Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹര്‍ഭജന്റെയും അശ്വിന്റെയും ബൗളിങ് ആക്ഷന്‍ നിയമവിരുദ്ധം! വിലക്കണമായിരുന്നു- സായീദ് അജ്മല്‍

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ സൂപ്പര്‍ സ്പിന്നര്‍മാരിലൊരാളായിരുന്നു സായീദ് അജ്മല്‍. ഗൂഗ്ലികൊണ്ട് ബാറ്റ്‌സ്മാനെ വിറപ്പിക്കുന്ന സായീദ് അജ്മല്‍ വിവാദങ്ങളുടെ കോളങ്ങളിലും നിരവധി തവണ പേരുചേര്‍ത്തിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെ പല പ്രമുഖ ബാറ്റ്‌സ്മാന്‍മാരെയും പ്രയാസപ്പെടുത്തിയ അദ്ദേഹത്തിന് പക്ഷെ വലിയൊരു കരിയര്‍ നേടിയെടുക്കാനായില്ല. നിയമവിരുദ്ധ ബൗളിങ് ആക്ഷന്റെ പേരില്‍ ഉള്‍പ്പെടെ നടപടി നേരിട്ടതോടെ അജ്മലിന്റെ കരിയര്‍ പ്രതീക്ഷിച്ച ഉന്നതിയിലേക്കെത്തിയില്ല.

വിരമിച്ച ശേഷം ക്രിക്കറ്റില്‍ നിന്ന് മാറി നില്‍ക്കുന്ന അജ്മല്‍ ഇപ്പോഴിതാ വിവാദ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. പല പ്രമുഖ ബൗളര്‍മാരും പന്തെറിയുന്നത് നിയമ വിരുദ്ധ ബൗളിങ് ആക്ഷനിലൂടെയാണെന്നും ഇവരെയെല്ലാം ഐസിസി വിലക്കണമായിരുന്നുവെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഹര്‍ഭജന്‍ സിങ്, ആര്‍ അശ്വിന്‍ എന്നിവരുടെയെല്ലാം ബൗളിങ് ആക്ഷന്‍ നിയമ വിരുദ്ധമാണെന്നാണ് അജ്മല്‍ ആരോപിക്കുന്നത്.

'നിയമ വിരുദ്ധ ബൗളിങ് ആക്ഷനുള്ള 20-25 താരങ്ങളുടെ പട്ടിക നിങ്ങള്‍ക്ക് ഞാന്‍ നല്‍കാം. 400-500 വിക്കറ്റുനേടിയ ബൗളര്‍മാരടക്കം ഇതില്‍ ഉള്‍പ്പെടും. ആര്‍ അശ്വിന്‍, ഹര്‍ഭജന്‍ സിങ്, സുനില്‍ നരെയ്ന്‍, മുത്തയ്യ മുരളീധരന്‍ എന്നിവരെല്ലാം ഇതില്‍ ഉള്‍പ്പെടും. പേസ് ബൗളര്‍മാരില്‍ ആംബ്രോസ് ഉള്‍പ്പെടെ പലരും ഈ പട്ടികയിലുണ്ട്. ഇവരെല്ലാം പന്തെറിയുമ്പോള്‍ കൈ നന്നായി മടക്കുന്നുണ്ട്. ഇവരുടെയെല്ലാം ബൗളിങ് ആക്ഷന്‍ നിയമ വിരുദ്ധമാണ്'- അജ്മല്‍ പറഞ്ഞു.

സായീദ് അജ്മലിന്റെ ബൗളിങ് ആക്ഷനെതിരേ പല തവണ വിമര്‍ശനം ഉയര്‍ന്നിട്ടുള്ളതാണ്. 2014ലെ ശ്രീലങ്ക-പാകിസ്താന്‍ പരമ്പരയ്ക്കിടെയാണ് അജ്മലിന്റെ ആക്ഷനെതിരേ നടപടിയുണ്ടാവുന്നത്. ഇതിനെത്തുടര്‍ന്ന് താരത്തിന് വിലക്ക് നേരിടേണ്ടി വന്നു. താരത്തിന്റെ ബൗളിങ് ആക്ഷന്‍ പരിശോധിക്കുമ്പോള്‍ കൈ കൃത്യമായി മടങ്ങുന്നത് വ്യക്തമാണ്. പിന്നീട് ബൗളിങ് ആക്ഷനില്‍ മാറ്റം വരുത്തി അദ്ദേഹം തിരിച്ചുവന്നെങ്കിലും വലിയ മികവുകാട്ടാന്‍ സാധിക്കാതെ പോയി. ഇതോടെ ടീമില്‍ നിന്ന് തഴയപ്പെട്ടു.

saeed ajmal

മുത്തയ്യ മുരളീധരന്റെ ബൗളിങ് ആക്ഷനില്‍ കൈ മടങ്ങുന്നത് വ്യക്തമാണെന്നും അദ്ദേഹം വിരമിച്ച ശേഷമാണ് നിയമത്തില്‍ മാറ്റംകൊണ്ടുവന്നതെന്നും അജ്മല്‍ ആരോപിച്ചു. 'എനിക്ക് ആരോഗ്യപരമായ ചില പ്രശ്‌നങ്ങളുണ്ട്. എന്റെ തോളും കൈക്കുഴയുമൊന്നും കൃത്യമായി പ്രവര്‍ത്തിക്കില്ല. 90 ഡിഗ്രിയില്‍ ഒരാളുടെ തോള് വളച്ചാല്‍ കൈയുയര്‍ത്തുമ്പോള്‍ വളയാതെ നിവര്‍ത്താനാവില്ല. എന്നാല്‍ ആരോഗ്യ പ്രശ്‌നമുണ്ടായിട്ടും ഞാന്‍ കൃത്യമായാണ് പന്തെറിഞ്ഞത്.

ഏറെക്കാലം ഞാന്‍ ഇങ്ങനെയാണ് കളിച്ചത്. 448 അന്താരാഷ്ട്ര വിക്കറ്റുകള്‍ നേടിയ ശേഷമാണ് എന്റെ ബൗളിങ് ആക്ഷന്‍ നിയമവിരുദ്ധമാണെന്ന് അവര്‍ക്ക് തോന്നിയത്. ശ്രീലങ്കയില്‍വെച്ച് ആരോപണം ഉയര്‍ന്നപ്പോള്‍ ആരോഗ്യ അവസ്ഥയെക്കുറിച്ച് റഫറിയെ ബോധ്യപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാനാവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോള്‍ മുത്തയ്യ മുരളീധരന്‍ വിരമിച്ചതോടെ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ പരിഗണിക്കുന്നത് അവസാനിപ്പിച്ചുവെന്നും ഈ നിയമം മാറ്റിയെന്നുമാണ് അദ്ദേഹം പറഞ്ഞത്'- അജ്മല്‍ പറഞ്ഞു. മുത്തയ്യ മുരളീധരന്റെ കരിയറിന്റെ ആദ്യ സമയത്ത് ബൗളിങ് ആക്ഷന്‍ ചോദ്യമുയര്‍ത്തിയിരുന്നു. അന്ന് ഫീല്‍ഡ് അംപയര്‍ തുടര്‍ച്ചയായി നോബോള്‍ വിളിച്ചത് വലിയ വിവാദമായിരുന്നു. എന്നാല്‍ പിന്നീട് പരിശോധനയില്‍ പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തുകയായിരുന്നു.

എന്നാല്‍ അജ്മലിന്റെ ബൗളിങ് ആക്ഷനില്‍ കൈ കൂടുതല്‍ മടങ്ങുന്നുണ്ടെന്നത് വ്യക്തമാണ്. പക്ഷെ മറ്റുള്ളവര്‍ക്കെതിരേ സ്വീകരിക്കാത്ത നടപടിയാണ് തനിക്കെതിരേ സ്വീകരിച്ചതെന്നും ഹര്‍ഭജനേയും അശ്വിനേയും മുരളീധരനേയുമെല്ലാം ഐസിസി വിലക്കണമായിരുന്നുവെന്നും തന്നോട് മാത്രമായി വിവേചനപരമായ നടപടിയാണ് സ്വീകരിച്ചതെന്നുമാണ് അജ്മല്‍ പറയുന്നത്.

35 ടെസ്റ്റില്‍ നിന്ന് 178 വിക്കറ്റും 113 ഏകദിനത്തില്‍ നിന്ന് 184 വിക്കറ്റും 64 ടി20യില്‍ നിന്ന് 85 വിക്കറ്റും അജ്മല്‍ വീഴ്ത്തിയിട്ടുണ്ട്. 2008ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കെത്തിയ അജ്മലിന് 2015ഓടെ വിരമിക്കേണ്ടി വന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലായിരുന്നു താന്‍ കളിച്ചിരുന്നതെങ്കില്‍ 1000 വിക്കറ്റെങ്കിലും നേടാന്‍ തനിക്ക് സാധിക്കുമായിരുന്നുവെന്നാണ് അജ്മല്‍ അഭിപ്രായപ്പെട്ടത്.

Story first published: Sunday, July 2, 2023, 10:06 [IST]
Other articles published on Jul 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+