കറാച്ചി: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്മാരെ പരിഗണിച്ചാല്‍ എംഎസ് ധോണി, ഇമ്രാന്‍ ഖാന്‍ എന്നീ രണ്ട് പേര്‍ ഈ പട്ടികയിലുണ്ടാവും. 1992ല്‍ പാകിസ്താനെ ലോകകപ്പ് ജേതാക്കളാക്കിയ നായകനാണ് ഇമ്രാന്‍ ഖാന്‍. എംഎസ് ധോണി 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും 2013ലെ ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയെ കിരീടം ചൂടിച്ച ക്യാപ്റ്റനാണ്. ഐസിസി കിരീടങ്ങളുടെ എണ്ണം പരിശോധിച്ചാല്‍ ധോണിയാണ് കേമന്‍.
എന്നാല്‍ അന്നത്തെ സാഹചര്യവും താരങ്ങളുടെ പ്രതിഭയുംവെച്ച് താരതമ്യപ്പെടുത്തിയാല്‍ ഇമ്രാന്‍ ഖാന്റെ ലലോകകപ്പ് നേട്ടത്തിന് പത്തരമാറ്റ് തിളക്കണമാണുള്ളത്. ഇവരിലാരാണ് മികച്ചവനെന്ന് പറയുക പ്രയാസമാണ്. ഇപ്പോഴിതാ രണ്ട് നായകന്മാരെയും താരതമ്യപ്പെടുത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ താരം സല്‍മാന്‍ ബട്ട്. 1992ല്‍ ഇമ്രാന്‍ ഖാന് ഇന്നത്തെ പോലെ താരങ്ങളെ ലഭിച്ചിരുന്നില്ലെന്നും ലഭിച്ച താരങ്ങളെ നന്നായി ഉപയോഗിക്കുകയാണ് ഇമ്രാന്‍ ചെയ്തതെന്നുമാണ് സല്‍മാന്‍ പറയുന്നത്.

ജാവേദ് മിയാന്‍ദാദ് മാത്രമായിരുന്നു അന്ന് വിശ്വസ്തനെന്നും ശരാശരി ടീമിനെ വെച്ചാണ് ഇമ്രാന്റെ ലോകകപ്പ് നേട്ടമെന്നുമാണ് സല്‍മാന്റെ പക്ഷം. 'രണ്ട് പേരും ഇതിഹാസങ്ങളാണ്. അതുകൊണ്ട് തന്നെ താരതമ്യത്തിന് വലിയ പ്രസക്തിയില്ല. രണ്ട് പേരും ബുദ്ധിമാന്മാരും നന്നായി തീരുമാനമെടുക്കാന്‍ കഴിവുള്ളവരുമാണ്. അവരുടെ താരങ്ങളെ എപ്പോഴും ഇവര്‍ പിന്തുണച്ചിരുന്നു. വളരെ വാചാലനാണ് ഇമ്രാന്‍ ഭായ്.
അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍നിന്ന് തന്നെ അത് വ്യക്തമാണ്. എന്നാല്‍ ധോണി അങ്ങനെ സംസാരിക്കില്ല'-സല്‍മാന്‍ ബട്ട് പറഞ്ഞു. പാകിസ്താന്റെ ലോകകപ്പെന്ന കാത്തിരിപ്പിന് അവസാനമിട്ടത് ഇമ്രാന്‍ ഖാനാണ്. 1992ലെ ഫൈനലില്‍ ഇംഗ്ലണ്ടിനെ 22 റണ്‍സിന് തോല്‍പ്പിച്ചാണ് പാകിസ്താന്റെ കിരീട നേട്ടം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 249 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് 227ന് ഓള്‍ഔട്ടായി.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ വസിം അക്രവും മുഷ്താഖ് അഹമ്മദും രണ്ട് വിക്കറ്റ് വീഴ്ത്തിയ ആക്വിബ് ജാവേദുമാണ് ബൗളിങ്ങില്‍ പാകിസ്താനായി തിളങ്ങിയത്. ഫൈനലില്‍ ഇമ്രാന്‍ ഖാന്‍ 72 റണ്‍സുമായി മത്സരത്തിലെ ടോപ് സ്‌കോററായിരുന്നു. ഒരു വിക്കറ്റും അദ്ദേഹം വീഴ്ത്തി. ഓള്‍റൗണ്ട് ഷോയാണ് ഇമ്രാന്‍ ഖാന്‍ കരിയറില്‍ നടത്തിയിരുന്നത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും പല തവണ ഇമ്രാന്‍ അവസരത്തിനൊത്തുയര്‍ന്നു.
ധോണിയുടെ മാസ്റ്റര്‍ പ്ലാനുകളാണ് അദ്ദേഹത്തിന്റെ ശക്തി. മറ്റാരും ചിന്തിക്കാത്ത വഴിയിലൂടെ ചിന്തിക്കാനും കളിയുടെ ഗതിമാറ്റാനും ധോണിക്ക് അസാധാരണ കഴിവുണ്ട്. കളത്തിനകത്തും പുറത്തും ശാന്തനായ താരമാണ് ധോണി. എന്നാല്‍ അദ്ദേഹത്തിന്റെ തന്ത്രങ്ങളുടെ മൂര്‍ച്ച എതിരാളികളുടെ നെഞ്ചുതുളക്കുന്നതാണ്. മൂന്ന് ഐസിസി കിരീടം അലമാരയിലെത്തിക്കാന്‍ ധോണിക്ക് സാധിച്ചുവെന്നത് അദ്ദേഹത്തിന്റെ മികവ് എടുത്തുകാട്ടുന്നു.

വിക്കറ്റിന് പിന്നില്‍ നിന്ന് ധോണി മത്സരം നിയന്ത്രിക്കുന്നതുപോലെ മറ്റാര്‍ക്കും സാധിക്കില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫിനിഷറെന്ന നിലയില്‍ മറ്റാര്‍ക്കും എളുപ്പത്തില്‍ നേടിയെടുക്കാനാവാത്ത സിംഹാസനാണ് ധോണി സ്വന്തമാക്കിയത്. മത്സരത്തിന്റെ അവസാന നിമിഷം വരെ മത്സരഫലത്തെ മാറ്റാന്‍ പല തവണ ധോണിക്കായിട്ടുണ്ട്. ഇതൊന്നും മറ്റൊരു നായകന്മാര്‍ക്കും അവകാശപ്പെടാനാവാത്തതാണ്.
41ാം വയസിലും ധോണി മികവ് തുടരുന്നു. ഇത്തവണയും ഐപിഎല്‍ കളിച്ച ധോണി സിഎസ്‌കെയ്ക്ക് അഞ്ചാം കിരീടം നേടിക്കൊടുത്തു. അടുത്ത സീസണിലും സിഎസ്‌കെയ്ക്കായി കളിക്കുമെന്ന സൂചന നല്‍കിയാണ് ധോണി ഈ സീസണോട് വിട പറഞ്ഞത്. ഇമ്രാന്‍ ഖാന്‍ 88 ടെസ്റ്റില്‍ നിന്ന് 3807 റണ്‍സും 362 വിക്കറ്റും 175 ഏകദിനത്തില്‍ നിന്ന് 3709 റണ്‍സും 182 വിക്കറ്റുമാണ് കരിയറില്‍ നേടിയത്.