Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകത്തിലെ വേഗമേറിയ ബൗളറാവാന്‍ സച്ചിന്‍ ആഗ്രഹിച്ചു! പരിശീലനവും നടത്തി- അജയ് ജഡേജ

ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെക്കുറിച്ച് വെളിപ്പെടുത്തലുമായി മുന്‍ ടീമംഗവും സൂപ്പര്‍ താരവുമായിരുന്ന അജയ് ജഡേജ. സച്ചിന്‍ ബാറ്റ്‌സ്മാന്‍ ആവാന്‍ ആയിരുന്നില്ല മറിച്ച് ലോകത്തിലെ ഏറ്റവും വേഗമേറിയ ഫാസ്റ്റ് ബൗളറാവാനാണ് കരിയറിന്റെ തുടക്ക കാലത്ത് ആഗ്രഹിച്ചിരുന്നതെന്നു ജഡേജ പറയുന്നു. എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍ ഇതിനു വേണ്ടി സച്ചിന്‍ പരിശീലനം നടത്തിയിരുന്നുവെന്നും ഇവിടെ വച്ചാണ് അദ്ദേഹത്തെ ആദ്യമായി നേരില്‍ കണ്ടതെന്നും ജഡേജ വ്യക്തമാക്കി.

ഗൗരവ് കപൂറുമായുള്ളള 22 യാണ്‍സ് എന്ന ഷോയില്‍ വന്നപ്പോഴാണ് ജഡേജ മനസ്സ് തുറന്നത്. നിലവില്‍ ഡോണ്‍ ബ്രാഡ്മാന്‍ കഴിഞ്ഞാല്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മഹാനായ ബാറ്റ്‌സ്മാനെന്നാണ് സച്ചിന്‍ വിശേഷിപ്പിക്കപ്പെടുന്നത്. ബാറ്റിങില്‍ അദ്ദേഹത്തിനു മുന്നില്‍ വഴിമാറിയിട്ടില്ലാത്ത റെക്കോര്‍ഡുകള്‍ അപൂര്‍വ്വമായിരുന്നു. സച്ചിന്റെ പല റെക്കോര്‍ഡുകളും ഇപ്പോള്‍ ഇളക്കം തട്ടാതെ തുടരുകയാണ്.

ഫാസ്റ്റ് ബൗളിങ് ഇഷ്ടപ്പെട്ട സച്ചിന്‍

സച്ചിന് ഫാസ്റ്റ് ബൗളര്‍മാരോട് വലിയ ആരാധനയായിരുന്നു. അതുകൊണ്ടു തന്നെ ലോകത്തിലെ ഏറ്റവും വേഗമേറിയ ബൗളറായി പേരെടുക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നവെന്ന് ജഡേജ പറയുന്നു.
ഫാസ്റ്റ് ബൗളറാവുകയെന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ സച്ചിന് ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഈ ആഗ്രഹം നടക്കാതിരുന്നതോടെയാണ് സച്ചിന്‍ ബാറ്റിങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. സ്‌പോര്‍ട്‌സില്‍ എല്ലായ്‌പ്പോഴും ഇങ്ങനെയാണെന്നും ജഡേജ വ്യക്തമാക്കി.

കുംബ്ലെയും ഫാസ്റ്റ് ബൗളറായി തുടങ്ങി

ഇന്ത്യയുടെ സ്പിന്‍ ഇതിഹാസവും മുന്‍ ക്യാപ്റ്റനും കോച്ചുമൊക്കെ ആയിരുന്ന അനില്‍ കുംബ്ലെയും തുടക്കകാലത്ത് ഫാസ്റ്റ് ബൗളറാവാന്‍ ആയിരുന്നു താല്‍പര്യപ്പെട്ടിരുന്നതെന്നു ജഡേജ പറഞ്ഞു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേട്ടം കൊയ്തിട്ടുള്ള ഏതു തന്നെ താരത്തെയെടുത്താലും അവരെല്ലാം കുട്ടിക്കാലത്ത് ഫാസ്റ്റ് ബൗളര്‍മാരാവാന്‍ ആഗ്രഹിച്ചവരായിരിക്കും. കാരണം വേഗമേറിയ പന്തെറിയുമ്പോള്‍ ഒരു താരത്തിന് ലഭിക്കുന്ന ആഹ്ലാദം അത്രയും അധികമാണ്. എല്ലാ മനുഷ്യനും വേഗത്തില്‍ പന്തെറിയാനും വേഗത്തില്‍ ഓടാനും ആഗ്രഹിക്കുന്നവരാണെന്നും ജഡേജ കൂട്ടിച്ചേര്‍ത്തു.

ഗാംഗുലിയും അങ്ങനെ തന്നെ

ഇന്ത്യയുടെ മുന്‍ നായകനും ഇപ്പോള്‍ ബിസിസിഐയുടെ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയും ഫാസ്റ്റ് ബൗളറാവാന്‍ ആഗ്രഹിച്ചയാളാണെന്ന് ജഡേജ വെളിപ്പെടുത്തി. കരിയറില്‍ നേടിയ സെഞ്ച്വറികള്‍, ഫാസ്റ്റ് ബൗളിങ് ഇവയില്‍ ഏതെടുക്കുമെന്ന് ദാദയോട് ചോദിച്ചാല്‍ രണ്ടാമത്തേത് ആയിരിക്കും അദ്ദേഹം തിരഞ്ഞെടുക്കുക. ക്രിക്കറ്റിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം ഫാസ്റ്റ് ബൗളിങ് തന്നെയാണ്. ഇതു തന്നെയാണ് ഞങ്ങളെല്ലാം ആദ്യ കാലത്ത് ചെയ്യാന്‍ ആഗ്രഹിക്കുന്നത്. ഇതിനു സാധിക്കാതെ പിന്നീട് തന്നെക്കൊണ്ട് സാധിക്കുന്ന റോളിലേക്കു എല്ലാവരും മാറുകയാണെന്നും ജഡേജ പറഞ്ഞു.

സച്ചിനെ ആദ്യമായി നേരില്‍ കണ്ടത്

ചെന്നൈയില്‍ എംആര്‍എഫ് ഫൗണ്ടേഷന് തുടക്കം കുറിക്കുന്നതിന് മുമ്പായിരുന്നു സച്ചിനെ ആദ്യമായി നേരില്‍ കണ്ടതെന്നു ജഡേജ സൂചിപ്പിച്ചു. 1987ല്‍ എംആര്‍എഫ് ഫൗണ്ടേഷന്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് അവര്‍ ഇന്ത്യയിലെ എല്ലാ ഭാഗത്തു നിന്നുള്ള ഫാസ്റ്റ് ബൗളര്‍മാരെ ഇവിടേക്ക് ക്ഷണിച്ചിരുന്നു. അക്കൂട്ടത്തില്‍ സച്ചിനുമുണ്ടായിരുന്നു.
സൗരവും അന്നു കാംപില്‍ പങ്കെടുത്തിരുന്നുവെന്നാണ് തോന്നുന്നത്. തങ്ങള്‍ക്കു പരിചയമുള്ള പ്രതിഭാശികളായ താരങ്ങളെ ചെന്നൈയിലേക്ക് അയക്കാന്‍ അവര്‍ എല്ലാ കോച്ചുമാരെയും ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. താനും സച്ചിനുമെല്ലാം നെറ്റ്‌സില്‍ ഫാസ്റ്റ് ബൗളര്‍മാരായി പന്തെറിഞ്ഞതായും ജഡേജ കൂട്ടിച്ചേര്‍ത്തു.

സച്ചിന്‍ കഠിനമായി ശ്രമിച്ചു

അന്നു എംആര്‍എഫ് ഫൗണ്ടേഷനില്‍ വച്ച് സച്ചിന്‍ ഫാസ്റ്റ് ബൗളറാവാന്‍ കഠിന പ്രയത്‌നമാണ് നടത്തിയത്. ക്യാംപിലെ അവസാന ദിവസം വരെ, ശരീരം അനുവദിക്കുന്ന അത്രയും സമയം അദ്ദേഹം ഇത് തുടരുകയും ചെയ്തു. ഫാസ്റ്റ് ബൗളറാവണമെന്ന് അത്രയുമധികം സച്ചിന്‍ ആഗ്രഹിച്ചിരുന്നു.
ബൗളിങിനു ഒരു പ്രത്യേകതയുണ്ട്. കളിക്കളത്തില്‍ അടുത്തതായി എന്ത് ആക്ഷന്‍ നടക്കുമെന്ന് തീരുമാനിക്കുന്നത് ബൗളറാണ്. ബാറ്റ്‌സ്മാന് ഒരിക്കലും അതിനു കഴിയില്ല. മറിച്ച് ബൗളറുടെ ആക്ഷനോട് പ്രതികരിക്കാന്‍ മാത്രമേ ബാറ്റ്‌സ്മാന് സാധിക്കൂയെന്നും ജഡേജ ചൂണ്ടിക്കാട്ടി.

സ്പിന്നറായി സച്ചിന്‍

ഫാസ്റ്റ് ബൗളറാവുകയെന്ന സ്വപ്‌നം യാഥാര്‍ഥ്യമാവില്ലെന്നു ബോധ്യമായതോടെ ബാറ്റിങില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സച്ചിന്‍ പക്ഷെ ബൗളിങിനോടുള്ള പ്രണയം ഉപേക്ഷിച്ചിരുന്നില്ല. വേഗമേറിയ ബൗളറാവാന്‍ കഴിഞ്ഞില്ലെങ്കിലും സ്പിന്നറായി അദ്ദേഹം വിക്കറ്റുള്‍ കൊയ്തു. ടെസ്റ്റില്‍ 46ഉം ഏകദിനത്തില്‍ 154ഉം ടി20യില്‍ ഒരു വിക്കറ്റും സച്ചിന്‍ നേടിയിട്ടുണ്ട്. ഓഫ്‌സ്പിന്‍, ലെഗ് സ്പിന്‍ എന്നിവയാണ് അദ്ദേഹം പരീക്ഷിച്ചിരുന്നത്. കരിയറിന്റെ തുടക്കകാലത്ത് സീം ബൗളറായി ടീമിനു ചില ബ്രേക്ക്ത്രൂകള്‍ നല്‍കാനും സച്ചിന് സാധിച്ചിട്ടുണ്ട്.

Story first published: Wednesday, June 24, 2020, 15:49 [IST]
Other articles published on Jun 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+