മുംബൈ: 2011ലെ ഏകദിന ലോകകപ്പിന് ശേഷം വീണ്ടുമൊരു ലോകകപ്പ് ഇന്ത്യയിലേക്കെത്തുകയാണ്. 12 വര്‍ഷത്തെ ഇടവേളക്കിടെ വലിയ മാറ്റങ്ങള്‍ എല്ലാ ടീമുകളിലും സംഭവിച്ചിട്ടുണ്ട്. 2011ലെ ലോകകപ്പ് കളിച്ചവരില്‍ ഇപ്പോഴും തുടര്‍ന്ന് കളിക്കുന്നവര്‍ ചുരുക്കമാണ്. ഇത്തവണ കന്നി ലോകകപ്പ് കളിക്കാന്‍ കാത്തിരിക്കുന്ന താരങ്ങളുമേറെയാണ്. 2011ല്‍ ഇന്ത്യ വേദിയായ ലോകകപ്പില്‍ കളിക്കുകയും 2023ല്‍ വീണ്ടും ഇന്ത്യയിലേക്ക് ലോകകപ്പെത്തുമ്പോള്‍ സൂപ്പര്‍ പരിശീലകരായി മാറുകയും ചെയ്ത ചിലരുണ്ട്.
ഇത്തരത്തിലുള്ള അഞ്ച് പേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം ബ്രണ്ടന്‍ മക്കെല്ലമാണ്. 2011ലെ ഏകദിന ലോകകപ്പില്‍ ന്യൂസീലന്‍ഡ് ടീമിനൊപ്പം മക്കെല്ലവുമുണ്ടായിരുന്നു. വെടിക്കെട്ട് ബാറ്റ്‌സ്മാനായ മക്കെല്ലം വിക്കറ്റ് കീപ്പറെന്ന നിലയിലും തിളങ്ങിയിരുന്നു. ന്യൂസീലന്‍ഡിനായി 101 ടെസ്റ്റില്‍ നിന്ന് 6453 റണ്‍സ്, 260 ഏകദിനത്തില്‍ നിന്ന് 6083 റണ്‍സ്, 71 ടി20യില്‍ നിന്ന് 2140 റണ്‍സ് എന്നിങ്ങനെയാണ് മക്കെല്ലത്തിന്റെ സമ്പാദ്യം.

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പരിശീലകനായി മക്കെല്ലം ചുമതലയേറ്റു. ഇപ്പോള്‍ ഇംഗ്ലണ്ട് ടീമിനൊപ്പം അദ്ദേഹം കസറുകയാണ്. ബാസ് ബോള്‍ ശൈലി കൊണ്ടുവന്ന് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുന്ന പരിശീലകനായി മക്കെല്ലം മാറിയിട്ടുണ്ട്. ആധുനിക ക്രിക്കറ്റിലെ മികച്ച അഞ്ച് പരിശീലകരിലൊരാളായി മാറാന്‍ മക്കെല്ലത്തിന് ചുരുങ്ങിയ കാലംകൊണ്ട് സാധിച്ചു.
രണ്ടാമത്തെയാള്‍ ആശിഷ് നെഹ്‌റയാണ്. ഇന്ത്യയുടെ ഇടം കൈയന്‍ പേസറായിരുന്ന നെഹ്‌റ 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. ടൂര്‍ണമെന്റിനിടെ പരിക്കേറ്റതിനാല്‍ എല്ലാ മത്സരങ്ങളും കളിക്കാന്‍ അദ്ദേഹത്തിനായിരുന്നില്ല. എന്നാല്‍ ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായകമാവുന്ന ചില പ്രകടനങ്ങള്‍ നടത്താന്‍ നെഹ്‌റക്കായി. വിരമിച്ച ശേഷം പെട്ടെന്ന് തന്നെ പരിശീലക റോളിലേക്കെത്തിയ നെഹ്‌റ ഇപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് പരിശീലകനാണ്.
ഗുജറാത്തിനെ അരങ്ങേറ്റ സീസണില്‍ത്തന്നെ ഐപിഎല്‍ കിരീടത്തിലേക്കെത്തിക്കാന്‍ നെഹ്‌റക്കായി. അവസാന സീസണില്‍ ഗുജറാത്തിനെ ഫൈനല്‍ കളിപ്പിക്കാനും നെഹ്‌റക്ക് സാധിച്ചു. ഇന്ത്യയില്‍ എല്ലാവരും ബഹുമാനിക്കുന്ന പരിശീലകരില്‍ ഒരാളായി വളരാന്‍ നെഹ്‌റക്ക് സാധിച്ചിട്ടുണ്ട്. ഭാവിയില്‍ ഇന്ത്യയുടെ പരിശീലക റോളിലും എത്താന്‍ സാധ്യതയുള്ള താരമാണ് നെഹ്‌റ.
മൈക്ക് ഹസ്സിയാണ് മറ്റൊരാള്‍. ഓസ്‌ട്രേലിയന്‍ താരമായിരുന്ന മൈക്ക് ഹസ്സി തന്റെ ബാറ്റിങ് ശൈലികൊണ്ട് വളരെ വേഗം ആരാധക മനസില്‍ ഇടം നേടിയെടുത്തു. ക്ലാസിക് ശൈലികൊണ്ട് മൂന്നുഫോര്‍മാറ്റിലും കസറിയ മൈക്ക് ഹസ്സിയെ 'മിസ്റ്റര്‍ ക്രിക്കറ്റ്' എന്ന വിശേഷണം നല്‍കിയാണ് ക്രിക്കറ്റ് ലോകം ആദരിച്ചത്. ടി20 ഫോര്‍മാറ്റിലും കസറാന്‍ അദ്ദേഹത്തിനായിരുന്നു. ഐപിഎല്ലിലും ഗംഭീര കരിയര്‍ അദ്ദേഹത്തിന് അവകാശപ്പെടാം. 2011ലെ ലോകകപ്പില്‍ ഓസീസ് ടീമിനൊപ്പം ഹസ്സിയുമുണ്ടായിരുന്നു.
ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബാറ്റിങ് പരിശീലകനാണ് ഹസ്സി. അവസാന സീസണില്‍ സിഎസ്‌കെയായിരുന്നു ഐപിഎല്ലിലെ ചാമ്പ്യന്മാര്‍. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അവസാന ലോകകപ്പായിരുന്നു 2011ലേത്. ഇന്ത്യ കപ്പുയര്‍ത്തിയത് സച്ചിനുവേണ്ടിയായിരുന്നുവെന്ന് പറയാം. ആറ് ലോകകപ്പ് കളിച്ച സച്ചിന് 2011ലാണ് കിരീടത്തില്‍ മുത്തമിടാന്‍ ഭാഗ്യമുണ്ടായത്. വിരമിച്ച ശേഷം സച്ചിന്‍ മുംബൈ ഇന്ത്യന്‍സിന്റെ മെന്ററായി പ്രവര്‍ത്തിക്കുന്നു. ഇപ്പോഴും ഈ റോളില്‍ സച്ചിന്‍ മുംബൈക്കൊപ്പമുണ്ട്.
ഗൗതം ഗംഭീറാണ് അഞ്ചാമന്‍. 2011ലെ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യയുടെ അലമാരയിലെത്തിക്കുന്നതില്‍ ഏറ്റവും നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് ഗംഭീര്‍. 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യ കപ്പുയര്‍ത്തിയപ്പോഴും ഗംഭീര്‍ തിളങ്ങിയിരുന്നു. ഈ രണ്ട് ലോകകപ്പിന്റെയും ഫൈനലില്‍ അര്‍ധ സെഞ്ച്വറി പ്രകടനം നടത്താന്‍ ഗംഭീറിനായി. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനായി രണ്ടുതവണ കിരീടം നേടിക്കൊടുക്കാനും ഗംഭീറിനായി.
ഇപ്പോള്‍ ഐപിഎല്‍ ടീമായ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ മെന്ററാണ് ഗംഭീര്‍. ഭാവിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തും ഗംഭീറിനെ പ്രതീക്ഷിക്കാം. വളരെ മികച്ച ക്രിക്കറ്റ് ബുദ്ധിയുള്ള താരങ്ങളിലൊരാളാണ് ഗൗതം ഗംഭീര്‍.