അരങ്ങേറ്റത്തില്‍ ഡെക്ക്, പിന്നീട് സൂപ്പര്‍ താരം!- ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെ അറിയാം
ഇന്ത്യന്‍ ടീമിനു വേണ്ടി കളിക്കുകയെന്നത് ക്രിക്കറ്റിനെ കരിയര്‍ ആക്കിയെടുക്കുന്ന ഓരോ താരത്തിന്റെയും ഏറ്റവും വലിയ സ്വപ്‌നമാണ്. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമായി എന്തൊക്കെ നേട്ടങ്ങള്‍ കൈവരിച്ചാലും ഇന്ത്യന്‍ ടീമിനായി പെര്‍ഫോം ചെയ്യുന്നതിനേക്കാള്‍ മഹത്തായി ഇവര്‍ക്കു ഒന്നും തന്നെയില്ല. എന്നാല്‍ വളരെ കുറച്ചു പേര്‍ക്കു മാത്രമേ തങ്ങളുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ഭാഗ്യം ലഭിക്കാറുള്ളൂ. പ്രതിഭയുണ്ടായിട്ടും ഒരിക്കല്‍പ്പോലും ഇന്ത്യന്‍ കുപ്പായമണിയാന്‍ കഴിയാതെ പോയ ഒരുപാട് ക്രിക്കറ്റര്‍മാരുണ്ട്.
ദേശീയ ടീമിനു വേണ്ടി അരങ്ങേറ്ററ മല്‍സരത്തില്‍ പതറിപ്പോയ ശേഷം പിന്നീട് സൂപ്പര്‍ താരങ്ങളായി മാറിയ ചിലരെ നമുക്കു കാണാന്‍ കഴിയും. ഏകദിന അരങ്ങേറ്റത്തില്‍ ഡെക്കായ ശേഷം ഉയരങ്ങള്‍ കീഴടക്കിയ ചില ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍
മുന്‍ ബാറ്റിങ് വിസ്മയവും ലോകം കണ്ട എക്കാലത്തെയും മഹാനായ ബാറ്റിങ് ഇതിഹാസങ്ങളിലൊരാളുമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അരങ്ങേറ്റ മല്‍സരത്തില്‍ പൂജ്യത്തിന് പുറത്തായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദൈവമെന്നു വിശേഷിപ്പിക്കപ്പെടുന്ന സച്ചിന്‍ ചിരവൈരികളായ പാകിസ്താനെതിരേ അവരുടെ നാട്ടിലായിരുന്നു കന്നി ഏകദിനം കളിച്ചത്. നേരിട്ട രണ്ടാമത്തെ ബോളില്‍ തന്നെ മുന്‍ ഇതിഹാസ പേസര്‍ വഖാര്‍ യൂനിസ് അദ്ദേഹത്തിന് പൂജ്യത്തിനു പുറത്താക്കുകയും ചെയ്തു. മല്‍സരത്തില്‍ ഇന്ത്യ ഏഴു റണ്‍സിനു തോറ്റിരുന്നു.

ശിഖര്‍ ധവാന്‍
നിശ്ചിത ഓവര്‍ ടീമില്‍ നിലവിലെ സ്ഥിരം സാന്നിധ്യമായ ശിഖര്‍ ധവാന്റെയും തുടക്കം പൂജ്യത്തോടെയായിരുന്നു. 2010ല്‍ കരുത്തരായ ഓസ്‌ട്രേലിയക്കെതിരേ വിശാഖപട്ടണത്താണ് ധവാന്‍ ഇന്ത്യക്കു വേണ്ടി ആദ്യമായി ഇറങ്ങിയത്. ക്ലിന്റ് മക്കെയുടെ ബോളില്‍ അദ്ദേഹം ബൗള്‍ഡായി മടങ്ങുകയായിരുന്നു. ഇന്നിങ്‌സില്‍ ധവാന്‍ നേരിട്ട രണ്ടാമത്തെ ബോളായിരുന്നു ഇത്. കളിയില്‍ ഇന്ത്യ അഞ്ചു വിക്കറ്റിന്റെ വിജയം കൊയ്തിരുന്നു.

വസീം ജാഫര്‍
ഇന്ത്യന്‍ ടീമിനൊപ്പം അധികം അവസരങ്ങള്‍ ലഭിച്ചില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസ ബാറ്റ്‌സ്മാനായിരുന്നു ഓപ്പണര്‍ വസീം ജാഫര്‍. 2006ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു ജാഫര്‍ ഏകദിന അരങ്ങേറ്റം നടത്തിയത്. ഈ മല്‍സരത്തില്‍ ഇതിഹാസ പേസര്‍ ഷേണ്‍ പൊള്ളോക്ക് ജാഫറിനെ പൂജ്യത്തിനു പുറത്താക്കി. തുടക്കത്തിലേറ്റ ഈ പ്രഹരം ഇന്ത്യക്കു വലിയ തിരിച്ചടിയാവുകയും മല്‍സരത്തില്‍ ഇന്ത്യ 157 റണ്‍സിനു തോല്‍ക്കുകയും ചെയ്തു.

എംഎസ് ധോണി
മുന്‍ ഇതിഹാസനായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ അരങ്ങേറ്റവും ഡെക്കില്‍ കലാശിച്ചിരുന്നു. ബംഗ്ലാദേശിനെതിരേയായിരുന്നു അദ്ദേഹം ഏകദിന അരങ്ങേറ്റം നടത്തിയത്. ബാറ്റിങില്‍ ലോവര്‍ ഓര്‍ഡറിലായിരുന്നു ധോണി ഇറങ്ങിയത്. എന്നാല്‍ റണ്ണൗട്ടായി മടങ്ങാനായിരുന്നു അദ്ദേഹത്തിന്റെ വിധി. തപഷ് ബൈസ്യ, ഖാലിദ് മഷൂദ് എന്നിവര്‍ ചേര്‍ന്ന് അക്കൗണ്ട് തുറക്കും മുമ്പ് ധോണിയെ റണ്ണൗട്ടക്കാട്ടി. എങ്കിലും ഇന്ത്യയെ ഇതു ബാധിച്ചില്ല. മല്‍സരത്തില്‍ ഇന്ത്യ ജയം നേടിയിരുന്നു.

സുരേഷ് റെയ്‌ന
മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയാണ് അരങ്ങേറ്റത്തില്‍ പൂജ്യനായ മറ്റൊരു സൂപ്പര്‍ താരം. ദാംബുല്ലയില്‍ ശ്രീലങ്കയ്‌ക്കെതിരേയാണ് റെയ്‌ന കന്നി മല്‍സരം കളിച്ചത്. സ്പിന്‍ മാന്ത്രികന്‍ മുത്തയ്യ മുരളീധരന്‍ അന്നു റെയ്‌നയെ റണ്ണെടുക്കും മുമ്പ് വിക്കറ്റിനു മുന്നില്‍ കുരുക്കുകയും ചെയ്തു. മല്‍സരത്തില്‍ ഇന്ത്യ മൂന്നു വിക്കറ്റിനു പരാജയപ്പെട്ടിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications