു പരിക്കു കാരണം മൂന്ന് മുതല്‍ അഞ്ചു വര്‍ഷത്തോളം സാലിക്കു ക്രിക്കറ്റില്‍ നിന്നും ബ്രേക്ക് എടുക്കേണ്ടി വന്നിട്ടുണ്ടെന്നാണ് സഞ്ജു അടുത്തിടെ വെളിപ്പെടുത്തിയത്.