20 പന്തില്‍ 102!! ഇത് സൂപ്പര്‍ സാഹ... ഗെയ്‌ലിനെ കടത്തിവെട്ടി
കൊല്‍ക്കത്ത: ഐപിഎല്ലിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ എതിര്‍ ടീമുകള്‍ക്കു മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയുടെ അവിശ്വസനീയ പ്രകടനം. ക്ലബ്ബ് മല്‍സരത്തില്‍ മോഹന്‍ ബഗാനു വേണ്ടി വെറും 20 പന്തില്‍ പുറത്താവാതെ 102 റണ്‍സ് അടിച്ചുകൂട്ടിയാണ് സാഹ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചത്. ജെസി മുഖര്‍ജി ട്രോഫി ട്വന്റി20 ടൂര്‍ണമെന്റില്‍ ബിഎന്‍ആര്‍ റിക്രിയേഷന്‍ ക്ലബ്ബിനെതിരേയായിരുന്നു 33 കാരന്റെ കണ്ണഞ്ചിപ്പിക്കുന്ന ഇന്നിങ്‌സ്.

മല്‍സരത്തില്‍ 152 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ബഗാന്‍ കേവലം ഏഴോവറില്‍ തന്നെ വിക്കറ്റ് നഷ്ടമില്ലാതെ ജയിച്ചുകയറി. ഓപ്പണര്‍ കൂടിയായ സാഹ ഏറക്കുറെ ഒറ്റയ്ക്കാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 20 പന്തില്‍ 14 കൂറ്റന്‍ സിക്‌സറുകളും നാലു ബൗണ്ടറികളുമടങ്ങിയതായിരുന്നു സാഹയുടെ ഇന്നിങ്‌സ്. 12 പന്തില്‍ 50 റണ്‍സ് തികച്ച അദ്ദേഹം ഒരോവറിലെ ആറു പന്തും സിക്‌സറിലേക്ക് പായിച്ചാണ് ബഗാന്റെ വിജയം പൂര്‍ത്തിയാക്കിയത്.

ഒരു പ്രൊഫഷണല്‍ ട്വന്റി20 മല്‍സരത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ പേരിലായിരുന്നു. 2013 ലെ ഐപിഎല്ലില്‍ 30 പന്തിലായിരുന്നു ഗെയ്ല്‍ മൂന്നക്കം കടന്നത്.
തന്റേത് റെക്കോര്‍ഡാണോയെന്ന് അറിയില്ലെന്നും വ്യത്യസ്തമായ ഷോട്ടുകകള്‍ കളിക്കാനാണ് ശ്രമിച്ചതെന്നും മല്‍സരശേഷം സാഹ പറഞ്ഞു. ഐപിഎല്ലിന്റെ പുതിയ സീസണില്‍ ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടിയാണ് താരം കളിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications