കേരളാ ക്രിക്കറ്റ് ലീഗിന്റെ (കെസിഎല്‍) രണ്ടാം സീസണില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ നായകസ്ഥാനമേറ്റെടുക്കാന്‍ തനിക്കു തുടക്കത്തില്‍ താല്‍പ്പര്യം ഇല്ലായിരുന്നുവെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് സാലി സാംസണ്‍. തനിക്കു പകരം ഈ റോളില്‍ കുറേക്കൂടി അനുഭവസമ്പത്തുള്ള ഇളയ സഹോദരന്‍ സഞ്ജു സാംസണാണ് കൂടുതല്‍ യോജിച്ചയാളെന്നും തോന്നിയതായി അദ്ദേഹം വ്യക്തമാക്കി. മൈഖേലിനോടു (Mykhel) സംസാരിക്കവെയാണ് സാലിയുടെ ഈ വെളിപ്പെടുത്തല്‍.
ആദ്യ മല്‍സരം മുതല്‍ സീസണിലുടനീളം മിന്നുന്ന പ്രകടനം നടത്തിയാണ് സാലിക്കു കീഴില്‍ കൊച്ചി ടീം കന്നി കെസിഎല്‍ കിരീടത്തില്‍ മുത്തമിട്ടത്. ഓപ്പണറും വിക്കറ്റ് കീപ്പറുമായി കളിച്ച സഞ്ജു ടീമിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തിരുന്നു. തുടര്‍ച്ചയായി നാലു കളികളില്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകളും കുറിക്കാന്‍ അദ്ദേഹത്തിനായിരുന്നു.

ക്യാപ്റ്റന്‍സി ആഗ്രഹിച്ചില്ല
കേരളാ ക്രിക്കറ്റ് ലീഗിന്റെ സീസണിലുടനീളം സഞ്ജു സാംസണിന്റെ സേവനം ലഭിക്കില്ലെന്നതിനാലാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് നായകസ്ഥാനത്തേക്കു സാലി സാംസണിനെ പരിഗണിച്ചത്. ടീം തനിക്കു ക്യാപ്റ്റന്‍സി ഓഫര്‍ ചെയ്തപ്പോള്‍ അതു ഏറ്റെടുക്കാന്‍ താല്‍പ്പര്യമില്ലായിരുന്നുവെന്നാണ് സാലി വെളിപ്പെടുത്തിയിരിക്കുന്നത്.
എന്നെ സംബന്ധിച്ച് കൊച്ചി ടീമിന്റെ ക്യാപ്റ്റന്‍സിയെന്നതു തികച്ചും അപ്രതീക്ഷിതമായിരുന്നു. ടീമിനെ നയിക്കാനുള്ള അവസരവും ഉത്തരവാദിത്വവും എനിക്കു ലഭിക്കുമെന്നു ഒട്ടും തന്നെ പ്രതീക്ഷിച്ചതല്ല. എനിക്കു അതു ശരിക്കുമൊരു സര്‍പ്രൈസായിരുന്നു. മാത്രമല്ല ഇതു തുടക്കത്തില്‍ അല്‍പ്പം കടുപ്പമായിരിക്കുമെന്നും എനിക്കു തോന്നി.
ഞാന്‍ ക്യാപ്റ്റനാവാന്‍ യഥാര്‍ഥത്തില്‍ ആഗ്രഹിച്ചതല്ല. പ്രത്യേകിച്ചും എന്റെ സഹോദരന്‍ ടീമിലുള്ളപ്പോള്‍ അതു ശരിയായിരിക്കില്ലെന്നും തോന്നി. കാരണം അവന്‍ എന്നേക്കാള്‍ പക്വതയുള്ളയാളാണ്. ഐപിഎല്‍ ടീമുകളെയും ഇന്ത്യന്‍ എ ടീമിനെയുമെല്ലാം നയിച്ച് ഒരുപാട് അനുഭവസമ്പത്തുമുണ്ട്.
പക്ഷെ എന്നെയും സഞ്ജുവിനെയും ഞങ്ങളുടെ കോച്ചായ റൈഫി ഗോമസ് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. അദ്ദേഹം (കോച്ച്) എന്റെ കഴിവ് മനസ്സിലാക്കുകയും ചെയ്തു. പിന്നെ ക്യാപ്റ്റന്‍സി ഏറ്റെടുത്തപ്പോള്‍ അതു വളരെ നന്നായി തന്നെ വരികയും ചെയ്തുവെന്നും സാലി വ്യക്തമാക്കി. കെസിഎല്‍ ആരംഭിച്ചപ്പോള്‍ എല്ലാം ഒരു ഒഴുക്കോടെ തന്നെ മുന്നോട്ടു പോയി. അവസാനം ഞങ്ങള്‍ക്കു കിരീടം നേടാനായതില്‍ ഏറെ സന്തോഷവാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രിക്കറ്റിലേക്കുള്ള വരവ്
കരിയറിന്റെ തുടക്കകാലം മുതല്‍ തനിക്കും അനുജനും വേണ്ടി എല്ലാ പിന്തുണയും നല്‍കി കൂടെന്ന നിന്ന അച്ഛന്‍ സാംസണ്‍ വിശ്വനാഥിനെ കുറിച്ചും സാലി വാചാലനായി. സ്‌പോര്‍ട്‌സിനെ കുറിച്ച് പറയുകയാണെങ്കില്‍ എന്റെ അച്ഛന്‍ ഒരു ഫുട്‌ബോള്‍ താരമാണ്. അദ്ദേഹം വളരെ നല്ലൊരു കളിക്കാരനും കൂടിയാണ്.
എന്നെയും സഞ്ജുവിനെയും ക്രിക്കറ്റര്‍മാരാക്കണമെന്നു അച്ഛന്‍ സ്വപ്‌നം കണ്ടത് എന്തു കൊണ്ടായിരിക്കുമെന്നറിയില്ല. ഞാനും അവനും (സഞ്ജു) ഫുട്‌ബോളും കളിക്കാറുണ്ട്. പക്ഷെ ഞങ്ങള്‍ ക്രിക്കറ്റ് കളിച്ചാല്‍ മതിയെന്നു തീരുമാനിച്ചത് അച്ഛനാണ്.
അദ്ദേഹം ഇതേക്കുറിച്ച് തീരുമാനമെടുത്തപ്പോള്‍ ഞങ്ങള്‍ക്കും ഈ ഗെയിമിനോടു വലിയ താല്‍പ്പര്യമായി. ഞാന്‍ സഞ്ജുവിനു ബൗള്‍ ചെയ്തു കൊടുക്കാറുണ്ട്, അവന്‍ ബാറ്റും ചെയ്യും. ഞങ്ങളുടെ തുടക്കം അങ്ങനെയായിരുന്നുവെന്നും സാലി മനസ്സ് തുറന്നു.
പരിക്കും തിരിച്ചുവരവും
ക്രിക്കറ്റ് കരിയര്‍ തന്നെ അവസാനിപ്പിച്ചേക്കാവുന്ന വലിയൊരു പരിക്കിനെ സാലി സാംസണിനു തുടക്കകാലത്തു അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. സീം ബൗളിങ് ഓള്‍റൗണ്ടര്‍ കൂടിയായ അദ്ദേഹത്തിന്റെ കരിയര്‍ പ്രതീക്ഷിച്ച ഉയരങ്ങളിലേക്കു എത്താതെ പോയതിന്റെ പ്രധാന കാരണവും ഇതാണ്. അണ്ടര്‍ 19 ക്രിക്കറ്റില്‍ കത്തി നില്‍ക്കവെയായിരുന്നു സാലിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് പരിക്ക് വില്ലനായെത്തിയത്.

അണ്ടര്‍ 19 ക്രിക്കറ്റില്‍ കളിക്കവെയാണ് എനിക്കു പരിക്കേല്‍ക്കുന്നത്. പക്ഷെ ഞാന്‍ അതിനെ ഒരു തിരിച്ചടിയോ മറ്റോയായി കണ്ടിരുന്നില്ല. പക്ഷെ പുറമെയുള്ളവര്‍ കാണുമ്പോള്‍ അതു എന്റെ ഏറ്റവും നല്ല സമയത്താണ് സംഭവിച്ചതെന്നും വലിയ തിരിച്ചടിയായി മാറിയെന്നുമെല്ലാം പറയും.
ഭൗതികമായ രീതിയില്‍ നോക്കിയാല്‍ അതു തീര്‍ച്ചയായും തിരിച്ചടിയായിരിക്കാം. പക്ഷെ കഴിഞ്ഞ 12-13 വര്‍ഷങ്ങള്‍ക്കിടെ എനിക്കു ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായിട്ടുണ്ടെന്നും സാലി വ്യക്തമാക്കി.
സഞ്ജുവെന്ന ഓള്‍റൗണ്ടര്‍
സഹോദരന്‍ സഞ്ജു സാംസണിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ഏറെ അഭിമാനവും സന്തോഷവുമാണ് സാലി സാംസണിനുള്ളത്. കുട്ടിക്കാലം മുതല്‍ അനുജനോടൊപ്പം കളിച്ചപ്പോഴുള്ള മനോഹരമായ ഓര്‍മകള്‍ അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തു.
കുട്ടിക്കാലത്തു ഞങ്ങള്‍ ഡല്‍ഹിയിലെ തെരുവുകളില്‍ കളിക്കാറുണ്ടായിരുന്നു. ആ സമയത്തു തന്നെ ആളുകള്‍ സഞ്ജുവിനെ കഴിവിനെപ്പറ്റി പറയാറുണ്ട്. രാജ്യത്തിനായി കളിക്കാനുള്ള മിടുക്ക് അവനുണ്ടെന്നു അന്നു തന്നെ തോന്നിയിരുന്നു. ഞാന്‍ ഓള്‍റൗണ്ടറായതു പോലെ സഞ്ജുവിനെയും ഞാന്‍ അങ്ങനെ തന്നെയാണ് കാണുന്നത്.
കാരണം കുട്ടിക്കാലം മുതല്‍ ബൗളിങുള്‍പ്പെടെ അവന്‍ എല്ലാം ചെയ്യുമായിരുന്നു. അവന്‍ ഓഫ് സ്പിന്നും ലെഗ് സ്പിന്നുമെല്ലാം എറിയും. ജീവിതത്തിലും ഏതെങ്കിലുമൊരു റോളിലായിരുന്നില്ല ഞങ്ങള്‍ വളര്‍ന്നുവന്നത്. ഗെയിമിനെ മൊത്തത്തിലാണ് ഞങ്ങള്‍ കണ്ടിരുന്നത്. എവിടെ ചാന്‍സ് ലഭിച്ചാലും സാഹചര്യത്തിന് അനുസരിച്ച് അതുമായി പൊരുത്തപ്പെടാന്‍ സാധിക്കുകയും ചെയ്യും.
സഞ്ജു വെറും ഓപ്പണര്‍ മാത്രമല്ല, എവിടെ കളിക്കാന്‍ അവസരം കിട്ടിയാലും അവന്‍ സ്‌കോര്‍ ചെയ്യും. ടീം എന്താണോ ആവശ്യപ്പെടുന്നത് അതു ചെയ്യാന്‍ കഴിയും. വ്യക്തിഗത പ്രകടനത്തില്‍ മാത്രമല്ല കാര്യം. ടീമിന്റെ വിജയത്തില്‍ സംഭാവന ചെയ്യുകയെന്നതാണ് പ്രധാനമെന്നും സാലി കൂട്ടിച്ചേര്‍ത്തു.