മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം എല്ലാ കാലത്തും സൂപ്പര്‍ താരനിരയുണ്ടായിരുന്നു. ഓരോ കാലഘട്ടത്തിലും ഇതിഹാസങ്ങളെന്ന് വിളിക്കാവുന്ന ചിലരെങ്കിലും ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിരുന്നു. സുനില്‍ ഗവാസ്‌കറും കപില്‍ ദേവും കടന്ന് പിന്നീടത് സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡുമെല്ലാമായി. ഇവര്‍ പടിയിറങ്ങിയപ്പോള്‍ ആ സ്ഥാനത്തേക്ക് വിരാട് കോലിയും രോഹിത് ശര്‍മയുമെത്തി. ഭാവിയിലേക്ക് നോക്കുമ്പോള്‍ ശുബ്മാന്‍ ഗില്ലും യശ്വസി ജയ്‌സ്വാളുമെല്ലാം വളര്‍ന്നുവരുന്നു.
ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കാന്‍ പോകുന്നത് ഇന്ത്യയിലാണ്. ഇതിന് ശേഷം 2027ലാണ് അടുത്ത ഏകദിന ലോകകപ്പ് നടക്കുക. ഭാവിയിലേക്ക് നോക്കുമ്പോഴും ഇന്ത്യക്ക് വലിയ ആശങ്കകളില്ലെന്ന് പറയാം. വലിയ യുവതാരനിര ഇതിനോടകം തന്നെ ഇന്ത്യക്ക് പ്രതീക്ഷ നല്‍കി വളര്‍ന്നുവരുന്നുണ്ട്. 2027ലെ ലോകകപ്പില്‍ ഇന്ത്യയുടെ നട്ടെല്ലായി മാറാന്‍ സാധ്യതയുള്ളവരും നിലവില്‍ ഇന്ത്യ എ ടീമിനായി കസറുന്നവരുമായ മൂന്ന് പേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
ഒന്നാമത്തെ താരം സായ് സുദര്‍ശനാണ്. ഇതിനോടകം ശ്രദ്ധ നേടിയെടുക്കാന്‍ സാധിച്ച യുവതാരങ്ങളിലൊരാളാണ് സായ് സുദര്‍ശന്‍. തമിഴ്‌നാട്ടുകാരനായ താരം ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണ്. അവസാന ഐപിഎല്ലിന്റെ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 96 റണ്‍സ് നേടി കൈയടി നേടിയ താരമാണ് സുദര്‍ശന്‍. ഇന്ത്യ എ ടീമിനൊപ്പവും ഗംഭീര പ്രകടനം താരം കാഴ്ചവെക്കുന്നു. എമര്‍ജിങ് ഏഷ്യാ കപ്പില്‍ ഇന്ത്യ എ ടീമിനൊപ്പം തകര്‍പ്പന്‍ സെഞ്ച്വറിയും നേടാന്‍ സായ് സുദര്‍ശന് സാധിച്ചിരിക്കുകയാണ്.
110 പന്തുകള്‍ നേരിട്ട് 10 ഫോറും 3 സിക്‌സും ഉള്‍പ്പെടെയാണ് സായ് സുദര്‍ശന്റെ ഗംഭീര പ്രകടനം. ആഭ്യന്തര ക്രിക്കറ്റിലും ഇതിനോടകം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കാന്‍ സായ് സുദര്‍ശന് സാധിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ 13 മത്സരത്തില്‍ നിന്ന് 507 റണ്‍സാണ് സുദര്‍ശന്‍ നേടിയിട്ടുള്ളത്. നാല് അര്‍ധ സെഞ്ച്വറികളാണ് താരത്തിന്റെ പേരിലുള്ളത്. എട്ട് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 598 റണ്‍സും 14 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 834 റണ്‍സും സുദര്‍ശന്റെ അക്കൗണ്ടിലുണ്ട്.

അധികം വൈകാതെ ഇന്ത്യന്‍ ടീമിലേക്ക് സുദര്‍ശന് വിളിയെത്തിയേക്കും. ഇന്ത്യന്‍ ടീമില്‍ മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുടെ അഭാവമുണ്ട്. അതുകൊണ്ടുതന്നെ സുദര്‍ശന് ടീം തിരഞ്ഞെടുപ്പില്‍ മുന്‍തൂക്കം ലഭിച്ചേക്കും. രണ്ടാമത്തെ താരം യഷ് ധുല്ലാണ്. 2022ലെ അണ്ടര്‍ 19 ലോകകപ്പില്‍ യഷ് ധുല്ലിന് കീഴിലാണ് ഇന്ത്യ കപ്പടിച്ചത്. ഇപ്പോള്‍ എമര്‍ജിങ് ഏഷ്യാ കപ്പില്‍ ഇന്ത്യയെ നയിക്കുന്നതും യഷ് ധുല്ലാണ്. ഭാവിയില്‍ ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്താന്‍ താരത്തിന് കഴിവുണ്ട്.
15 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 1145 റണ്‍സും 10 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 320 റണ്‍സും 12 ടി20യില്‍ നിന്ന് 379 റണ്‍സുമാണ് യഷ് ധുല്ലിന്റെ സമ്പാദ്യം. മധ്യനിര ബാറ്റ്‌സ്മാനായ യഷ് ഭാവിയില്‍ ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലായി മാറുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. വിരാട് കോലിയുടെ റോളിലേക്ക് ഉയര്‍ന്നുവരാന്‍ പ്രതിഭയുണ്ടെന്ന് വിശേഷിപ്പിക്കപ്പെടുന്ന കളിക്കാരനാണ് യഷ് ധുല്ലെന്ന് പറയാം.
രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കറാണ് മൂന്നാമത്തെ താരം. അണ്ടര്‍ 19 ലോകകപ്പിലൂടെ ശ്രദ്ധ നേടിയ താരം ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. മധ്യനിരയില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കാനും ന്യൂബോളില്‍ തിളങ്ങാനും കഴിവുള്ള താരമാണ് ഹംഗര്‍ഗേക്കര്‍. നിലവില്‍ ഹര്‍ദിക് പാണ്ഡ്യ മാത്രമാണ് ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലെ പേസ് ഓള്‍റൗണ്ടര്‍. ഈ വിടവ് നികത്താന്‍ കെല്‍പ്പുള്ളവനാണ് ഹംഗര്‍ഗേക്കര്‍.
നാല് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 719 റണ്‍സും 13 വിക്കറ്റും 15 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 665 റണ്‍സും 33 വിക്കറ്റും 10 ടി20യില്‍ നിന്ന് 180 റണ്‍സും 15 വിക്കറ്റുമാണ് ഹംഗര്‍ഗേക്കറുടെ സമ്പാദ്യം. എമര്‍ജിങ് ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേ അഞ്ച് വിക്കറ്റ് പ്രകടനവുമായി താരം തിളങ്ങിയിരുന്നു. ആവശ്യത്തിന് പിന്തുണ ലഭിച്ചാല്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവാന്‍ കെല്‍പ്പുള്ളവനാണ് ഹംഗര്‍ഗേക്കര്‍.