വാക്ക് പാലിച്ചില്ല, ഗാംഗുലിയുടെ കരിയര്‍ അവസാനിപ്പിക്കുമെന്ന് സച്ചിന്റെ ഭീഷണി!! സംഭവം 1997ല്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു ഏറെ പ്രിയപ്പെട്ട ബാറ്റിങ് ജോടികളായിരുന്നു മുന്‍ ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും. ഒരു കാലത്ത് ഇന്ത്യയുടെ ഏറ്റവും വിശ്വസ്തരായ ഓപ്പണിങ് സഖ്യം കൂടിയായിരുന്നു ഇവര്‍. 176 ഇന്നിങ്‌സുകള്‍ ഒരുമിച്ച കളിച്ച സച്ചിനും ഗാംഗുലിയും ചേര്‍ന്ന് നേടിയത് 8227 റണ്‍സാണ്. 47.75 എന്ന മികച്ച ശരാശരിയില്‍ 26 സെഞ്ച്വറി കൂട്ടുകെട്ടുകളും ഇവര്‍ പടുത്തുയര്‍ത്തിയിരുന്നു.
എന്നാല്‍ ഒരിക്കല്‍ ഗാംഗുലിയോട് സച്ചിന്‍ വളരെ ക്ഷുഭിതനാവുകയും കരിയര്‍ തന്നെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തതായി മാധ്യമപ്രവര്‍ത്തകന്‍ വിക്രാന്ത് ഗുപ്തയുടെ വെളിപ്പെടുത്തല്‍. സച്ചിന്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നപ്പോഴായിരുന്നു നാടകീയ സംഭവം നടന്നത്.

1997 മാര്‍ച്ചിലായിരുന്നു സംഭവം നടന്നത്. ബാര്‍ബഡോസില്‍ നടന്ന ടെസ്റ്റ് മല്‍സരത്തില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനോട് ഞെട്ടിക്കുന്ന തോല്‍വിയേറ്റു വാങ്ങിയിരുന്നു. സച്ചിന്‍ നയിച്ച ഇന്ത്യക്കു രണ്ടാമിന്നിങ്‌സില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് വെറും 120 റണ്‍സായിരുന്നു. എന്നാല്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യ കേവലം 81 റണ്‍സിന് പുറത്തായി. ഇന്ത്യക്കു നേരിട്ട 38 റണ്‍സിന്റെ തോല്‍വി ക്യാപ്റ്റന്‍ സച്ചിനെ ശരിക്കും ക്ഷുഭിതനാക്കിയിരുന്നു. ടീമിന്റെ ബാറ്റിങ് പ്രകടനം അദ്ദേഹത്തെ ഏറെ നിരാശനാക്കുകയും ചെയ്തു.
ടീമിന്റെ ഞെട്ടിക്കുന്ന തോല്‍വിയില്‍ നിരാശനായ സച്ചിനെ ഗാംഗുലി ആശ്വസിപ്പിക്കുകയും പ്രചോദിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ അടുത്ത ദിവസം രാവിലെ തനിക്കൊപ്പം ഓടാന്‍ വരാന്‍ സച്ചിന്‍ ഗാംഗുലിയോട് ആവശ്യപ്പെടുകയായിരുന്നു. പക്ഷെ ദാദ വാക്കു പാലിച്ചില്ല. ഇത് സച്ചിനെ പ്രകോപിതനാക്കുകയായിരുന്നുവെന്ന് വിക്രാന്ത് ഗുപ്ത പറയുന്നു.

വളരെ കര്‍ശനക്കാരനായ ക്യാപ്റ്റനായിരുന്നു സച്ചിന്‍. ഡ്രസിങ് റൂമില്‍ വച്ച് ടീമംഗങ്ങള്‍ക്കു കാര്യങ്ങള്‍ എല്ലായ്‌പ്പോഴും മനസ്സിലാക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യക്കു തോല്‍വി നേരിട്ടതോടെ തന്റെ ക്യാപ്റ്റന്‍സി കഴിവിനെക്കുറിച്ച് സച്ചിന്‍ സംശയിക്കാന്‍ തുടങ്ങുകയും ചെയ്തു.
ഗാംഗുലി അന്നു ടീമില്‍ പുതിയ ആളായിരുന്നു. ബാര്‍ബഡോസിലെ രണ്ടാം ടെസ്റ്റിലെ തോല്‍വിയെ തുടര്‍ന്നു നിരാശനായിരുന്ന സച്ചിനെ ആശ്വസിപ്പിക്കാനെത്തിയ ഗാംഗുലിയോട് തൊട്ടടുത്ത ദിവസം രാവിലെ തന്നോടൊപ്പം ഓടാന്‍ വരണമെന്ന് സച്ചിന്‍ ആവശ്യപ്പെട്ടു. പക്ഷെ അടുത്ത ദിവസം ഗാംഗുലിയെത്തിയില്ല. ഇതോടെ കുപിതനായ സച്ചിന്‍ ഗാംഗുലിയെ ഉടന്‍ നാട്ടിലേക്കു തിരിച്ചയക്കുമെന്നും കരിയര്‍ തന്നെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയതായും വിക്രാന്ത് ഗുപ്ത വെളിപ്പെടുത്തി.
ബാര്‍ബഡോസ് ടെസ്റ്റില്‍ ഒന്നാമിന്നിങ്‌സില്‍ 21 റണ്‍സിന്റെ നേരിയ ലീഡ് ഇന്ത്യക്കുണ്ടായിരുന്നു. എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ കേട്‌ലി ആംബ്രോസ്, ഇയാന്‍ ബിഷപ്പ്, ഫ്രാങ്ക്‌ലിന്‍ റോസ് എന്നിവരുള്‍പ്പെട്ട പേസ് ത്രയം ഇന്ത്യയെ പിച്ചിച്ചീന്തുകയായിരുന്നു.

ബാറ്റ്‌സ്മാനെന്ന നിലയില്‍ റെക്കോര്‍ഡുകളുടെ വന്‍മല തീര്‍ക്കാന്‍ സച്ചിനായിരുന്നെങ്കിലും ക്യാപ്റ്റന്‍സിയില്‍ അദ്ദേഹത്തിന് ഈ മാജിക്ക് ആവര്‍ത്തിക്കാനായില്ല. ടെസ്റ്റില്‍ 25 മല്‍സരങ്ങളില്‍ ടീമിനെ നയിച്ച സച്ചിന് വെറും നാലെണ്ണത്തില്‍ മാത്രമേ ജയം നേടിത്തരാനായുള്ളൂ. ഒമ്പത് ടെസ്റ്റുകളില്‍ ഇന്ത്യക്കു പരാജയം നേരിട്ടു. ഏകദിനത്തില്‍ 73 മല്‍സരങ്ങളില്‍ ക്യാപ്റ്റനായ സച്ചിന് ജയിക്കാനായത് 23 എണ്ണത്തില്‍ മാത്രമാണ്.
എന്നാല്‍ ഒരിക്കല്‍ സച്ചിന്‍ കരിയര്‍ അവസാനിപ്പിക്കുമെന്ന്് ഭീഷണിപ്പെടുത്തിയ ഗാംഗുലി പിന്നീട് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനായി മാറിയത് ലോകം കണ്ടു. കളിക്കളത്തില്‍ മാത്രമല്ല ഭരണരംഗത്തും മികവ് പുലര്‍ത്തിയ ദാദ ഇപ്പോള്‍ ബിസിസിഐയുടെ പ്രസിഡന്റ് കൂടിയാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖച്ഛായ തന്നെ മാറ്റിയ ക്യാപ്റ്റനെന്നാണ് ഗാംഗുലി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications