ബെംഗളൂരു: മുന്‍ ഇതിഹാസ ക്രിക്കറ്റര്‍മാര്‍ അണിനിരന്ന പ്രദര്‍ശന ടി20 മല്‍സരത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിച്ച ടീം കിരീടം ചൂടി. വണ്‍ വേള്‍ഡ് വണ്‍ ഫാമിലി കപ്പിനായുള്ള പോരാട്ടത്തില്‍ ത്രില്ലിങ് വിജയമാണ് സച്ചിനും സംഘവും സ്വന്തമാക്കിയത്. റണ്‍ ചേസിനൊടുവില്‍ സച്ചിന്റെ വണ്‍ വേള്‍ഡ് ടീം ആറു വിക്കറ്റിനു യുവരാജ് സിങിന്റെ വണ്‍ ഫാമിലി ടീമിനെ മറികടക്കുകയായിരുന്നു.
അവസാന ഓവറിലേക്കു നീണ്ട കളിയില്‍ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനാണ് സിക്‌സറിലൂടെ വണ്‍ വേള്‍ഡ് ടീമിന്റെ വിജയ റണ്‍സ് കുറിച്ചത്. മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യൂസുഫ് പഠാനാണ് നിര്‍ണായകമായ 20ാമത്തെ ഓവര്‍ യുവരാജ് നല്‍കിയത്. ഏഴു റണ്‍സായിരുന്നു സച്ചിന്റെ ടീമിനു ജയിക്കാന്‍ വേണ്ടിയിരുന്നത്.

ഇര്‍ഫാനോടൊപ്പം മുന്‍ ശ്രീലങ്കന്‍ സ്പിന്നര്‍ അജന്ത മെന്‍ഡിസായിരുന്നു ക്രീസില്‍. ആദ്യത്തെ നാലു ബോളില്‍ നാലു റണ്‍സാണ് ഇരുവരും കൂടി നേടിയത്. ടീമിനു ജയിക്കാന്‍ അവസാന രണ്ടു ബോളില്‍ നിന്നും മൂന്നു റണ്‍സ് വേണമന്നിരിക്കെ അഞ്ചാമത്തെ ബോള്‍ ക്രീസിനു പുറത്തേക്കിറങ്ങി ഇര്‍ഫാന്‍ സിക്‌സറിലേക്കു പറത്തുകയായികുന്നു.
181 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് യുവിയും സംഘവും സച്ചിന്റെ ടീമിനു നല്‍കിയത്. മൂന്നാം നമ്പറില്‍ ഇറങ്ങിയ മുന്‍ സൗത്താഫ്രിക്കന്‍ താരം അല്‍വിറോ പീറ്റേഴ്‌സനാണ് തകര്‍പ്പന്‍ ഫിഫ്റ്റിയോടെ ടീമിന്റെ വിജയശില്‍പ്പിയായി മാറിയത്. 50 ബോളില്‍ അഞ്ചു ഫോറും മൂന്നു സിക്‌സറുമടക്കം 74 റണ്‍സ് അടിച്ചെടുത്ത പീറ്റേഴ്‌സന്‍ ടീമിന്റെ വിജയമുറപ്പാക്കിയാണ് ക്രീസ് വിട്ടത്.
ആരാധകര്‍ കാത്തിരുന്ന സച്ചിന്‍ മോശമാക്കിയില്ല. 16 ബോളില്‍ മൂന്നു ഫോറും ഒരു സിക്‌സറുമടക്കം അദ്ദേഹം 27 റണ്‍സ് നേടി ക്രീസ് വിടുകയായിരുന്നു. ശ്രീലങ്കയുടെ മുന്‍ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരനായിരുന്നു വിക്കറ്റ്. സച്ചിന്റെ ഓപ്പണിങ് പങ്കാളിയായ വിക്കറ്റ് കീപ്പര്‍ നമാന്‍ ഓജ 18 ബോളില്‍ നാലു ഫോറുകളടക്കം 25 റണ്‍സെടുത്തു.
20 ബോളില്‍ മൂന്നു ഫോറും ഒരു സിക്‌സറുമുള്‍പ്പെടെ 29 റണ്‍സ് നേടിയ ശ്രീലങ്കയുടെ മുന്‍ ഓപ്പണര്‍ ഉപുല്‍ തരംഗയാണ് മറ്റൊരു പ്രധാന സ്‌കോറര്‍. ഇര്‍ഫാന്‍ പഠാന്‍ അഞ്ചു ബോളില്‍ പുറത്താവാതെ 12 റണ്‍സുമെടുത്തു.

Screenshot
യുവിയുള്‍പ്പെടെ ഏഴു ബൗളര്‍മാരാണ് ഈ മല്‍സരത്തില്‍ വണ്‍ ഫാമിലിക്കായി ബൗള്‍ ചെയ്തത്. ഇവരില്‍ മിന്നിച്ചത് ശ്രീലങ്കയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ചാമിന്ദ വാസായിരുന്നു. മൂന്നി വിക്കറ്റുകളാണ് കളിയില്‍ അദ്ദേഹം വീഴ്ത്തിയത്. മുരളി, യുവി, ജാസണ്‍ ക്രേസ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തേ ആറു വിക്കറ്റ് നഷ്ടത്തിലാണ് വണ്‍ ഫാമിലി 20 ഓവറില്‍ ആറു വിക്കറ്റിനു 180 റണ്‍സെന്ന മികച്ച ടോട്ടല്‍ നേടിയത്. ഓപ്പണറായി കളിച്ച മുന്‍ ഇംഗ്ലണ്ട് താരം ഡാരന്‍ മാഡിയുടെ (51) ഫിഫ്റ്റിയാണ് അവരുടെ ഇന്നിങ്‌സിനു കരുത്തായത്. 41 ബോളുകള്‍ നേരിട്ട താരം എട്ടു ഫോറുകളടിച്ചു. സച്ചിന്റെ ബൗളിങില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങിയാണ് മാഡി പുറത്താത്.
യൂസുഫ് പഠാന്‍ (38), യുവരാജ് (23), മുന്‍ ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ റൊമേഷേ് കലുവിതരണ (22) എന്നിവരും വണ്‍ ഫാമിലിക്കായി മികച്ച സംഭാവനയേകി. വെറും 24 ബോളിലാണ് യൂസുഫ് 38 റണ്‍സിലെത്തിയത്. നാലു സിക്‌സറും ഒരു ഫോറുമുള്‍പ്പെടെയാണിത്. യുവരാജ് 10 ബോളില്‍ രണ്ടു വീതം ഫോറും സിക്‌സറുകളും പറത്തി.