ഇന്ത്യന്‍ ക്രിക്കറ്റ് വലിയ മാറ്റങ്ങളിലേക്കു നീങ്ങാനിനിരിക്കെ ടെസ്റ്റില്‍ ഇന്ത്യ വളര്‍ത്തിയെടുക്കേണ്ട അഞ്ചു ബാറ്റര്‍മാരെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. സ്വന്തം യൂട്യൂബ് ചാനലില്‍ ആകാശ് വാണി എന്ന ഷോയില്‍ സംസാരിക്കവെയാണ് ഭാവിയിലേക്കു ഇന്ത്യ തീര്‍ച്ചയായും വളര്‍ത്തിയെടുക്കേണ്ട അഞ്ചു യുവതാരങ്ങള്‍ ആരൊക്കെയാണെന്നു അദ്ദേഹം നിര്‍ദേശിച്ചത്.
നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി എന്നിവരെല്ലാം കരിയറിന്റെ അവസാനത്തോടു അടുക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരേ അവസാനമായി കളിച്ച ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മോശം പ്രകടനത്തെ തുടര്‍ന്നു വലിയ വിമര്‍ശനങ്ങളും ഇവര്‍ നേരിട്ടിരുന്നു.
കൂടാതെ കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ തുടങ്ങിയവരും 30 പിന്നിട്ടവരാണ്. അതുകൊണ്ടു തന്നെ ടീമിന്റെ മികച്ച ഭാവിക്കായി തീര്‍ച്ചയായും ചില യുവതാരങ്ങളെ വളര്‍ത്തിയെടുക്കേണ്ടത് പ്രധാനമാണെന്നാണ് ചോപ്രയുടെ അഭിപ്രായം.

ആദ്യത്തെയാള്‍ ആര്?
ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി വാഗ്ദാനമായി ആകാശ് ചോപ്ര തിരഞ്ഞെടുത്തിട്ടുള്ള ആദ്യത്തെയാള്‍ ഇടംകൈയന്‍ ബാറ്റര്‍ സായ് സുദര്‍ശനാണ്. ഇന്ത്യക്കു വേണ്ടി മാത്രമല്ല, ആഭ്യന്തര ക്രിക്കറ്റിലും ഇതിനകം കളിച്ചപ്പോഴെല്ലാം മികച്ച പ്രകടനമാണ് സായ് നടത്തിയിട്ടുള്ളത്. വളരെ മികച്ച ബാറ്റിങ് ടെക്‌നിക്കാണ് അവനുള്ളത്. മികച്ചൊരു ഭാവി അന്താരാഷ്ട്ര ക്രിക്കറ്റില്‍ സായ് സുദര്‍ശനുണ്ടെന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
കാരണം വലിയ വേദികളില്‍ കളിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം താന്‍ ഇവിടേക്കു അനുയോജ്യനായ താരമാണെന്നു അവന്‍ തെളിയിച്ചിട്ടുണ്ട്. ഐപിഎല്‍ ഫൈനലില്‍ കളിച്ചപ്പോള്‍ എത്ര അനായാസമായിട്ടാണ് സായ് ബാറ്റ് വീശിയത്. സൗത്താഫ്രിക്കയില്‍ കളിച്ചപ്പോള്‍ അവിടെയും യാതൊരു സമ്മര്‍ദ്ദവുമില്ലാതെ ആത്മവിശ്വാസത്തോടെ താരം കളിച്ചിരുന്നു.
വൈറ്റ് ബോള്‍ ക്രിക്കറ്റിലാണ് കൂടുതല്‍ കളിച്ചതെങ്കിലും അവന്റെ പ്രതിഭ എത്രത്തോളമുണ്ടെന്നു നമ്മളെല്ലാം കണ്ടു കഴിഞ്ഞതാണ്. 23 വയസ്സ് മാത്രമേ സായിക്കുള്ളൂ. ദീര്‍ഘകാലം ഇന്ത്യക്കായി കളിക്കാനും പെര്‍ഫോം ചെയ്യാനും അവനു സാധിക്കുമെന്നും ചോപ്ര ചൂണ്ടിക്കാട്ടി.
2, 3 താരങ്ങള്‍ ഇവര്‍
ഇന്ത്യന്‍ ടീം വളര്‍ത്തിയെടുക്കേണ്ട രണ്ടാമത്തെയാളായി ആകാശ് ചോപ്ര ചൂണ്ടിക്കാട്ടിയത് റുതുരാജ് ഗെയ്ക്വാദിനെയാണ്. വളരെയധികം താല്‍പ്പര്യമുണര്‍ത്തുന്ന കളിക്കാരനാണ് റുതുരാജ്. മികച്ച ബാറ്റിങ് ടെക്‌നിക്കാണ് അവനുള്ളത്. പക്ഷെ ഏതു നമ്പറിലെ ബാറ്ററാണ് റുതുരാജെന്നു എനിക്കു ഇനിയും മനസ്സിലായിട്ടില്ല.
കാരണം മഹാരാഷ്ട്രയ്ക്കായി റെഡ് ബോളില്‍ കളിക്കുമ്പോള്‍ ഓപ്പണ്‍ ചെയ്യാറില്ല. എന്നാല്‍ ഇന്ത്യ എ ടീമിനായി ഓപ്പണറായുമായാണ് താരം കളിക്കാറുള്ളത്. കെഎല്‍ രാഹുലെത്തുമ്പോള്‍ റുതുരാജ് ഓപ്പണിങില്‍ നിന്നും താഴേക്കു ഇറങ്ങുകയും ചെയ്യുന്നു.
എങ്ങനെയാണ് അവനെ ഉപയോഗിക്കുന്നതെന്നു മനസ്സിലാവുന്നില്ല. അധികം അവസരങ്ങളും കിട്ടുന്നില്ല. ടി20യില്‍ ഇന്ത്യക്കായി റണ്ണടിച്ചിട്ടും റുതുരാജ് തഴയപ്പെട്ടു. ടെസ്റ്റില്‍ കളിക്കാനും വലിയ ഇന്നിങ്‌സുകള്‍ കളിക്കാനുമുള്ള മിടുക്ക് അവനുണ്ടെന്നു ബാറ്റിങ് കാണുമ്പോള്‍ തോന്നാറുണ്ടെന്നും ചോപ്ര പറയുന്നു.

മൂന്നാമത്തെ താരമായി അദ്ദേഹം തിരഞ്ഞെടുത്തത് മറുനാടന്‍ മലയാളിയും ഇടംകൈയന്‍ ബാറ്ററുമായ ദേവ്ദത്ത് പടിക്കലിനെയാണ്. വളരെ നല്ല ക്രിക്കറ്ററായിട്ടാണ് അവനെ എനിക്കു തോന്നിയിട്ടുള്ളത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും വിജയ് ഹസാരെ ട്രോഫിയിലുമെല്ലാം മികച്ച റെക്കോര്‍ഡാണ് ദേവ്ദത്തിന്റേത്.
അവന്‍ ഒരു സ്‌പെഷല്‍ പ്ലെയര്‍ തന്നെയാണ്. ഐപിഎല്ലില്‍ അടുത്തിടെ അത്ര നന്നായി പെര്‍ഫോം ചെയ്യാതിരുന്നതു കൊണ്ടു മാത്രം ദേവ്ദത്ത് മോശം ബാറ്ററാവുന്നില്ല. അവനു ഇന്ത്യക്കായി നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കുമോയെന്നാണ് നമ്മള്‍ നോക്കേണ്ടത്. അതിനുള്ള കഴിവ് താരത്തിനുണ്ടെന്നു താന്‍ കരുതുന്നതായും ചോപ്ര വ്യക്തമാക്കി.
അവസാനത്തെ രണ്ടു പേര്‍
അഞ്ചു ഭാവി വാഗ്ദാനങ്ങളുടെ ലിസ്റ്റില്‍ അവസാനത്തെ രണ്ടു പേരായി ആകാശ് ചോപ്ര തിരഞ്ഞെടുത്തത് വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍, ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ് എന്നിവരെയാണ്. ജുറേലിനെ ഇതിനകം തന്നെ ഇന്ത്യ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞതായിട്ടാണ് തോന്നുന്നത്. വിക്കറ്റ് കീപ്പറായി മാത്രമല്ല, സ്‌പെഷ്യലിസ്റ്റ് ബാറ്ററായി കളിക്കാന്‍ സാധിക്കുന്നയാളാണ് അവന്‍.
കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യന്‍ എ ടീമിലെ മറ്റുള്ളവരെല്ലാം പതറിയപ്പോള്‍ എത്ര മികച്ച ഇന്നിങ്‌സാണ് ജുറേല്‍ കാഴ്‌ച വച്ചത്. ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ ആ തരത്തില്‍ ബാറ്റ് ചെയ്യുകയെന്നത് എളുപ്പമല്ലെന്നും ചോപ്ര നിരീക്ഷിച്ചു.
റിയാന്‍ പരാഗാണ് ഞാന്‍ തിരഞ്ഞെടുക്കുന്ന അഞ്ചാമത്തെയാള്‍. അസമിനായി മികച്ച പ്രകടനമാണ് അവന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യക്കു വേണ്ടിയും ഒരുപാട് റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ അവനു കഴിയും. അക്കാര്യത്തില്‍ സംശയമില്ല.
ബാറ്റിങ് മാത്രമല്ല, ബൗളിങും ചെയ്യാന്‍ സാധിക്കുന്നയാളാണ് പരാഗ്. ഇന്ത്യന്‍ എ ടീമില്‍ സ്ഥിരമായി അവസരങ്ങള്‍ നല്‍കി അവന്റെ പ്രകടനം ആദ്യം വിലയിരുത്തൂ. സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ സാധിക്കുന്നുണ്ടെങ്കില്‍ സീനിയര്‍ ടീമിലേക്കും കൊണ്ടു വരൂയെന്നും ചോപ്ര ആവശ്യപ്പെട്ടു.